Thursday, 2 May 2013

മാലാഖ യന്ത്രം
അച്‌ഛന്‍ പറയുന്നതു തീര്‍ത്തും കളവാണ്‌ എന്നു രേഷ്‌മ പറഞ്ഞപ്പോള്‍ അയാള്‍ക്കും തോന്നിത്തുടങ്ങിയിരുന്നു താന്‍ അല്‍പ്പം വഴിവിട്ടുകഴിഞ്ഞിരുന്നെന്ന്‌. .
. ലൈ ഡിറ്റക്‌ടറിന്റെ അലറിക്കരച്ചില്‍ അയാളുടെ കാതുകളിലും മുഴങ്ങിയിരുന്നു. 


` എന്നിട്ടു പറ, അച്‌ഛനെിടെയായിരുന്നു ഇതുവരെ?. ഇനിയും കള്ളം പറയാന്‍ നോക്കേണ്ട. അതു ഡിറ്റക്‌ടര്‍ കണ്ടുപിടിക്കുമേ'.
അയാള്‍ വേഷമൊക്കെ മാറി പുതിയ കൈലിയും ഷര്‍ട്ടുമെടുത്തിട്ടു വാഷ്‌ ബേസിനില്‍ മുഖം കഴുകി ടര്‍ക്കി ടവ്വല്‍ കൊണ്ട്‌ അമര്‍ത്തിത്തുടക്കുകയായിരുന്നു അപ്പോള്‍. മകള്‍ ആവശ്യത്തിലേറെ വളര്‍ന്നുകഴിഞ്ഞിരുന്നെന്ന്‌ അയാള്‍ അറിഞ്ഞു. അവളുടെ സ്വഭാവത്തിനു മാത്രം മാറ്റമൊന്നും വന്നിട്ടില്ലെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. പണ്ടും, പ്രോമിസ്‌ ചെയ്‌തതുപോലെ വൈകുന്നേരം വീട്ടില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതു പോലെ അവളുടെ ചോദ്യം ഉയരുമായിരുന്നു. പക്ഷെ, അതിന്‌ ഒരു കൊഞ്ചലിന്റെ സ്വരമായിരുന്നെന്ന്‌ അയാള്‍ ഓര്‍ത്തു. ഇന്നു ചോദ്യം ചെയ്യുന്നതു പോലീസുകാര്‍ കുറ്റവാളികളെ എന്ന പോലെയാണ്‌. വല്ലാത്ത ഒരു തിടുക്കം അവളുടെ സ്വരത്തിനു വന്നു കഴിഞ്ഞിരുന്നു. വൈകീട്ട്‌ നേരത്തേ വീട്ടിലെത്തി അവളെയും അനുജന്‍ അഭിജിത്തിനെയും കൊണ്ടു സിഡി ഷോപ്പില്‍ കൊണ്ടുപോകാമെന്ന്‌ അയാള്‍ രാവിലെ ഓഫിസിലേക്കു പുറപ്പെടുന്നതിനു മുമ്പ്‌ സമ്മതിച്ചിരുന്നതാണ്‌. പക്ഷെ, പല കാരണങ്ങള്‍ കൊണ്ടും അതു നടക്കാതെ പോയി. എന്നുവച്ച്‌, പോലീസുകാരെപ്പോലെ തന്നെ ചോദ്യം ചെയ്യേണ്ടതുണ്ടോ?.
` എന്നിട്ട്‌ അച്‌ഛന്‍ പറയുന്നുണ്ടോ, ഇല്ലയോ?', അവളുടെ സ്വരത്തില്‍ ചെറിയൊരു ഭീഷണിയുടെ സ്വരമുണ്ടായിരുന്നോ എന്നാണയാള്‍ സംശയിച്ചു പോയത്‌.
` അച്‌ഛന്‍ പറഞ്ഞല്ലോ'.
` അതു കളവാണെന്നു ലൈ ഡിറ്റക്‌ടര്‍ പറഞ്ഞുംകഴിഞ്ഞല്ലോ. അച്‌ഛന്‍ വെറുതേ ഉരുളാന്‍ നോക്കല്ലേ'.
` ആ യന്ത്രത്തിനു കേടു വല്ലതും പറ്റിയിരിക്കും'.
` ഒരു കേടും പറ്റിയിട്ടില്ല. പത്തുവര്‍ഷത്തെ വാറണ്ടിയുണ്ടെന്ന്‌ അന്നേ റപ്രസെന്ററ്റീവ്‌ അങ്കിള്‍ പറഞ്ഞിരുന്നല്ലോ'.
` അപ്പോള്‍ ലൈ ഡിറ്റക്‌ടര്‍ ശബ്‌ദം വച്ചിരുന്നോ. അപ്പോള്‍ അതയാള്‍ ഓഫ്‌ ചെയ്‌തിട്ടിരിക്കും. അയാളാരാ മോന്‍?'.
` അച്‌ഛന്‍ ഉരുളാന്‍ നോക്കല്ലേ. സത്യം പറഞ്ഞേ തീരൂ. വൈകീട്ട്‌ അഞ്ചര മണിക്കു വരാമെന്നല്ലേ രാവിലെ പറഞ്ഞിരുന്നത്‌?'.
` അതേ അച്‌ഛന്‍ പറഞ്ഞല്ലോ. ഓഫിസില്‍ നിന്നിറങ്ങാന്‍ നേരം ബനഡിക്‌ട്‌ അങ്കിള്‍ വന്നു പറഞ്ഞു, ലോപ്പസ്സേ, അത്യാവശ്യമായിട്ട്‌ ഒരു സ്‌ഥലം വരെ പോണം, പിന്നെ യൂണിയന്റെ മീറ്റിങ്ങുമുണ്ട്‌. അവിടേം തല കാണിക്കണം. സമരമൊക്കെ വരികയാ. ചെന്നില്ലെങ്കില്‍ കരിങ്കാലിയാണെന്നു നേരത്തേ അവര്‍ പറഞ്ഞുനടക്കും. യൂണിയനില്ലെങ്കില്‍ പിന്നെ ജോലി ചെയ്യാമ്പറ്റില്യാന്ന്‌ അറിയില്ലേ, എന്ന്‌ '.
` ശരി, അതുവരെ സത്യമാ. ലൈ ഡിറ്റക്‌ടര്‍ ശബ്‌ദിച്ചില്ലല്ലോ. അപ്പോള്‍ രേഷ്‌മ മോള്‌ വീട്ടില്‌ കാത്തിരിക്കുന്നെന്നു പറഞ്ഞില്ലേ, അങ്കിളിനോട്‌?'.
` പിന്നെ, പറയാതെ. പക്ഷെ, അങ്കിള്‌ പിടിച്ച പിടിയാലേ കൊണ്ടുപോവുകയായിരുന്നു'.
` എന്നിട്ട്‌, ശരിക്കും എവിടെയാ പോയത്‌?'.
` അതൊന്നും കുട്ടികള്‍ അറിയേണ്ട കാര്യമില്ല'.
` ഞാനിപ്പം വലിയ കുട്ടിയായിക്കഴിഞ്ഞല്ലോ. എനിക്കറിഞ്ഞേ തീരൂ. അച്‌ഛന്‍ കളവെന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാമെന്നു കരുതേണ്ട. ലൈ ഡിറ്റക്‌ടര്‍ കൈയോടെ പിടിക്കുമേ, പറഞ്ഞേക്കാം'.
ശരിക്കും എവിടെയാണു പോയത്‌?. അതെല്ലാം മകളോടു പറയേണ്ടതുണ്ടോ?. പറയാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ്‌ അയാള്‍ ചിന്തിച്ചുപോയത്‌. നശിച്ച ലൈ ഡിറ്റക്‌ടര്‍ ഇല്ലായിരുന്നെങ്കില്‍ എന്തെങ്കിലും നിര്‍ദോഷമായ കളവു പറഞ്ഞു രക്ഷപ്പെടാമായിരുന്നു. സുഭദ്രമായ കുടുംബ ജീവിതത്തിനു ചില്ലറ കളവുകളൊക്കെ പറയുന്നതു കൊണ്ട്‌ ഒരു തെറ്റുമില്ലെന്ന പക്ഷക്കാരനായിരുന്നു അയാള്‍. മാത്രമല്ല, ചില്ലറ കളവുകളും ചെറിയ ചെറിയ അപഭ്രംശങ്ങളുമില്ലാത്ത ആരുണ്ടാവും ഈ ലോകത്തില്‍. എന്നാല്‍ ഈ യന്ത്രം വന്നതോടെ ജീവിതത്തിലെ ആ ഫ്ലെക്‌സിബിലിറ്റിയാണു നഷ്‌ടമായിരിക്കുന്നത്‌.
` അച്‌ഛന്‍ പറയുന്നുണ്ടോ ഇല്ലയോ?', മകളുടെ ഭീഷണി ആവര്‍ത്തിക്കുകയാണ്‌. അയാള്‍ ലൈ ഡിറ്റക്‌ടറിനെ നോക്കി. പ്രായമായ മകള്‍ അറിയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്‌ അയാള്‍ക്കു പറയാനുള്ളത്‌. എന്നാല്‍ അതു പറയാന്‍ പറ്റാത്ത സ്‌ഥിതിക്ക്‌ ചെറിയൊരു കളവാണു പറയാന്‍ പോകുന്നത്‌. വെറുതേ കളവെന്നു വിളിച്ചുകൂവി കുടുംബത്തിന്റെ സമാധാനം കളയരുത്‌. എന്നാല്‍ ഒരു യന്ത്രത്തിനുണ്ടോ സാഹചര്യങ്ങള്‍ക്കനുസരിച്ചു വിട്ടുവീഴ്‌ച ചെയ്യാന്‍ കഴിയുന്നു. അതു നേരത്തേ പ്രോഗ്രാം ചെയ്‌തുവച്ചതു പോലെ തികച്ചും യാന്ത്രികമായി അതിന്റെ ധര്‍മം നിര്‍വഹിക്കുന്നു. അതുകൊണ്ടാണല്ലോ അതിനെ ഒരു യന്ത്രമെന്നു വിളിക്കുന്നത്‌. ഇനിയും മകളുടെ ക്ഷമ പരീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട്‌ യന്ത്രമേ പ്ലീസ്‌, ദയവായി സഹകരിക്കുക.
` അതുതന്നെയാണ്‌ അച്‌ഛന്‍ പറഞ്ഞത്‌. ബനഡിക്‌ട്‌ അങ്കിള്‍ വന്നുവെന്നു പറഞ്ഞല്ലോ. യൂണിയന്‍ മീറ്റിങ്‌ തുടങ്ങാന്‍ അധികം സമയമില്ല. അങ്ങനെ യൂണിയന്‍ ഓഫിസിലേക്ക്‌ അങ്കിളും അച്‌ഛനും കൂടി പോയി. അവിടെയെത്തിയപ്പോള്‍ സംഘടനയുടെ സംസ്‌ഥാന നേതാവ്‌ പങ്കെടുക്കുന്നുണ്ടെന്നും അയാള്‍ വരാന്‍ ഒരു മണിക്കൂര്‍ വരെ താമസമുണ്ടെന്നും അയാളെത്തിയിട്ടേ മീറ്റിങ്‌ തുടങ്ങൂവെന്നും സഖാവ്‌ ചന്ദ്രന്‍ അങ്കിള്‌ പറഞ്ഞു'.
` ഉവ്വ്‌, അതുവരെ ശരി, എന്നിട്ട്‌?'.
` നീയെന്താ പോലീസുകാരെ പോലെ. എന്നിട്ട്‌ അങ്ങനെ മീറ്റിങ്‌ കഴിഞ്ഞപ്പോള്‍ മണി എട്ടരയായി, അത്ര തന്നെ'.
അപ്പോള്‍ അയാളെ പരിഹസിച്ചു കൊണ്ട്‌ ലൈ ഡിറ്റക്‌ടര്‍ അലറിവിളിച്ചു. മകള്‍ക്കും അതൊരു തുമ്പായി.
` എന്നെപ്പറ്റിക്കും പോലെ അച്‌ഛന്‍ ഡിറ്റക്‌ടറിനെ പറ്റിക്കാന്‍ നോക്കേണ്ട. ശരിക്കും നടന്നതു ശരിയായി പറഞ്ഞോ'.
` നീയെനിക്ക്‌ ഒരു കപ്പു കാപ്പിയിട്ടോണ്ടു വാ. അമ്മയെത്തിയില്ലേ ഇതുവരെ. ഇവള്‍ക്ക്‌ ഓഫിസിലെന്താ ഇത്രയ്‌ക്കു മല മറിക്കുന്ന ജോലി?'.
` കാപ്പിയൊക്കെ ഇട്ടോണ്ടു വന്നു തരാം. അതു കഴിഞ്ഞു കിളി കിളി പോലെ പറഞ്ഞേക്കണം, വൈകീട്ട്‌ എന്തായിരുന്നു ചുറ്റിക്കളിയെന്ന്‌'.
അവള്‍ അടുക്കളയിലേക്കു പോയപ്പോള്‍ ലോപ്പസിന്‌ നേരിയ ആശ്വാസം തോന്നി. ലൈ ഡിറ്റക്‌ടറിനെ സ്വാധീനിക്കാന്‍ എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. കളവു പറയുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന വൈദ്യുതി ഇംപള്‍സിനെ റിമോട്ട്‌ കണ്‍ട്രോള്‍ വഴി സ്വീകരിച്ചാണു യന്ത്ര പ്രവര്‍ത്തിക്കുകയെന്ന്‌ അതിന്റെ റപ്രെസെന്ററ്റീവ്‌ പറഞ്ഞത്‌ അയാളോര്‍ത്തു. കളവു പറയുമ്പോള്‍ പരിഭ്രമമുണ്ടാകുമെന്നും അപ്പോഴത്തെ വൈദ്യുതി ഇംപള്‍സ്‌ സാധാരണ നിലയില്‍ നിന്നു വ്യത്യസ്‌തമാകുമെന്നും അതാണ്‌ കളവെന്ന സൈറണിലൂടെ പറയുന്നതെന്നും അയാള്‍ പറഞ്ഞത്‌ ഏതായാലും ശരിയായിരിക്കുമല്ലോ. പതുക്കെ കാപ്പി കുടിച്ച്‌ ഒട്ടും പരിഭ്രമവുമില്ലാതെ ഒരു കെട്ടുകഥ പറഞ്ഞുഫലിപ്പിക്കുകയേ മാര്‍ഗമുള്ളൂ എന്നാണു തോന്നുന്നത്‌. അല്ലാതെ വൈകീട്ട്‌ ബനഡിക്‌ടും താനും കൂടി ആന്‍സി ഫിലിപ്പോസിന്റെ ഫ�ാറ്റിലായിരുന്നുവെന്ന്‌ ആരോടെങ്കിലും പറയുന്നതെങ്ങനെ?. അതും പ്രായമായ മകളോട്‌. ഇളയ മകന്‍ അഭിജിത്ത്‌ ടിവിയില്‍ തന്റെ ഇഷ്‌ട കോമിക്‌ പരമ്പര കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വൈകീട്ട്‌ അച്‌ഛന്‍ നേരത്തേ വരാമെന്നു പറഞ്ഞു മുടങ്ങിയതില്‍ അവനു വലുതായ നീരസമുണ്ടെന്നൊന്നും തോന്നിയില്ല. അപ്പോഴേക്കും റീത്തയും ഓഫിസില്‍ നിന്നു വന്നെത്തി. അപ്പോള്‍ ഇനി ചോദ്യം ചെയ്യലിനു രണ്ടു പേരായി. നിനക്ക്‌ ഓഫിസില്‍ പിടിപ്പതു ജോലിയുണ്ടായിരുന്നോ എന്നയാള്‍ തിരക്കി. അതിനവള്‍ മറുപടി നല്‍കിയില്ല. ഒരു പക്ഷെ, ലൈ ഡിറ്റക്‌ടര്‍ കാരണമായിരിക്കുമോ അത്‌?. കാപ്പിയുമായി മകള്‍ അപ്പോഴേക്കും അടുക്കളയില്‍ നിന്നു പ്രത്യക്ഷപ്പെടുമെന്ന്‌ അയാള്‍ വിചാരിച്ചില്ല. അവളുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞു റീത്ത വന്നാല്‍ മതിയായിരുന്നു. ഇനിയിപ്പോള്‍ എന്തൊക്കെയാണു സംഭവിക്കാന്‍ പോകുന്നതെന്ന്‌ അയാള്‍ക്ക്‌ ഒരു പിടിയുമുണ്ടായിരുന്നില്ല. വരുന്നതു വരുന്നിടത്തു വച്ചു കാണാം എന്നു വിചാരിക്കുകയല്ലാതെ.
` കാപ്പി ഗംഭീരമായി, മോളേ?. നീയെവിടുന്നാ ഇത്രയും നന്നായി കാപ്പിയിടാന്‍ പഠിച്ചത്‌?. ഏതായാലും അമ്മയില്‍ നിന്നായിരിക്കില്ല'.
` അച്‌ഛാ. സോപ്പിട്ടു കുപ്പിയിലിറക്കാന്‍ നോക്കല്ലേ. കാപ്പി നന്നായി എന്നു പറഞ്ഞതുകൊണ്ടൊന്നും ഒരു രക്ഷയുമില്ല. യൂണിയന്‍ ഓഫിസ്‌ വരെയേ എത്തിയിട്ടുള്ളൂ കാര്യങ്ങള്‍, കേട്ടോ?'.
` നീയിപ്പഴും അതൊക്കെ ഓര്‍ത്തുകൊണ്ടിരിക്കുകയാണോ. ഞാനതൊക്കെ എപ്പഴേ മറന്നു'.
` ഓര്‍ത്തുകൊണ്ടിരിക്കണമല്ലോ'.
` നീയെന്താ ഇവിടത്തെ മോറല്‍ പോലീസോ?. നിനക്കു പഠിക്കാനൊന്നുമില്ലേ, ഇന്ന്‌. നിന്നെക്കണ്ടാ അവനും ഈ ടിവിയെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്‌'. അഭിജിത്ത്‌ കഴുത്തു ചെരിച്ചുനോക്കിയെങ്കിലും ഒന്നും പ്രതികരിച്ചില്ല. മൂന്നാം ക്ലാസിലാണെങ്കിലും അച്‌ഛനെ വിഷമത്തിലാക്കുന്ന ഒന്നും അവന്‍ ചെയ്യാറില്ല എന്നതു മാത്രമാണ്‌ ആശ്വാസം.
` അച്‌ഛന്‍ ഉരുളാന്‍ നോക്കണ്ടാന്ന്‌ ഞാന്‍ നേരത്തേ പറഞ്ഞു. ഞാന്‍ തന്നെയാണ്‌ ഇവിടെത്തെ പോലീസ്‌. രാവിലെയാകുമ്പോള്‍ ഓഫിസിലേക്കിറങ്ങുന്ന അച്‌ഛനും അമ്മയും രാത്രിയാകുമ്പോള്‍ കയറിവരുന്ന ഒരു വീട്ടില്‍ ആര്‍ക്കും പോലീസ്‌ കളിക്കാം. കളവു പറഞ്ഞാല്‍ പിടിക്കാന്‍ ലൈ ഡിറ്റക്‌ടറുമുണ്ട്‌, പറഞ്ഞേക്കാം'.
` പോയിരുന്നു വല്ലോം പഠിക്കാന്‍ നോക്കടീ. എന്‍ട്രന്‍സിനു കടന്നുകൂടാന്‍ നിന്റെ ഈ കുഞ്ഞുകളി കൊണ്ടൊന്നും പറ്റില്ല. നിന്നെ ഒരു ഡോക്‌ടറാക്കണമെന്നാ അച്‌ഛന്‌. അഭിജിത്ത്‌ ഒരു ഇലക്‌ട്രോണിക്‌സ്‌ എന്‍ജിനിയര്‍. അച്‌ഛന്റെ കണക്കുകൂട്ടലുകളെല്ലാം നീ തെറ്റിക്കും'.
` അച്‌ഛന്റെ കണക്കുകൂട്ടലുകളെല്ലാം ഞാന്‍ തെറ്റിക്കും. കാപ്പി കുടിച്ചുകഴിഞ്ഞെങ്കില്‍ ഇനി പറഞ്ഞുതുടങ്ങിക്കോ'.
` നീയത്‌ കളഞ്ഞില്ലേ, ഇതുവരെ?'.
` ഇല്ലല്ലോ'.
മകളുടെ ജിജ്‌ഞാസയും സംശയവും കുടഞ്ഞുകളയാന്‍ ആവില്ലെന്നു ലോപ്പസിനു മമനസിലായി. ഇനിയിപ്പോള്‍ ഏതായാലും രക്ഷയില്ല. കീഴടങ്ങാതെ. ലൈ ഡിറ്റക്‌ടറിനു കണ്ടുപിടിക്കാന്‍ പറ്റാത്ത രീതിയിലുള്ള ഒരു കെട്ടുകഥ അയാള്‍ മനസിലാലോചിച്ചു. ആവുന്നത്ര ആത്മവിശ്വാസം ആര്‍ജിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. പരിഭ്രമത്തെ കഴിയുന്നത്ര ഒതുക്കിവയ്‌ക്കാനും. യൂണിയന്‍ സമര സമ്മേളനങ്ങളില്‍ പ്രസംഗിക്കുന്ന സമയത്തെ ഒരു മാനസികാവസ്‌ഥ അയാള്‍ അതിനോടകം സംഭരിച്ചുകഴിഞ്ഞിരുന്നു. പറയുന്നതില്‍ പാതിയും പതിരാണെങ്കില്‍ തന്നെയും അണികളെ അതു പറഞ്ഞു ബോധ്യപ്പെടുത്തുമ്പോഴുള്ള ഒരു ആത്മവിശ്വാസം.
` അതു പിന്നെ, അച്‌ഛന്‍ പറഞ്ഞല്ലോ. സംസ്‌ഥാന നേതാവു വന്നപ്പോള്‍ മണി ആറര. ബനഡിക്‌ട്‌ അങ്കിളാണല്ലോ ഓഫിസ്‌ സെല്‍ സെക്രട്ടറി. ബനഡിക്‌ട്‌ അങ്കിള്‍ ഓഫിസിലെ സമര ഒരുക്കത്തെക്കുറിച്ചു പറഞ്ഞു. അപ്പോള്‍ സംസ്‌ഥാന നേതാവു പറഞ്ഞു. ഇനി ലോപ്പസ്‌ സഖാവു പറയട്ടെ എന്ന്‌. പിന്നെ അച്‌ഛന്‍ ഒരു കസര്‍ത്തായിരുന്നു. തൊഴിലാളി വര്‍ഗം ആത്യന്തികമായി അധികാരം കൊയ്യേണ്ട ആവശ്യകതയെക്കുറിച്ച്‌. ചിക്കാഗോ തെരുവീഥികളില്‍ ചോരയൊഴുക്കിയ ആയിരങ്ങള്‍. സോവിയറ്റ്‌ യൂണിയനിലും മറ്റുമുണ്ടായ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ അനുഷ്‌ഠാനങ്ങളില്‍ വന്ന പാളിച്ചകള്‍. തൊഴിലാളി വര്‍ഗം നീലക്കോളര്‍ ഇടത്തട്ടു വര്‍ഗമായി പരിണമിച്ചതിനെക്കുറിച്ച്‌. നീണ്ട കരഘോഷത്തിനു ശേഷം നോക്കുമ്പോഴുണ്ട്‌ ബനഡിക്‌ട്‌ അങ്കിള്‍ വായും പൊളിച്ചിരിക്കുന്നു. അപ്പോഴേക്കും മണിയെത്രായീന്നാ വിചാരം. എന്നിട്ട്‌ സഖാവ്‌ ഫിലിപ്പോസിന്റെ ഫ്ലാറ്റില്‍ നിന്നിറങ്ങുമ്പോള്‍ മണി എട്ടര. ഒറ്റ ശ്വാസത്തിലാണ്‌ അതയാള്‍ പറഞ്ഞുതീര്‍ത്തത്‌. ലൈ ഡിറ്റക്‌ടര്‍ ചതിച്ചില്ലെന്ന ഒറ്റ ആശ്വാസമായിരുന്നു അത്‌.
` എന്നിട്ടു മീറ്റിങ്‌ യൂണിയന്‍ ഓഫിസിലാണെന്നല്ലേ അച്‌ഛന്‍ നേരത്തേ പറഞ്ഞത്‌?'.
` ആയിരുന്നല്ലോ'.
` എന്നിട്ട്‌, ഫിലിപ്പോസ്‌ അങ്കിളിന്റെ ഫ്ലാറ്റില്‍ നിന്നിറങ്ങുമ്പോള്‍ മണി എട്ടര എന്നു പറഞ്ഞത്‌?'.
` സംസ്‌ഥാന നേതാവു വരുമ്പോ കുറച്ച്‌ ആര്‍ഭാടമൊക്കെ വേണ്ടേ മോളേ?'.
അപ്പോഴാണ്‌ ലൈ ഡിറ്റക്‌ടര്‍ അയാളെ കളിയാക്കിക്കൊണ്ട്‌ അലറിക്കരഞ്ഞത്‌.
` അച്‌ഛാ....'.
` എന്താടീ?'.
` അച്‌ഛന്‍ വീണ്ടും കളവു പറഞ്ഞു. ഡിറ്റക്‌ടറിനെ പറ്റിക്കാന്‍ നോക്കണ്ടാ...'.
` അതേ, മീറ്റിങ്‌ യൂണിയന്‍ ഓഫിസില്‍ തന്നെയായിരുന്നു'.
` പിന്നെയെന്തിനാ ഏതാണ്ടൊരു ഫ്ലാറ്റില്‍ പോയിരുന്നത്‌?'.
എന്തിനാണ്‌ ആന്‍സി ഫിലിപ്പോസിന്റെ ഫ്ലാറ്റില്‍ പോയതെന്ന്‌ പ്രായമായ ഒരു മകളോട്‌ ലോകത്തെ ഒരച്‌ഛനും പറയാന്‍ വയ്യ. പറയാന്‍ പാടുള്ളതുമല്ല. തലവേദനയാണെന്നും പറഞ്ഞു റീത്ത നേരെ ബെഡ്‌റൂമിലേക്കു പോയി കിടന്നത്‌ ഏതായാലും നന്നായി. അല്ലെങ്കില്‍ അവളുടെ മൂര്‍ച്ചയുള്ള നോട്ടത്തിനു മുന്നില്‍ നിന്നു പരുങ്ങിയേനെ. ലൈ ഡിറ്റക്‌ടര്‍ അതു ചാടിപ്പിടിച്ച്‌ വീണ്ടും വീണ്ടും അലറിക്കരഞ്ഞേനെ.
` അതുപിന്നെ മോളേ, ഫിലിപ്പോസ്‌ അങ്കിള്‍ എന്നു പറഞ്ഞ്‌ അച്‌ഛന്റെയും ബനഡിക്‌ടങ്കിളിന്റെയും ഒരു സഹപ്രവര്‍ത്തകനുണ്ട്‌. സംസ്‌ഥാന നേതാവു വന്നപ്പോള്‍ പിന്നെ അവിടെയും പോകണ്ടേ?. അത്രയേയുള്ളൂ'.
ലൈ ഡിറ്റക്‌ടര്‍ മിണ്ടാതെയിരുന്നതു കൊണ്ടു തല്‍ക്കാലം രക്ഷപ്പെട്ടുവെന്നു വിചാരിച്ചിരിക്കുകയായിരുന്നു അയാള്‍. ഇനിയും കൂടുതല്‍ ചോദ്യങ്ങള്‍ മകള്‍ ചോദിച്ചില്ലെങ്കില്‍ പരിഭ്രമിക്കാനൊന്നുമില്ല.
` എന്നിട്ട്‌ അങ്കിളിന്റെ കൂടെയാണോ മടങ്ങിയത്‌?'.
` പിന്നല്ലാതെ'. അവിടെ ലൈ ഡിറ്റക്‌ടര്‍ അയാളോടു പിണങ്ങി. അതു ശബ്‌ദിച്ചു.
` അപ്പോഴതു കള്ളം. ശരിക്കും പറ. അങ്കിളിനൊപ്പമാണോ മടങ്ങിയത്‌?'.
` അങ്കിള്‌ അല്‍പ്പം നേരത്തേ പോന്നു. രാഹുല്‌ വിളിച്ച്‌ എന്തോ സാധനം വാങ്ങണമെന്നു പറഞ്ഞുകാണും. ഇപ്പോള്‍ നിന്റെ സംശയമെല്ലാം തീര്‍ന്നുകാണും. ഇനി പോയി പഠിക്കാന്‍ നോക്ക്‌'. അവള്‍ മനസില്ലാ മനസോടെ പഠനമുറിയിലേക്കു പോയപ്പോള്‍ ലൈ ഡിറ്റക്‌ടര്‍ വാങ്ങിയ നിമിഷത്തെ അയാള്‍ ശപിച്ചു. രേഷ്‌മയ്‌ക്കു തന്നെയായിരുന്നു നിര്‍ബന്ധം. അച്‌ഛനും അമ്മയും തന്നില്‍ നിന്ന്‌ എന്തൊക്കെയോ മറച്ചുപിടിക്കുന്നു എന്ന്‌ അവള്‍ക്കു തോന്നിയതില്‍ അത്ഭുതമൊട്ടുമില്ല. പിന്നാലെ റീത്തയും ലൈ ഡിറ്റക്‌ടറിന്റെ നിര്‍ബന്ധക്കാരിയായി. അയാള്‍ എന്തൊക്കെയോ മറച്ചുപിടിക്കുന്നു, നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുന്നു എന്നിങ്ങനെയുള്ള സംശയങ്ങളാണ്‌ രേഷ്‌മയക്ക്‌ അനുകൂല വോട്ട്‌ നല്‍കാന്‍ അവളെ പ്രേരിപ്പിച്ചത്‌ എന്നു പറയപ്പെടുന്നു. അഭിജിത്തിനു യന്ത്രത്തോടു വലിയ പ്രതിപത്തിയുണ്ടായിരുന്നില്ല. സ്‌കൂളില്‍ പോകുന്നതില്‍ നിന്ന്‌ ഒഴിവാകാന്‍ തലയില്‍ വല്ലാത്ത വയറുവേദനയെടുക്കുന്നു, വയറ്റില്‍ എന്തൊക്കെയോ കൊളുത്തിപ്പിടിക്കുന്നു തുടങ്ങിയ ചെറിയ കളവുകള്‍ അവന്‍ പറയാറുണ്ടായിരുന്നു. അതിന്റെ കള്ളി വെളിച്ചത്താകുമോ എന്ന്‌ അഭിജിത്ത്‌ ഭയന്നു. എന്നാലും ഇക്കാര്യത്തില്‍ അവന്‌ വോട്ടവകാശമില്ലാത്തതിനാല്‍ 2-1 എന്ന ഭൂരിപക്ഷത്തില്‍ ലൈ ഡിറ്റക്‌ടര്‍ യന്ത്രംവാങ്ങാന്‍ അയാള്‍ക്കു വഴങ്ങേണ്ടിവന്നു. സുഭദ്രമായ കുടുംബജീവിതം ഉറപ്പാക്കാന്‍ ഒരു വീട്ടില്‍ ഒരു ഡിറ്റക്‌ടര്‍ എന്ന സര്‍ക്കാര്‍ പദ്ധതിക്കു കീഴില്‍ 25 ശതമാനം സബ്‌സിഡിയുണ്ടെന്നും റപ്രസെന്ററ്റീവ്‌ പറഞ്ഞതോടെ അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ എല്ലാ വീട്ടിലും കളവു കണ്ടുപിടിക്കല്‍ യന്ത്രം നിര്‍ബന്ധമാക്കുമെന്ന ധ്വനിയില്‍ ലോപ്പസ്‌ അതു വാങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. എന്നാല്‍ അതിങ്ങനെ വല്ലാത്ത കുരുക്കില്‍ പെടുത്തുമെന്ന്‌ അന്നു നേരിയ ഊഹം പോലുമുണ്ടായിരുന്നില്ല.
യന്ത്രത്തിന്റെ പരിധിയില്‍ നിന്നു കിടപ്പുമുറി ഒഴിവായതാണെങ്കിലും അതുകൊണ്ടു വലിയ പ്രയോജനമൊന്നും ലോപ്പസിനുണ്ടായിരുന്നില്ല. റീത്തയെ ഉമ്മ വയ്‌ക്കാനായുമ്പോള്‍ അവള്‍ അയാളുടെ ചോര മണത്തുനോക്കി. ആ ഒറ്റ ശ്വാസത്തില്‍ അയാളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌, ആര്‍എച്ച്‌ ഘടകം, ജനിതക ഘടന എന്നിവ നോക്കി അതയാള്‍ തന്നെയാണെന്ന്‌ ഉറപ്പു വരുത്തി. വീട്ടിലേക്കു കയറുമ്പോള്‍ വാതിലിന്റെ പിടിയില്‍ പിടിക്കുമ്പോള്‍, അതിലെ ഒരു രഹസ്യ സംവിധാനം അയാളുടെ വിരല്‍പ്പാടുകള്‍ പരിശോധിച്ച്‌ അയാള്‍ തന്നെയാണെന്ന്‌ ഉറപ്പുവരുത്തിയതിനു ശേഷമേ വാതില്‍ അതിന്റെ പൂട്ടുകള്‍ തുറന്നിരുന്നുള്ളൂ.
റീത്ത നേരേ ബെഡ്‌റൂമിലേക്കു പോയതെന്തിന്‌ എന്നു സംശയിക്കുകയായിരുന്നു ലോപ്പസ്‌. ഇനിയിപ്പോള്‍ തലവേദന അധികമായിക്കാണുമോ എന്തോ?. അന്വേഷിക്കാന്‍ ചെന്ന അയാളോട്‌ റീത്ത പറഞ്ഞു.
` രേഷ്‌മയില്‍ നിന്നെന്തെങ്കിലും ഒളിക്കാന്‍ ബുദ്ധിമുട്ടായി, അല്ലേ?'.
` അവള്‍ വലുതായി വരികയല്ലേ. ഒരു മോറല്‍ പോലീസിന്റെ മട്ടുമുണ്ടായിട്ടുണ്ട്‌. നിനക്കെന്തു പറ്റി?. നിനക്ക്‌ ഓഫിസിലെന്താ ഇത്രയും മല മറിക്കുന്ന പണി?'.
` വല്ലാത്ത തലവേദന തോന്നി. അതുകൊണ്ടാ നേരേ വന്നുകിടന്നത്‌. ഇപ്പോള്‍ ഭേദമുണ്ട്‌. എന്തെങ്കിലും കഴിച്ചു നേരത്തേ കിടന്നേക്കാം'.
രാത്രിഭക്ഷണം കഴിഞ്ഞു കിടക്കാന്‍ ഒരുങ്ങിയപ്പോള്‍ ലോപ്പസിനെ അത്ഭുതപ്പെടുത്തിയ സംഗതി തലവേദനയെന്നു പറഞ്ഞു കിടന്നിരുന്ന റീത്ത പോയി കുളിച്ചുവന്നതെന്തിനായിരുന്നു എന്നതാണ്‌. സാധാരണ അവള്‍ രാത്രി കുളി പതിവില്ല. ശരിക്കും അവളുടെ വിയര്‍പ്പിന്റെ ഗന്ധമാണു തന്നെ 
ഉന്മാദത്തിലേക്കുയര്‍ത്തിയിരുന്നതെന്ന്‌ അയാള്‍ക്കു തോന്നിയിരുന്നു. അതിലയാള്‍ പ്രത്യേക ലഹരി കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ പതിവിനു വിപരീതമായി അവള്‍ കുളിച്ചുവന്നതില്‍ അയാള്‍ നീരസം പ്രകടിപ്പിച്ചില്ല. അവളെ ഉമ്മ വയ്‌ക്കാനായുമ്പോള്‍ റീത്ത അയാളുടെ ചോര മണത്തു, അതയാള്‍ തന്നെയാണോ എന്ന സ്‌ഥിരം പരിശോധനയ്‌ക്ക്‌. ഒരു പോലുള്ള ഒമ്പതു പേരുണ്ടെന്നാണ്‌ കേട്ടിരിക്കുന്നത്‌. അയാളുടെ ജനിതക മാച്ചിങ്ങില്‍ അവള്‍ അരുതാത്തതെന്തോ മണത്തു.

` ഇന്നു നിങ്ങള്‍ എവിടെയാ പോയത്‌?'.
` ഒരു ചോദ്യം ചെയ്യല്‍ കഴിഞ്ഞേയുള്ളൂ. ഇനി നിന്റെ വകയായോ?'.
` ഇന്നും അവളുടെ അടുത്തുപോയി?'.
` ആരുടെയടുത്തെന്നാ നീ പറയുന്നത്‌?'.
` ആ മോളിയുടെ. പിന്നല്ലാതെ ആരുടെയടുത്ത്‌. ഓരോ അവളുമാരുടെ അടുത്തു പോയിവന്നിട്ട്‌ എന്റൊപ്പം വന്നുകിടക്കണ്ടാ.. ഞാനാദ്യമേ പറഞ്ഞിട്ടുണ്ടല്ലോ, എനിക്കതിഷ്‌ടമല്ല എന്ന്‌ '.
` നീ വെറുതേ ഓരോന്ന്‌ ആലോചിച്ചു കൂട്ടുകയാണ്‌'.
` ലൈ ഡിറ്റക്‌ടറിന്റെ മുന്നില്‍ ചെന്നു നിന്നു സത്യം ചെയ്യാന്‍ ഒരുക്കമാണോ നിങ്ങള്‍. എന്നാല്‍ ഞാന്‍ വിശ്വസിക്കാം. നിങ്ങളുടെ ശ്വാസത്തില്‍ നിന്ന്‌ ഒരു അപരിചിത ഗന്ധം ഞാന്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും. അതിന്റെ ലക്ഷണങ്ങള്‍ നിങ്ങളുടെ ചോരയിലുണ്ടെങ്കിലും'.
` അതൊക്കെ എവിടെ വേണമെങ്കിലും സത്യം ചെയ്യാം. എന്നാലും ഇപ്പോള്‍ വേണോ. പിള്ളാര്‌ ഉറങ്ങിയിട്ടുണ്ടാവില്ല'.
` ഇപ്പോള്‍ വേണം. ആദ്യം യന്ത്രം ഇങ്ങോട്ട്‌ എടുത്തുകൊണ്ടുവാാ. കിടപ്പുമുറിയില്‍ നിങ്ങള്‍ കള്ളം പറയില്ലെന്ന വിശ്വാസവും ഇല്ലാതായി'.
അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നാണ്‌ അയാള്‍ക്കു തോന്നിയത്‌. കിടപ്പുമുറി യന്ത്രത്തിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നതാണ്‌. അല്‍പ്പമെങ്കിലും കളവുകള്‍ ബാക്കിവച്ചിരുന്നതു കിടപ്പുമുറിയിലായിരുന്നു. റീത്തയുടെ ശരീരത്തിന്റെ നിമ്‌നോന്നതങ്ങളില്‍ ഊളിയിടുമ്പോഴും താന്‍ ആന്‍സിയുടെ കരവലയത്തിലാണെന്നു വിചാരിക്കാനായിരുന്നു താല്‍പ്പര്യം. ലൈ ഡിറ്റക്‌ടര്‍ മുറിയിലെത്തിയപ്പോള്‍, റീത്ത മറ്റൊരു മോറല്‍ പോലീസാവുകയായിരുന്നു. മോളിയുടെ വീട്ടില്‍ പോയിട്ടേയില്ലെന്ന്‌ ആണയിട്ടപ്പോള്‍ ലൈ ഡിറ്റക്‌ടര്‍ ഒന്നും അറിയാത്തതുപോലെ ഇരുന്നു. പിന്നെ ആരുടെ വീട്ടിലാ പോയത്‌, ശ്വാസത്തില്‍ ഏതൊരുവളുടെ മണമാണുള്ളത്‌ തുടങ്ങിയ ചോദ്യങ്ങളെ അതൊന്നും അന്വേഷണത്തിന്റെ പരിധിക്കുള്ളില്‍ വരുന്നില്ലെന്നു പറഞ്ഞു രക്ഷപ്പെടാനാണു ലോപ്പസ്‌ ശ്രമിച്ചത്‌. എന്നാല്‍, റീത്ത അതിനു വഴങ്ങാന്‍ തയാറായിരുന്നില്ല. എന്നാല്‍ രാത്രി എട്ടര വരെ നീയേതോഫീസിലായിരുന്നു, എന്തു ചെയ്യുകയായിരുന്നു എന്ന മറുചോദ്യം കൊണ്ട്‌ അതിനെ നേരിടുകയായിരുന്നു അയാള്‍ ചെയ്‌തത്‌.
` അപ്പോള്‍, നിങ്ങള്‍ എന്നെയും സംശയിച്ചു തുടങ്ങി അല്ലേ. എനിക്കു മറച്ചു വയ്‌ക്കാന്‍ ഇതുവരെ ഒന്നുമില്ല. നിങ്ങള്‍ക്കെന്താണ്‌ അറിയേണ്ടത്‌?. മുഴുവന്‍ ചോദിച്ചുകൊള്ളൂ. ഈ യന്ത്രം സാക്ഷിയായി ഞാന്‍ സത്യമേ പറയൂ. ഇല്ലെങ്കില്‍ യന്ത്രം പൊട്ടിത്തെറിച്ചു പോയ്‌ക്കൊള്ളട്ടെ'.
അതുതന്നെ പറ്റിയ അവസരമെന്നു ലോപ്പസ്‌ കരുതി. ഇപ്പോള്‍ തന്നില്‍ നിന്നു ശ്രദ്ധ തിരിച്ചുകളയാന്‍ പറ്റിയ അവസരമാണു വന്നിരിക്കുന്നത്‌. എന്നാല്‍ ലോപ്പസിന്റെ നിരാശനാക്കിക്കൊണ്ട്‌, എല്ലാ ചോദ്യങ്ങള്‍ക്കും ലൈ ഡിറ്റക്‌ടറിന്റെ ശബ്‌ദമുയരാതെ തന്നെ അവള്‍ ഉത്തരം നല്‍കുകയാണുണ്ടായത്‌. ആ പ്രശ്‌നങ്ങളെല്ലാം ഏതാണ്ട്‌ അന്നു തീര്‍ന്നെങ്കിലും ലൈ ഡിറ്റക്‌ടര്‍ തന്നെ മാത്രം വേട്ടയാടുകയാണ്‌ എന്നറിഞ്ഞപ്പോള്‍ അയാളില്‍ വല്ലാത്ത ഞെട്ടലാണുണ്ടാക്കിയത്‌. റീത്തയുടെ സ്വഭാവശുദ്ധിയില്‍ ഏതാണ്ട്‌ വിശ്വാസമുറപ്പിച്ചുകൊണ്ട്‌ ഉറങ്ങിപ്പോയതിന്റെ ഒരാഴ്‌ചക്കുള്ളില്‍ തന്നെയാണ്‌ ലൈ ഡിറ്റക്‌ടര്‍ അയാളെ ചതിക്കുകയായിരുന്നു എന്നു മനസിലായതും. അതു തന്നെ മാത്രമാണു ചതിക്കുന്നതെന്നും കൂടി മനസിലാക്കിയപ്പോള്‍ താന്‍ ഭൂമിയിലേക്കു താഴ്‌ന്നുപോവുകയാണോ എന്നും തോന്നി.
അന്നയാള്‍ നേരത്തേ വീട്ടിലെത്തിയ ദിവസമായിരുന്നു. അഭിജിത്ത്‌ ടിവിയില്‍ അവന്റെ പതിവു കോമിക്‌ പരമ്പരയിലേക്കു കണ്ണുനട്ടിരുന്നു. രേഷ്‌മ വീട്ടിലെത്തിയിട്ടുണ്ടായിരുന്നില്ല. റീത്ത പതിവുപോലെ ജോലിത്തിരക്കില്‍ രാത്രിയാകുമ്പോഴേ എത്തിയിരുന്നുമുള്ളു.
` രേഷ്‌മച്ചേച്ചിയെന്തിയേടാ?'.
` ചേച്ചിക്കു ട്യൂഷനുണ്ടെന്നോ എന്തോ പറഞ്ഞു'. അവന്റെ ഉത്തരം നിര്‍വികാരമായിരുന്നു. ട്യൂഷനു പോകുന്ന വിവരം അവള്‍ നേരത്തേ പറഞ്ഞുകേട്ടിരുന്നില്ലല്ലോ എന്നയാള്‍ ഓര്‍ത്തു. എന്‍ട്രന്‍സിന്റെ ക്ലാസാണെങ്കില്‍ ഞായറാഴ്‌ചയായിരുന്നു താനും. സന്ധ്യ കഴിഞ്ഞപ്പോള്‍ രേഷ്‌മ എത്തിയപ്പോഴേ, ലോപ്പസ്‌ ചോദ്യം ചെയ്യല്‍ തുടങ്ങിയിരുന്നു. ലൈ ഡിറ്റക്‌ടര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലേ എന്നയാള്‍ ഉറപ്പുവരുത്തിയിരുന്നു.
` നീയേതു ട്യൂഷനാ ഇന്നു പോയത്‌?'.
അവള്‍ക്കു മറുപടി പറയാന്‍ കൂസലൊന്നുമില്ലെന്ന്‌ അയാള്‍ കണ്ടു.
` ട്യൂഷനാണെന്ന്‌ ആരു പറഞ്ഞു?. ഇന്നു സ്‌പെഷല്‍ ക്ലാസായിരുന്നു. ആ കണക്കു ടീച്ചറുടേത്‌'. അവള്‍ ലൈ ഡിറ്റക്‌ടറിലേക്കു പാളി നോക്കിയതുപോലുമില്ല. പരുങ്ങുന്നുമുണ്ടായിരുന്നില്ല. തലയുയര്‍ത്തിത്തന്നെയായിരുന്നു ഉത്തരം.
` എന്നിട്ട്‌ ഇത്ര സമയം നീയെന്തു ചെയ്‌തു?. ആറു മണി വരെയല്ലേ, സ്‌പെഷല്‍ ക്ലാസ്‌?'.
` അതുകഴിഞ്ഞ്‌ ഇതുവരെ എത്തണ്ടേ?. അച്‌ഛനിന്ന്‌ എന്തു ഭാവിച്ചാ. ഞാന്‍ മുമ്പും ചില ദിവസങ്ങളില്‍ താമസിച്ചുവരാറുണ്ടല്ലോ?'.
` നീയുരുളാന്‍ നോക്കേണ്ട. നീയതു കഴിഞ്ഞ്‌ എവിടെ പോയി?'.
` വരുന്ന വഴി രാഹുലിനെ കണ്ടു. ബനഡിക്‌ടറ്റങ്കിളിന്റെ മോന്‍. എന്നാ രേഷ്‌മാ, ഓരോ ഐസ്‌ക്രീം കഴിച്ചേച്ചു പോകാമെന്നായി രാഹുല്‍. നമ്മള്‌ നേരത്തേയും അങ്ങനെ പോയി ഇരിക്കാറുണ്ടല്ലോ. അതച്‌ഛനോടു പറഞ്ഞിട്ടുള്ളതുമാണല്ലോ?'.
` ഇന്നു നീയെവിടെ പോയി എന്നാണു ചോദ്യം'.
` ഉത്തരം പറഞ്ഞുകഴിഞ്ഞല്ലോ'.
` അതിനു രാഹുല്‍ സ്‌ഥലത്തില്ലല്ലോ', വെറുതേയാണ്‌ അങ്ങനെ ലോപ്പസ്‌ പറഞ്ഞിരുന്നത്‌.
` രാഹുല്‍ തന്നെ, ഇപ്പോള്‍ എന്നെ ഇവിടെ കൊണ്ടുവന്നിട്ടു പോയതാണല്ലോ. അകത്തുകയറിയിരുന്നിട്ടു പോവാമെന്നു പറയുകയും ചെയ്‌തു. അച്‌ഛന്‍ വന്നുവെന്ന്‌ എനിക്കറിയാമായിരുന്നല്ലോ. പക്ഷേ, എന്തോ തിരക്കുണ്ടെന്നു പറഞ്ഞു രാഹുല്‍ പോയി. അത്രയേയുള്ളൂ'.
` ഇനിയെന്നാല്‍ രാഹുലുമായുള്ള കൂട്ടുകെട്ട്‌ വേണ്ട, പറഞ്ഞതു കേട്ടാല്‍ മതി'.
` ഈ അച്‌ഛനിന്ന്‌ എന്തു പറ്റി ?. ബനഡിക്‌ടറ്റങ്കിളും നമ്മളും കുടുംബ സുഹൃത്തുക്കളല്ലേ. രാഹുലും ഞാനും ഒന്നിച്ചു കളിച്ചുവളര്‍ന്നവരല്ലേ'. രേഷ്‌മ ചാടിത്തുള്ളി അകത്തേക്കു പോയപ്പോഴും ലൈ ഡിറ്റക്‌ടര്‍ മിണ്ടാതെ കൂനിക്കൂടിയിരിക്കുന്നതു കണ്ട്‌ അയാള്‍ക്കു ശരിക്കും അരിശം വന്നിരുന്നു. കള്ളം പറയുന്നതിനു കൂട്ടുനിന്നാല്‍ തല്ലിപ്പൊട്ടിച്ചു തട്ടിന്‍പുറത്തേക്ക്‌ എറിഞ്ഞുകളയും എന്നയാള്‍ പതുക്കെയാണു പറഞ്ഞതെങ്കിലും അഭിജിത്ത്‌ തല ചെരിച്ചുനോക്കി.
` ആരോടാ പപ്പ, വര്‍ത്താനം പറയുന്നത്‌?. എന്തു തല്ലിപ്പൊട്ടിക്കുമെന്നാ'.
` ഒന്നുമില്ലെടാ. ഈ ഡിറ്റക്‌ടറിനോടു പറഞ്ഞതാ. ഇതിനെ വശത്താക്കാന്‍ സൂത്രം വല്ലോമുണ്ടോ?. ഇപ്പോള്‍ നിന്റെ ചേച്ചി ഓരോന്നു പറഞ്ഞപ്പോള്‍ കള്ളന്‍ മിണ്ടാതെയിരിക്കുകയായിരുന്നു'.
` ചേച്ചി പറഞ്ഞതൊക്കെ സത്യമാവും. അതാ'.
` എന്നാല്‍ എല്ലാം ശരിയാണെന്നു വരുമോ?. ഈ സ്‌പെഷല്‍ ക്ലാസൊന്നും അത്ര സത്യമായിരിക്കണമെന്നില്ല'.
` ആവോ, എനിക്കറിയില്ല'.
` ഇതിനെ നിശ്ശബ്‌ദമാക്കാന്‍ വല്ല വിദ്യയുമുണ്ടായിരിക്കുമോ?'.
` എനിക്കറിയില്ല. ഞാനിപ്പോള്‍ കള്ളം പറയാറില്ല'.
അപ്പോള്‍, അപ്പോള്‍ മാത്രം ലൈ ഡിറ്റക്‌ടറിന്റെ ശബ്‌ദം ഉയര്‍ന്നു.
` കണ്ടോടാ.. നിനക്ക്‌ എല്ലാ വിദ്യയും അറിയാം. നീ പറഞ്ഞതു കളവാണെന്നു തെളിഞ്ഞില്ലേ?'.
` അങ്ങനെ വിദ്യ അറിയാമെങ്കില്‍ അത്‌ ഒച്ചയുണ്ടാക്കുമോ, പപ്പാ'.
ആ കോലാഹലവും അങ്ങനെ തീര്‍ന്നുവെങ്കിലും ലോപ്പസിന്റെ മനസില്‍ രേഷ്‌മയെ പ്രതി ചെറിയ സംശയം മനസില്‍ ഉരുണ്ടുകൂടാതിരുന്നില്ല. ബനഡിക്‌ടിനോട്‌ എപ്പോഴെങ്കിലും ഇതിനെപ്പറ്റി പറയണമെന്ന്‌ അയാള്‍ ഉറപ്പിച്ചു. അങ്ങനെ പറയാന്‍ ഒരു അവസരം അടുത്തുതന്നെ ഒത്തുകിട്ടുകയും ചെയ്‌തു. ബാറില്‍ രണ്ടെണ്ണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇരുവരും.
` ലോപ്പസേ, എനിക്കൊരു പ്രധാന കാര്യം പറയാനുണ്ട്‌'.
` എനിക്കും പറയാനുണ്ടായിരുന്നു ഒന്ന്‌'.
` അതവിടെ നില്‍ക്കട്ടെ. ഞാനിതു വളരെ രഹസ്യമായി കേട്ടതാണ്‌. കുറെ ദിവസം ആലോചിച്ചു. നിന്നോടു പറയണമോ വേണ്ടയോ എന്ന്‌. പറയാതിരുന്നാല്‍ മോശമാണ്‌ എന്നു തോന്നി. അതോണ്ടാ പറയുന്നത്‌. നീ ശ്രദ്ധിച്ചു കേള്‍ക്കണം. എടുത്തുചാടി ഒന്നും ചെയ്യരുത്‌. വാക്കു തരുമോ നീ?'.
` എനിക്കും പറയാനുണ്ട്‌. നീയും ശ്രദ്ധിച്ചു കേള്‍ക്കണം. ചാടിക്കയറി കുഴപ്പമാക്കരുത്‌. പിള്ള മനസല്ലേ കളങ്കമുണ്ടാവില്ല, എങ്കിലും'.
` നീയെന്നതാ പറഞ്ഞുവരുന്നത്‌. ഞാന്‍ പറയുന്നത്‌ ശ്രദ്ധിച്ചു കേള്‍ക്ക്‌. ഇപ്പോള്‍ ഇരുചെവി അറിഞ്ഞിട്ടില്ല. നമുക്കു മുളയിലേ നുള്ളിക്കളയാം. നീയെന്നെ തെറ്റിദ്ധരിക്കുകയും ചെയ്യരുത്‌. നമ്മള്‌ കുടുംബസുഹൃത്തുക്കളാ. റീത്ത എനിക്കു സ്വന്തം പെങ്ങളെപ്പോലെയാ'.
` അതിനു റീത്തയ്‌ക്കിപ്പോ എന്തു പറ്റിയെന്നാ. ഞാന്‍ പറഞ്ഞുവരുന്നത്‌...'.
` താന്‍ മിണ്ടാതിരി. ഞാന്‍ പറയുന്നത്‌ കേള്‍ക്ക്‌. റീത്ത എനിക്കു പെങ്ങള്‍ തന്നെയാ. അതുകൊണ്ടാ പറയുന്നത്‌. റീത്തയും അവളുടെ സഹപ്രവര്‍ത്തകന്‍ അശോകും തമ്മില്‍ ചെറിയ അഫയര്‍. വളരെ രഹസ്യമായിട്ട്‌ അറിഞ്ഞതാ. ഞാന്‍ അവളെയൊന്നു ഗുണദോഷിക്കാം. ചെറിയ ഒരു ഇന്‍ഫാച്ച്വേഷന്‍. അത്രേ കാണുകയുള്ളൂ. നീ ഒന്നും അറിഞ്ഞ ഭാവം നടിക്കേണ്ട. എല്ലാം ഞാന്‍ കൈകാര്യം ചെയ്‌തോളാം. ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ. നമ്മടെ മക്കളും വളര്‍ന്നുവരികയാണല്ലോ. കേള്‍ക്കുന്നുണ്ടോ താന്‍? '.
സത്യത്തില്‍ അതില്‍ പിന്നീടു ബനഡിക്‌ട്‌ പറഞ്ഞതൊന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ലൈ ഡിറ്റക്‌ടര്‍ തന്നെ മാത്രം ചതിക്കുകയായിരുന്നുവെന്നതിനെക്കുറിച്ചാണ്‌ അയാള്‍ ചിന്തിച്ചിരുന്നത്‌. എപ്പോള്‍ ബാറില്‍ നിന്നിറങ്ങിയെന്നോ എങ്ങനെ വീട്ടിലെത്തിയെന്നോ അയാള്‍ അറിഞ്ഞില്ല. വാതില്‍പ്പിടി അയാളുടെ വിരലടയാളങ്ങള്‍ തിരിച്ചറിഞ്ഞ്‌ അതിന്റെ പൂട്ടുകള്‍ സ്വമേധയാ തുറന്നു.
` അച്‌ഛനെവിടെയായിരുന്നു ഇത്രയും നേരം?', രേഷ്‌മ ചോദിക്കുന്നത്‌ അയാള്‍ കേട്ടില്ലെന്നു നടിച്ചു. ഇരിക്കുന്നുണ്ടല്ലോ അവിടെ സത്യത്തിന്റെ കാവലാള്‍. ഓടിച്ചെന്ന്‌ അതെടുത്തു തറയിലേക്കെറിഞ്ഞു പൊട്ടിച്ചിതറിക്കണമെന്നു തന്നെയാണ്‌ അയാള്‍ വിചാരിച്ചിരുന്നത്‌.
` അമ്മയെന്തിയേടീ...?'. അയാള്‍ അന്വേഷിച്ചു.
` അമ്മയ്‌ക്കു പനിക്കോളുപോലെ തോന്നുന്നെന്നു പറഞ്ഞു ദേണ്ടെ അവിടെ കിടക്കുന്നു'.
` മരുന്നു വല്ലോം കഴിച്ചോടീ...'.
` മരുന്നു വേണ്ടെന്നാ പറഞ്ഞത്‌. നല്ല ക്ഷീണമുണ്ടെന്നാ പറഞ്ഞത്‌. പുതച്ചുമൂടിക്കിടക്കുന്നു'.
` നല്ല ക്ഷീണം കാണും. ചില പനിക്കോളുകള്‍ക്കങ്ങനെയാണ്‌?. നിനക്കിന്ന്‌ സ്‌പെഷല്‍ ക്ലാസുണ്ടായിരുന്നില്ലേ'.
` ഉണ്ടായിരുന്നു. അച്‌ഛനിപ്പോഴും സ്‌പെഷല്‍ ക്ലാസിന്റെ കാര്യം മറന്നില്ലേ?'.
അയാള്‍ മറുപടി പറഞ്ഞില്ല. അയാള്‍ ലൈ ഡിറ്റക്‌ടറിലേക്കു തുറിച്ചുനോക്കി. അതു മകള്‍ കണ്ടുവെന്നു തോന്നി.
` അച്‌ഛന്‍ അതിനെ നോക്കിപ്പേടിപ്പിക്കണ്ട. ഞാന്‍ സത്യം തന്നെയാണു പറഞ്ഞത്‌. സംശയമുണ്ടോ അച്‌ഛന്‌?'.
` സത്യത്തിന്റെ മാലാഖയല്ലേ അവിടെ ഇരിക്കുന്നത്‌. പിന്നെ നിനക്കെങ്ങനെ കളവു പറയാന്‍ പറ്റും. അല്ലേ?'.രാത്രി ഏറെ വൈകിയിട്ടും അയാള്‍ സ്വയം ഓരോ കള്ളങ്ങള്‍ പറഞ്ഞു സ്വയം സമാധാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനു പിറ്റേന്നും പിന്നെയെന്നും കള്ളങ്ങളൊരുപാട്‌ അയാളുടെ മനസിലൂടെ കുത്തിയൊലിച്ചുപോയി. ലൈ ഡിറ്റക്‌ടര്‍ അലറിക്കരഞ്ഞുകൊണ്ടിരുന്നു ഓരോ തവണയും.
********

Wednesday, 1 May 2013

നിശാനിയമം

സുകേശനടക്കം നാലുപേരെ രാജാവിന്റെ ഭടന്മാര്‍ പിടിച്ചുകെട്ടി രാജസദസിലേക്ക്‌ ആനയിച്ചു. തലവെട്ടിക്കളയലായിരിക്കും രാജാവു്‌ വിധിക്കാന്‍ പോകുന്ന ശിക്ഷയെന്ന്‌ സുകേശന്‌ ഏതാണ്ട്‌ ഉറപ്പായിരുന്നു. മറ്റു മൂന്നു  പേരും ആകെ പേടിച്ചരണ്ടാണു നടന്നിരുന്നത്‌. സുകേശനും അല്‍പ്പം പരിഭ്രമം തോന്നാതിരുന്നില്ല. നിശാനിയമം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ രാജഭടന്മാര്‍ എല്ലാ ആയുധങ്ങളോടും കൂടി പട്ടണത്തില്‍ പ്രകടനം നടത്തിയിരുന്നു. എന്തോ മഹാ വിപത്തു സംഭവിക്കാന്‍ പോകുന്നുവെന്ന്‌ അതു ജനങ്ങളില്‍ ഭീതി വളര്‍ത്തി. അയല്‍ രാജ്യത്തു നിന്നു കുറെ ചാരന്മാരും പടയാളികളും രാജ്യത്തേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന രാജശാസനം അവര്‍ വിളംബരം ചെയ്‌തു കൊണ്ടിരുന്നതു സുകേശനും കേട്ടതാണ്‌. 
പടയാളികളുടെ സായുധ മാര്‍ച്ച്‌ കഴിഞ്ഞയുടനെത്തന്നെ, സ്വയംപ്രഭ ഒരു പെണ്‍പുലിയുടെ വേഷമെടുത്തുകഴിഞ്ഞിരുന്നു. ചാരന്മാരും പടയാളികളും അതിര്‍ത്തി കടന്നെത്തിയതിനാല്‍ അവരെ കണ്ടുപിടിക്കുന്നതിനു സഹായിക്കും വിധം ജനങ്ങള്‍ മറ്റു വേഷങ്ങള്‍ ഉടന്‍ സ്വീകരിക്കണമെന്ന രാജശാസനം അനുസരിച്ചായിരുന്നു അത്‌. അത്തരമൊരു നിയമം രാജ്യത്തു നേരത്തേ തന്നെ ഉണ്ടായിരുന്നു. അതീവ ജാഗ്രത പുലര്‍ത്തി പടയാളികളുടെ മാര്‍ച്ച്‌ അതിന്റെ സൂചനയാണ്‌. സുകേശനു വേണ്ടി സ്വയംപ്രഭ ഒരു കടുവയുടെ വേഷമാണു തിരഞ്ഞെടുത്തുവച്ചിരുന്നത്‌. പെട്ടെന്നു വേഷം മാറാന്‍ വേണ്ടി ചായങ്ങളും അവ ദേഹത്ത്‌ ശരിക്കും ഒട്ടിനില്‍ക്കാന്‍ വേണ്ട ലേപനങ്ങളും തയാറാക്കിവച്ചിരുന്നു. എന്നാല്‍ രാജശാസനമനുസരിച്ചു വേഷം മാറുന്നതിനോടു പണ്ടേ സുകേശന്‍ അത്ര താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാലും രാജ്യത്തിന്റെ രക്ഷയ്‌ക്കു വേണ്ടി ഏതു വേഷം കെട്ടുന്നതിലും തെറ്റില്ലെന്നൊരു നിലപാടായിരുന്നു സ്വയംപ്രഭയ്‌ക്ക്‌. അതുകൊണ്ടുതന്നെ പടയാളികളുടെ മാര്‍ച്ച്‌ കഴിഞ്ഞയുടനെ അവള്‍ ദേഹത്തെ രഹസ്യഭാഗങ്ങള്‍ മറയ്‌ക്കാന്‍ നേര്‍ത്തൊരു ആവരണമണിയുകയും ബാക്കി ഭാഗത്തു മഞ്ഞച്ചായ തേയ്‌ക്കുകയും ചെയ്‌തു ശരിക്കുമൊരു പെണ്‍പുലിയായി മാറുകയായിരുന്നു. സന്ദര്‍ഭം അനുകൂലമല്ലാത്തതു കൊണ്ടു മാത്രം പെണ്‍പുലിയെ ഒന്നു കെട്ടിപ്പിടിച്ചാലോ എന്ന മോഹം സുകേശന്‍ ഉപേക്ഷിക്കുകയായിരുന്നു. അയാള്‍ ഉലയില്‍ തീ വളര്‍ത്താനുള്ള ചക്രം തിരിക്കുകയും ചുവന്നുപഴുത്ത ഇരുമ്പിന്മേല്‍ കൂടം കൊണ്ട്‌ അടിച്ചുപരത്തുകയും ചെയ്‌തു. ആരോടോ ഉള്ള ദേഷ്യം അയാളുടെ കൈകള്‍ക്കു പ്രത്യേക ശക്‌തി നല്‍കുകയായിരുന്നോ എന്നു സ്വയംപ്രഭ സംശയിച്ചു. 
അയാളെ കൊതിപ്പിച്ചു കൊണ്ട്‌ ഒരു നോട്ടം നോക്കിയതിനു ശേഷം സുകേശനു കടുവയായി വേഷം മാറാനുള്ള ചായങ്ങള്‍ എടുത്തുവയ്‌ക്കാനാണ്‌ അവള്‍ ശ്രദ്ധിച്ചത്‌. എന്നാല്‍ ആയുധങ്ങള്‍ ഉണ്ടാക്കുന്ന തന്റെ ജോലിയില്‍ മുഴുകുകയല്ലാതെ അതൊന്നും സുകേശന്‍ ശ്രദ്ധിച്ചേയില്ല. രാജാവ്‌ പറയുന്നതിനനുസരിച്ചു വേഷം മാറി കടുവയായും പുലിയായും പട്ടിയായും ജീവിക്കേണ്ട ആവശ്യമില്ലെന്ന നിലപാട്‌ അയാള്‍ മനസില്‍ ആവര്‍ത്തിക്കുകയും ചെയ്‌തു. എന്നാല്‍ വൈകുന്ന ഓരോ നിമിഷവും സ്വയംപ്രഭയില്‍ വല്ലാത്തൊരു പേടി നിറച്ചുകൊണ്ടിരുന്നു. പെട്ടെന്നു വേഷം മാറാന്‍ അയാള്‍ സുകേശനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. പടയാളികളുടെ മാര്‍ച്ച്‌ കഴിഞ്ഞു നേരമിത്രയും ആയിക്കഴിഞ്ഞ സ്‌ഥിതിക്കു പരിശോധനയ്‌ക്കായി പടയാളികള്‍ ഏതു നിമിഷവും എത്തുമെന്ന കാര്യത്തില്‍ അവള്‍ക്കു സംശയമില്ലാത്തതു തന്നെയായിരുന്നു കാരണം. വേഷം മാറാത്തവരെ അയല്‍ രാജാവിന്റെ ചാരന്മാരായി മുദ്ര കുത്തപ്പെടുമെന്ന്‌ ഉറപ്പാണ്‌. എത്ര കാലമായി ഈ രാജ്യത്തു കഴിയുന്നു എന്നൊന്നും പരിഗണിച്ചുവെന്നു വരില്ല. സുകേശനാണെങ്കില്‍ എത്രയോ കാലമായി അതേ രാജ്യത്തു ആയുധങ്ങളുണ്ടാക്കുന്ന കൊല്ലപ്പണിക്കാരനായി വേലയെടുക്കുന്നത്‌ ഏതാണ്ടെല്ലാവര്‍ക്കും അറിയാം. കത്തികളുണ്ടാക്കാനോ അവയ്‌ക്കു മൂര്‍ച്ച വയ്‌പിക്കാനോ ചുറ്റുവട്ടത്തുള്ളവരെല്ലാം അയാളുടെ ആലയില്‍ എത്താറുമുണ്ട്‌. പടയാളികള്‍ തന്നെ വാളും കുന്തവുമുണ്ടാക്കാനും അറ്റകുറ്റപ്പണി നടത്തിക്കാനുമായി അവിടെ വരാറുണ്ട്‌. എന്നാല്‍ വേഷം മാറിയില്ലെങ്കില്‍ ഈ പരിചയമൊന്നും വിലപ്പോവില്ലെന്നു സ്വയംപ്രഭയ്‌ക്കു നന്നായി അറിയാവുന്നതാണ്‌. 
അതു സുകേശനും നിശ്‌ചയമുണ്ടായിരുന്ന കാര്യം തന്നെ. അയല്‍ രാജ്യത്തു നിന്നു ചാരന്മാര്‍ നുഴഞ്ഞുകയറിയാല്‍ വേഷം മാറണമെന്ന രാജശാസനത്തിന്‌ എതിര്‍വാക്കില്ല. എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്‌ഥരുമാണ്‌. എന്നാല്‍ അയല്‍ രാജ്യത്തു നിന്നു പടായളികളും ചാരന്മാരും നുഴഞ്ഞുകയറുന്നതു രാജനീതിയുടെ മാത്രം ഭാഗമാണെന്നും സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ അതിന്‌ ഒരു സ്വാധീനമില്ലെന്നുമായിരുന്നു സുകേശന്റെ നിലപാട്‌. നുഴഞ്ഞുകയറ്റം തടയേണ്ടതു രാജാവിന്റെയും പടയാളികളുടെയും കര്‍ത്തവ്യവുമാണ്‌. അതില്‍ ജനങ്ങള്‍ക്ക്‌ ഒരു പങ്കുമില്ല. അതില്‍ വീഴ്‌ച വന്നുവെങ്കില്‍ അതിനുത്തരവാദപ്പെട്ടവരുടെ പേരിലാണു ശിക്ഷാനടപടികളെടുക്കേണ്ടത്‌. അല്ലാതെ ജനങ്ങള്‍ വേഷം മാറി ചാരന്മാരെ കണ്ടെത്താന്‍ സഹായിക്കണമെന്നു പറയുന്നത്‌ എവിടത്തെ നീതിയാണ്‌?. സുകേശന്‍ തന്നോടു തന്നെ ചോദിച്ചു. എന്നാല്‍ അതിനൊരുത്തരം പറയാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. അയല്‍ രാജാവിന്റെ ചാരനെന്ന്‌ അറിയപ്പെടുന്നതാണ്‌ ജീവിതത്തിലെ ഏറ്റവും വ�ിയ അവഹേളനമെന്ന്‌ അവര്‍ വിചാരിച്ചു. രാജ്യത്തോടുള്ള കൂറും സ്‌നേഹവും പ്രകടമാക്കേണ്ടതു വേഷം മാറിയല്ല, മറിച്ച്‌ രാജ്യത്തെ യഥാര്‍ഥ പൗരനെന്ന്‌ അഭിമാനിച്ചുകൊണ്ടാകാണമെന്നതായിരുന്നു അയാളുടെ പക്ഷം. എന്നാല്‍ , സ്വകാര്യമായി പലരും ഇതിനോട്‌ അനുകൂലിച്ചെങ്കിലും പരസ്യമായി ഒന്നും പ്രതികരിക്കാന്‍ തയാറായിരുന്നില്ല. അമ്പതു വര്‍ഷമായി ഹജൂര്‍ കച്ചേരിയില്‍ ജോലിയെടുക്കുന്ന വിരാടനും അത്രയേറെ കൊല്ലങ്ങളായി പട്ടണത്തിന്റെ മൂലയില്‍ പലചരക്കുകട നടത്തുന്ന ദേവിദാസനും ദേഹത്തു ചായം തേച്ചു വേഷം മാറി രാജ്യത്തോടുള്ള കൂറു കാണിക്കേണ്ടതുണ്ടോ എന്നും സുകേശന്‍ ചോദിക്കുമായിരുന്നു. 
എന്നാലും രാജശാസനം വീണ്ടും സജീവമാവുമ്പോള്‍ വിരാടനും ദേവിദാസനും വേഷം മാറേണ്ടിയിരുന്നു. വലിയ കഴുതച്ചെവികള്‍ വച്ചുകെട്ടി വിരാടനും മുഖത്തു ചായം തേച്ചു കാട്ടാളനായി ദേവിദാസനും വേഷം മാറി. ഇതു വല്ലാത്ത ധര്‍മസങ്കടത്തിലാക്കുന്നുണ്ട്‌ അവരെയെങ്കിലും. രാജാവിന്റെ ദേഷ്യത്തിനു പാത്രമാവാന്‍ വയ്യ എന്ന വല്ലാത്തൊരു ദൈന്യതയുണ്ടെങ്കിലും. എന്നാല്‍ സുകേശന്‌ അത്തരം ന്യായീകരണങ്ങളിലൊന്നും വലിയ തൃപ്‌തിയുണ്ടായിരുന്നില്ല. രാജശാസനം നടപ്പാവുന്ന സമയത്തു രാജാവും വേഷം മാറുന്നുണ്ടല്ലോ എന്ന മറുചോദ്യം കൊണ്ടാണു പലരും സുകേശന്റെ ആശങ്കകളെ നേരിട്ടിരുന്നത്‌. രാജാവും വേഷം മാറുന്നുവെന്നതും ന്യായീകരണമാവുന്നില്ല. അതേ സമയം, പടയാളികള്‍ വേഷം മാറുന്നുമില്ല. ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മില്‍ തൊലിയുടെ നിറത്തിലും എടുപ്പിലും നടപ്പിലും കാര്യമായ വ്യത്യാസമില്ലെന്ന കാരണമാണു കൊട്ടാരത്തില്‍ നിന്നു വേഷം മാറലിനു കാരണമായി പറഞ്ഞിരുന്നത്‌. എന്നാല്‍ പടയാളികള്‍ വേഷം മാറാത്ത സ്‌ഥിതിക്ക്‌ ചാരന്മാര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും അവരുടെ  വേഷത്തില്‍ വന്നുകൂടേ എന്നായിരുന്നു സുകേശന്റെ ചോദ്യം. ജനങ്ങള്‍ മാത്രം ഓരോ തവണയും ഈ വികൃത വേഷങ്ങള്‍ കെട്ടാന്‍ ബാധ്യസ്‌ഥമാകുന്നതിന്റെ യുക്‌തിയായിരുന്നു സുകേശന്‌ ഒരിക്കലും പിടികിട്ടാതിരുന്നത്‌. എന്നാല്‍ പടയാളികള്‍ക്കു പരസ്‌പരം അറിയാമെന്നും അവര്‍ക്കു സ്വയം തിരിച്ചറിയാന്‍ ഓരോ രഹസ്യവാക്കുകളുണ്ടെന്നുമൊക്കെയായിരുന്നു ഈ ചോദ്യത്തിനു സുകേശനു മുന്നില്‍ പലരും നിര്‍ദേശിച്ച ഉത്തരങ്ങള്‍. എന്നാല്‍ ജനങ്ങള്‍ക്കും ഓരോ രഹസ്യവാക്ക്‌ നല്‍കട്ടെ എന്ന സുകേശന്റെ നിര്‍ദേശം ആരും ചെവിക്കൊണ്ടുമില്ല. 
സ്വയംപ്രഭയുടെ ആശങ്കകളും അതുപോലെ സുകേശന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അയാള്‍ ചുട്ടു പഴുത്ത ഇരുമ്പിന്മേല്‍ കൂടം കൊണ്ട്‌ ആഞ്ഞടിക്കുന്നതു തുടര്‍ന്നു. അതുകൊണ്ടൊന്നും പടയാളികളുടെ വരവിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്ന്‌ അവള്‍ക്ക്‌ അറിയാമായിരുന്നു. കടുവയായി മാറിയില്ലെങ്കിലും എന്തെങ്കിലും ചായം പേരിനെങ്കിലും ദേഹത്തു പുരട്ടാന്‍ അവള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും സൂത്രവിദ്യ ഒപ്പിച്ചില്ലെങ്കില്‍ കൈയില്‍ വിലങ്ങുവീഴുമെന്ന്‌ ഉറപ്പായിരുന്നു. കടുവച്ചായം അയാളുടെ ദേഹത്തേക്ക്‌ ഒഴിച്ചാലോ എന്നൊരു നിമിഷം അവള്‍ ആലോചിച്ചു. ചുട്ടുപഴുത്ത ഇരുമ്പു തല്ലുന്ന കൂടം തന്റെ നേരേ ചാട്ടുളി പോലെ വന്നാലും കുഴപ്പമില്ലെന്ന്‌ അയാള്‍ക്കു തോന്നിപ്പോയി. അല്ലാതെ രാജാവിന്റെ ശിക്ഷയില്‍ നിന്ന്‌ അയാളെ ഒഴിവാക്കാന്‍ വേറെ വഴിയൊന്നുമില്ല. രാജാവിന്റെ ഉത്തരവിനെ ധിക്കരിച്ചു വേഷം മാറാതിരിക്കുന്നതു രാജ്യദ്രോഹക്കുറ്റമായാണ്‌ പൊതുവേ കരുതപ്പെട്ടിരുന്നത്‌. അതിനുള്ള പരമാവധി ശിക്ഷ തലവെട്ടലും. ഒരാളെയെങ്കിലും തലവെട്ടാന്‍ കിട്ടുന്നതു രാജാവിന്‌ ഇഷ്‌ടമുള്ള കാര്യമാണ്‌. അതു മറ്റു ജനങ്ങള്‍ക്ക്‌ ഒരു പാഠമായിരിക്കുമല്ലോ. അച്ചടക്കമുള്ള രാജ്യത്തിന്‌ അച്ചടക്കമുള്ള ജനതയാണു പരമപ്രധാനമെന്നതു രാജാവിന്റെ സ്‌ഥിരം പല്ലവിയുമായിരുന്നു. 
എന്നാല്‍, കടുവച്ചായം സുകേശന്റെ നേര്‍ക്കു വീശിയൊഴിക്കാനുള്ള ആലോചനയിന്മേല്‍ കൂടുതല്‍ ചിന്തിക്കാനുള്ള സമയം സ്വയംപ്രഭയ്‌ക്കു ലഭിച്ചില്ല. അതിനു മുമ്പു തന്നെ ആലയുടെ മുന്നില്‍ പടയാളികള്‍ എത്തിയിരുന്നു. പുറത്തുനടക്കുന്നതൊന്നും ശ്രദ്ധിക്കാതെ കൂടംതല്ലില്‍ മാത്രം മനസാഴ്‌്‌ത്തിയിരുന്ന സുകേശന്‍ ആദ്യം അതൊന്നും കണ്ടിരുന്നില്ല. പിന്നെ തലയുയര്‍ത്തി പടയാളികളെ കണ്ടപ്പോള്‍ പരിചയം പുതുക്കാനെന്നവണ്ണം ഒന്നു ചിരിക്കാനായിരുന്നു അയാള്‍ ശ്രമിച്ചത്‌. അയാള്‍ക്കു പരിചയമുള്ള പടയാളികള്‍ തന്നെയായിരുന്നു അത്‌. പല കാര്യങ്ങള്‍ക്കും തന്റെ ആലയില്‍ അവര്‍ വരാറുണ്ടായിരുന്നു. അയാളുടെ വാളിന്റെ മൂര്‍ച്ച പോലും തന്റെ സംഭാവനയാണെന്നും സുകേശന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ പടയാളികളുടെ ശരീരഭാഷ പരിചയത്തിന്റേതായിരുന്നില്ല. മുമ്പൊരിക്കലും തമ്മില്‍ കണ്ടിട്ടില്ലെന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. വാളിന്റെ മൂര്‍ച്ചയെങ്ങനെയിരിക്കുന്നു എന്നൊക്കെ സുഖവിവരങ്ങള്‍ ചോദിച്ചു സന്ദര്‍ഭത്തിന്റെ ഗൗരവം അല്‍പ്പം കുറയ്‌ക്കാമെന്നാണു സുകേശന്‍ ആദ്യം വിചാരിച്ചത്‌. പിന്നെയതയാള്‍ വേണ്ടെന്നുവച്ചു. ഊരിപ്പിടിച്ച വാളും ഒരു പരിചയവും കാണിക്കുന്നില്ല. അതിവിടെ ചുട്ടുപഴുത്തു കിടന്നതാണെന്നൊരു ഭാവവും അതിനില്ല. തന്റെ കൂടം കൊണ്ടു കുറെ ഇടിയും കൊണ്ടതാണ്‌. പാറക്കല്ലു പോലും കൊത്തിയറുക്കാവുന്ന മൂര്‍ച്ചയുമായാണ്‌ ഇവിടെ നിന്നു പോയത്‌. മനുഷ്യന്റെ ചങ്കിന്റെ അടുത്തുകൂടെപ്പോയാല്‍ ചോരയിറ്റു വീഴും എന്നതായിരുന്നു അന്നത്തെ സ്‌ഥിതി. എന്തു പറഞ്ഞാലും ഇരുമ്പിന്റെ കാര്യമങ്ങനെ. കാര്യം കഴിഞ്ഞാല്‍ പിന്നെ കണ്ടാല്‍ കാണാത്തതു പോലെയാവും. എന്നാലും ഈ പടയാളികള്‍ ഇത്രയും അപരിചിതരായി മാറിയതെന്തുകൊണ്ട്‌ എന്നു ചിന്തിക്കുകയായിരുന്നു സുകേശന്‍. അകത്തുനിന്നെവിടോ നിന്നുയര്‍ന്നുവന്ന ഒരു നിലവിളിയെ തൊണ്ടയില്‍ അമര്‍ത്തിവയ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നു സ്വയംപ്രഭ. 
ഒരു കത്തിയുടെ ജോലി കൂടി കഴിഞ്ഞിട്ടു വേഷം മാറാനിരിക്കുകയായിരുന്നു സുകേശന്‍ എന്ന സ്വയംപ്രഭയുടെ വിശദീകരണമൊന്നും പടയാളികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മറിച്ച്‌ അയാള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന ആയുധത്തില്‍ കണ്ണുകളുടക്കി നില്‍ക്കുകയായിരുന്നു അവര്‍. സാധാരണ പോലെ കത്തിയോ വാളോ ആയിരുന്നു അത്‌. എന്നാല്‍ പടയാളികള്‍ക്ക്‌ അങ്ങനെയല്ല തോന്നിയത്‌. ഇതെന്താ പുതിയൊരു ആയുധമെന്നായിരുന്നു അവരുടെ ചോദ്യം തന്നെ. ഇനി വേഷം മാറിയാലും പ്രയോജനമൊന്നും ഉണ്ടാവാന്‍ പോവില്ലെന്നൊരു ചിന്ത സ്വയംപ്രഭയുടെ ഉള്ളം നീറ്റിത്തുടങ്ങിയിരുന്നു. നേരത്തേ വേഷം മാറിയിരുന്നെങ്കില്‍ പോലും പടയാളികള്‍ സുകേശനെ വെറുതേ വിടില്ലായിരുന്നു എന്നും അവള്‍ക്കു തോന്നി. താനുണ്ടാക്കുന്നതു വീട്ടാവശ്യത്തിനുള്ള ഒരു സാധാരണ കത്തിയാണെന്നും സ്വയംപ്രഭ കുറെക്കാലമായി ആവശ്യപ്പെടുന്നതാണെന്നും ഓരോരോ ജോലിത്തിരക്കു കാരണം അതിന്റെ നിര്‍മാണം നീണ്ടുപോയതാണെന്നുമുള്ള സുകേശന്റെ മറുപടി പടയാളികളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താനായിട്ടുണ്ടോ എന്നും അവള്‍ സംശയിച്ചു. സുകേശന്‍ പറയുന്ന മറുപടികളിലായിരുന്നില്ല അവരുടെ ശ്രദ്ധ, മറിച്ചു കത്തിയിലായിരുന്നു. 
ഒരാളുടെ കഴുത്തു കാണേണ്ട താമസമേയുള്ളൂവല്ലോ അതിന്റെ മൂര്‍ച്ചയ്‌ക്കു ചോര നൊട്ടിനുണയാന്‍ എന്നൊരു അഭിപ്രായമാണു കൂടെയുണ്ടായിരുന്ന പടയാളിയില്‍ നിന്നു പുറത്തുവന്നത്‌. അങ്ങനെയെത്ര കത്തിയുണ്ടാക്കിക്കൊടുക്കാമെന്നേറ്റിരിക്കുന്നത്‌ എന്ന ചോദ്യം കേട്ടപ്പോള്‍ സ്വന്തം പുലിവേഷത്തോട്‌ ആദ്യമായി സ്വയംപ്രഭയ്‌ക്കു തന്നെ പുച്‌ഛവും സ്വയം ജാള്യവും തോന്നി. വാളിന്റെ മുന കൊണ്ടു സുകേശന്റെ താടിക്കടിയില്‍ കഴുത്തില്‍ അമര്‍ത്തിക്കൊണ്ട്‌ അയാളോട്‌ എഴുന്നേല്‍ക്കാന്‍ പറഞ്ഞുകഴിഞ്ഞിരുന്നു അപ്പോഴേക്കും. പെട്ടെന്ന്‌ ഒരു കൂട്ടം 
പടയാളികളുടെ ആരവത്തിലേക്ക്‌ അയാള്‍ എടുത്തെറിയപ്പെടുന്നതും കൈകാലുകളിലേക്കു ഇരുമ്പുചങ്ങലകള്‍ ആര്‍ത്തിയോടെ പ്രവേശിക്കുന്നതും അവള്‍ കണ്ടു. പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും രാജാവിനു ഇനി വധശിക്ഷ വിധിക്കുക മാത്രമേ ബാക്കിയുള്ളൂവെന്നും അവള്‍ക്കു തോന്നി. സുകേശനെ ഇനിയൊരു പഴുതും രക്ഷിക്കാനായി ഉണ്ടാവില്ലെന്നു തന്നെയാണ്‌ അവള്‍ സുകേശനെ പടയാളികള്‍ കൊട്ടാരത്തെ ലക്ഷ്യമാക്കി നയിക്കുമ്പോള്‍ ഓര്‍ത്തുകൊണ്ടുനിന്നത്‌. ഒരു മോഹാലസ്യത്തിലേക്ക്‌ എപ്പോഴോ സ്വയംപ്രഭ വീണുപോയിരുന്നു. 
മറ്റു മൂന്നുപേരും ചെയ്‌ത കുറ്റമെന്താണെന്നു സുകേശന്‌ ഊഹിക്കാന്‍ പോലുമായിരുന്നില്ല. താന്‍ ചെയ്‌ത കുറ്റത്തെക്കുറിച്ചും അയാള്‍ക്ക്‌ ഒരു രൂപവുമുണ്ടായിരുന്നില്ല. നുഴഞ്ഞുകയറ്റക്കാര്‍ വന്നതിനാല്‍ വേഷം മാറിയിരിക്കണമെന്ന ഉത്തരവ്‌ അയാള്‍ പാലിച്ചിട്ടില്ലെങ്കില്‍ തന്നെയും. അതു രാജ്യത്തെ സംബന്ധിച്ച്‌ ഒരു കുറ്റം തന്നെയാണ്‌. എന്നാലും താനൊരു ചാരനോ നുഴഞ്ഞുകയറ്റക്കാരനോ ആണെന്നു പടയാളികള്‍ക്കു പോലും സംശയമുണ്ടാകാനും ഇടയില്ല. വേഷം മാറാത്തതു മാത്രമല്ല താന്‍ ചെയ്‌ത കുറ്റമെന്ന്‌ അയാള്‍ക്കു തോന്നിത്തുടങ്ങിയിരുന്നു. പടയാളികളുടെ ചോദ്യങ്ങളില്‍ ഒളിഞ്ഞിരുന്ന സംശയമല്ല, മറിച്ച്‌ അവയിലെ സ്‌ഥിരീകരണങ്ങളെക്കുറിച്ച്‌ അയാള്‍ ബോധവാനായിക്കഴിഞ്ഞിരുന്നു. വേഷം മാറിയിരുന്നെങ്കില്‍ പോലും താന്‍ പിടിക്കപ്പെടുമായിരുന്നുവെന്ന്‌ അയാള്‍ക്ക്‌ എന്തുകൊണ്ടോ തോന്നിത്തുടങ്ങിയിരുന്നു. രാജാവിന്റെ മുമ്പില്‍ അരങ്ങേറാനിരിക്കുന്നത്‌ ഈ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തിലുള്ള വിചാരണയായിരിക്കും എന്ന തോന്നലും തെറ്റിയില്ല. 
മറ്റു മൂന്നു പേരും പേടിച്ചുവിറച്ചിരിക്കുകയാണെന്നു തന്നെ തോന്നും അവരുടെ മുഖഭാവവും നടപ്പുമൊക്കെ കണ്ടാല്‍. അതിലൊരാളോടു സംസാരിക്കാനും സുകേശന്‍ ശ്രമിച്ചുനോക്കി. എന്നാല്‍ പടയാളികളുടെ കണ്ണില്‍ പെടാതെ അതു സാധിക്കുകയുമില്ലായിരുന്നു. പടയാളികളാണെങ്കില്‍ അയാളുടെ ദേഹത്തു നിന്നു കണ്ണെടുത്തിരുന്നില്ല. താന്‍ പണിതുകൊണ്ടിരുന്ന അടുക്കളക്കത്തി അതിലൊരാളുടെ കൈയില്‍ കണ്ടതോടെ, തന്റെ പേരില്‍ നടക്കാനിരിക്കുന്ന വിചാരണ സംബന്ധിച്ച്‌ ഒരു ഏകദേശ രൂപം അയാള്‍ക്കു കിട്ടി. അതു സ്വയംപ്രഭ ആവശ്യപ്പെട്ട പ്രകാരം ഒരു സാധാരണ കത്തിയാണെന്ന്‌ അയാള്‍ക്ക്‌ ഏതായാലും തെളിയിക്കാന്‍ പറ്റില്ലെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. ഒന്നാമത്‌ അതു പണി പൂര്‍ത്തിയായിട്ടില്ല. കൊല്ലാനുള്ള കത്തിയില്‍ നിന്ന്‌ ഒരു വീട്ടുകത്തിയെ വ്യത്യസ്‌തമാക്കുന്നത്‌ അതിന്റെ മൂര്‍ച്ച മാത്രമല്ല. അതിന്റെ ആകൃതി, വലിപ്പം, മൂര്‍ച്ചയുടെ അളവ്‌ തുടങ്ങിയ പല ഘടകങ്ങളുമാണ്‌. പൂര്‍ത്തിയാവാത്ത സ്‌ഥിതിക്ക്‌ അതിപ്പോള്‍ ഏതു തരത്തിലുള്ള അന്തിമ ഉപയോഗത്തിനാണ്‌ ഉദ്ദേശിക്കപ്പെടുന്നത്‌ എന്നു പറയാറായിട്ടില്ല. ഇപ്പോള്‍ വേണമെങ്കില്‍ അത്‌ ആളുകളെ അപായപ്പെടുത്താനുള്ള വലിയ ഒരായുധത്തിന്റെ ചെറിയ രൂപമായിക്കണക്കാക്കാം. സ്വയംപ്രഭ വളരെ മുമ്പുതന്നെ ആവശ്യപ്പെട്ടതാണെങ്കിലും ഇത്രയും കാലം വൈകി അതുണ്ടാക്കാന്‍ ആരംഭിച്ചത്‌ കഴിഞ്ഞ ദിവസമായത്‌ എന്തുകൊണ്ടായിരിക്കാം എന്ന ചോദ്യത്തിനും വ്യക്‌തമായ ഒരുത്തരം ഉണ്ടായിരുന്നില്ല. ഏതോ ഒരു സമയത്ത്‌ അതുണ്ടാക്കാന്‍ എന്തുകൊണ്ടോ തോന്നി എന്നു മാത്രമേ പറയാനാവുകയുള്ളൂ. അതിനു തൊട്ടടുത്ത ദിവസം തന്നെ നിശാനിയമം പ്രഖ്യാപിക്കപ്പെട്ടതു വെറും യാദൃച്‌ഛികമായിരിക്കുമോ?. അതോ, മുന്‍കൂട്ടി തയാറാക്കപ്പെട്ട ഒരു ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരിക്കുമോ?. മുന്നോട്ടുനടക്കുമ്പോഴും അയാളില്‍ ആകാംക്ഷ നിറച്ചിരുന്നതു കിട്ടാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചുള്ള വേവലാതികളായിരുന്നില്ല. മറിച്ച്‌, നിര്‍മാണത്തിനിടെ പിടിച്ചെടുക്കപ്പെട്ട, ഇനിയുമൊരു കത്തിയോ വാളോ എന്നു തീരുമാനിക്കപ്പെടാത്ത ആയുധത്തിന്റെ ബാക്കിനില്‍ക്കുന്ന തെളിവായിരുന്നു. 
മറ്റു മൂന്നു പേര്‍ക്കും അത്തരത്തിലുള്ള ഒരു ആകംക്ഷ ഏതായാലുമുണ്ടായിരിക്കാനിടയില്ലെന്ന്‌ അയാള്‍ക്ക്‌ എന്തുകൊണ്ടോ തോന്നി. അവര്‍ തങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള പേടിയോടെ നടക്കുകയാണെന്നു മാത്രമാണ്‌ അയാള്‍ക്കു തോന്നിയത്‌. എന്നാ ലും തങ്ങള്‍ ചെയ്യാനിരിക്കുന്ന ഏതോ കുറ്റത്തെ കുറിച്ചുള്ള ആകുലതകളും അവരുടെ പരവേശത്തിലുണ്ടെന്ന്‌ എന്തുകൊണ്ടോ അയാള്‍ ഊഹിച്ചെടുത്തു. രാജശാസനം വന്നുകഴിഞ്ഞാല്‍ വേഷം മാറേണ്ടതില്ലെന്നു താന്‍ അവരെ നിര്‍ബന്ധിക്കാറുണ്ടെന്ന്‌ അവരെക്കൊണ്ടു മൊഴി കൊടുക്കാനും മതി. അവരില്‍ ആരേയും താന്‍ മുമ്പു കണ്ടിട്ടില്ലെങ്കിലും വിരാടില്‍ നിന്നോ ദേവിദാസനില്‍ നിന്നോ താന്‍ അപ്രകാരം വാദിക്കാറുള്ള കാര്യം അവര്‍ അറിഞ്ഞുകാണണം. ഇനി വിരാടോ ദേവിദാസനോ തന്നെ തനിക്കെതിരെ പറഞ്ഞേക്കാനും മതി. സ്വയംപ്രഭയെക്കൊണ്ടു തന്നെ തനിക്കെതിരെ മൊഴി കൊടുപ്പിക്കാന്‍ പടയാളികള്‍ക്കു വളരെ എളുപ്പമായിരുന്നു. അത്ര സമയമൊന്നും തനിക്കു വേണ്ടി പിടിച്ചുനില്‍ക്കാന്‍ അവള്‍ക്ക്‌ ആയില്ലെന്നും വരും. 
രാജാവിന്റെ സന്നിധിയിലേക്ക്‌ ആനയിക്കപ്പെട്ടപ്പോഴും തനിക്കു നീതി ലഭിക്കാനിടയില്ലെന്ന വിചാരത്തിലായിരുന്നു സുകേശന്‍. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പറ്റിയ ഒന്നും തന്റെ പക്കലില്ല. മറിച്ച്‌, തനിക്കെതിരെയുള്ള ഏറ്റവും വലിയ തെളിവായി പണി പൂര്‍ത്തിയാക്കാത്ത കത്തി പോലൊന്ന്‌ പടയാളികളുടെ കൈയിലുണ്ടുതാനും. ഒരു വിദൂഷകന്റെ വേഷത്തില്‍ നിന്ന രാജാവിനെ കണ്ടപ്പോള്‍ രാജാവിനു പറ്റിയ വേഷം അതുതന്നെയാണെന്നു ചിന്തിക്കാന്‍ ആകാംക്ഷയ്‌ക്കിടയിലും അയാള്‍ക്കു കഴിഞ്ഞു. സാധാരണ വേഷത്തിലുള്ള സുകേശനെ കണ്ടപ്പോള്‍, ഒരു ചാരനെ പിടിച്ചുവല്ലേ� എന്നാണു രാജാവ്‌ ഒരു കോമാളിയെപ്പോലെ പ്രതികരിച്ചതും. തന്നെ പരിചയമുള്ള പടയാളികള്‍ പോലും പരിചയഭാവം നടിക്കാത്ത സ്‌ഥിതിക്ക്‌ രാജാവ്‌ അങ്ങനെ ചോദിച്ചതിലല്ല അയാള്‍ക്ക്‌ അത്ഭുതം തോന്നിയത്‌. മറിച്ച്‌, വേഷം മാറിക്കഴിഞ്ഞാല്‍ അപ്രകാരം ചെയ്യാത്ത നുഴഞ്ഞുകയറ്റക്കാരെ പിടിക്കാന്‍ പറ്റുമെന്ന തന്റെ തന്നെ ബുദ്ധിയില്‍ രാജാവ്‌ ഇപ്പോഴും ഊറ്റം കൊള്ളുന്നുണ്ട്‌ എന്നതാണു സുകേശനെ വിസ്‌മയിപ്പിച്ചത്‌. ഒരു ചാരനെ പിടിച്ച അഭിമാനം തന്നെയായിരുന്നു പടയാളികളുടെയും മുഖത്ത്‌. 
` ഇവന്‍ വേഷം മാറാനിരിക്കുകയായിരുന്നു. അപ്പോഴേക്കും ഞങ്ങള്‍ പൊക്കി, പടയാളികളിലൊരാള്‍ പറഞ്ഞു. 
` ബലേ, ഭേഷ്‌. ഞാനന്നേ പറഞ്ഞില്ലേ എന്നൊരു മുഖഭാവമായിരുന്നു രാജാവിന്റെ മുഖത്തും ശരീര ചേഷ്‌ടകളിലും. 
` ഇവന്‍ പട്ടണത്തിനു പുറത്തെ തെരുവില്‍ ഒരു കൊല്ലപ്പുര നടത്തുകയായിരുന്നു. എല്ലാം ആളുകളുടെ കണ്ണില്‍ പൊടിയിടാനാണേ, വേറൊരു പടയാളി പറഞ്ഞു. 
` അങ്ങനെ വരട്ടെ. 
` ഇന്നലെ കുറെ ചാരന്മാര്‍ ഇവന്റെയടുത്തു വസന്നു. വസ്‌ത്രത്തിനകത്ത്‌ ഒളിപ്പിച്ചുവയ്‌ക്കാന്‍ പറ്റുന്നതും കൊടും മൂര്‍ച്ചയില്‍ നിശ്ശബ്‌ദമായി ആളുകളുടെ തലയറുക്കാന്‍ പറ്റുന്നതുമായ ഒരു പ്രത്യേക തരം കത്തിയുണ്ടാക്കിക്കൊടുക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അതുപ്രകാരം ആദ്യത്തെ കത്തിയുണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാ ഞങ്ങളുടെ പിടിയില്‍ വീഴുന്നത്‌. തൊണ്ടി ഹാജരാക്കിയിട്ടുണ്ട്‌. 
രാജാവ്‌ പണി തീരാത്ത കത്തി കൈയിലെടുത്തു പരിശോധന തുടങ്ങി. 
` ഇതു വെറും മീന്‍ വെട്ടാനുള്ള കത്തിയല്ലേ, സേനാനായകാ?. 
` മീനും വെട്ടാം, മഹാരാജന്‍. പക്ഷെ ഉണ്ടാക്കിയതു മനുഷ്യന്റെ കഴുത്തറക്കാനാ. 
` അതെങ്ങനെ മനസിലായി?. 
` ഈ കത്തി നാട്ടില്‍ പ്രചാരത്തിലില്ലാത്തതാ. മാത്രമല്ല, ഇരു വശത്തും മൂര്‍ച്ചയുമുണ്ട്‌. കഴുത്തിലേക്കാഴ്‌ത്തി പ്രത്യേക രീതിയില്‍ ഒന്നു തിരിച്ചാല്‍ ഒച്ച പോലും വയ്‌ക്കാന്‍ പറ്റുന്നതിനുമുമ്പു ചത്തുവീഴും. ഒരു സാംപിള്‍ കാണിച്ചുതരണോ മഹാരാജന്‍?. 
` ഒന്നു കണ്ടുകളയാം. 
ഒരു ഇരയെ കിട്ടാന്‍ വേണ്ടി സേനാനായകന്‍ ചുറ്റും നോക്കി. എന്നാല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതു നിശാനിയമം മൂലം നിരോധിച്ചിരുന്നതു കൊണ്ട്‌ വിചാരണ കാണാന്‍ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. രാജാവിന്റെ ദര്‍ബാറില്‍ ഉണ്ടായിരുന്ന ഒരു പടയാളി തന്നെയാണു അവസാനം തിരഞ്ഞെടുക്കപ്പെട്ടത്‌. അയാള്‍ ദൈന്യതയോടെ സുകേശനു നേരേ നോക്കി. ഒട്ടും പേടിക്കേണ്ടെന്നും അതു വീട്ടിലെ വെറും കറിക്കത്തിയാണെന്നും പറയണമെന്നു സുകേശനു തോന്നി. അതു പറഞ്ഞാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച്‌ അയാള്‍ക്കു നല്ല പോലെ അറിയാമായിരുന്നു. പറഞ്ഞില്ലെങ്കില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും. അവസാനം എന്തുംവരട്ടെയെന്ന നിശ്‌ചയത്തില്‍ അതു തുറന്നുപറയാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. 
` മഹാരാജന്‍, അതു കഴുത്തറക്കുന്ന കത്തി തന്നെയാണ്‌. അതു പരീക്ഷിച്ചുനോക്കേണ്ട ആവശ്യമില്ല. വെറുതേ ഒരു പടയാളിയുടെ ജീവന്‍.. 
` കണ്ടോ കണ്ടോ, അവന്‍ വഴിക്കു വരുന്നതു കണ്ടോ, സേനായനായകന്‍ പൊട്ടിച്ചിരിച്ചു. 
` എന്നിട്ട്‌, കത്തികളുണ്ടാക്കണമെന്നു പറഞ്ഞ്‌ നുഴഞ്ഞുകയറ്റക്കാര്‍ വന്നു, എന്നിട്ട്‌ അവന്റെ മറുപടിയെന്തായിരുന്നു. രാജാവിന്‌ ആകാംക്ഷ അടക്കാനായില്ല. 
` നൂറു കത്തികളായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്‌. അപ്പോള്‍ നുഴഞ്ഞുകയറിയവര്‍ നൂറു പേരാണെന്നു വ്യക്‌തം. അതിന്‍പ്രകാരം കത്തിയുണ്ടാക്കിത്തുടങ്ങിയിരുന്നു ഇവന്‍. അപ്പോഴാണു പിടിയിലായത്‌. 
` അല്ല, മഹാരാജന്‍, എനിക്കൊന്നു പറയാനുണ്ട്‌, സുകേശന്‍ തന്റെ വാദങ്ങള്‍ നിരത്താന്‍ ദുര്‍ബലമായി ശ്രമിച്ചു. സാധാരണ ഗതിയില്‍ കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്കു സംസാരിക്കാനുള്ള അവസരം രാജാവിന്റെ ദര്‍ബാര്‍ നല്‍കാറില്ല. സാക്ഷി മൊഴികളുടെ അടിസ്‌ഥാനത്തില്‍ കുറ്റം ഉറപ്പിക്കുകയാണു പതിവ്‌. 
` ചാരന്മാര്‍ ഇവന്റെ ആലയില്‍ ചെന്നതിനും കരാര്‍ ഉറപ്പിച്ചതിനും സംസാരം ഒളിഞ്ഞുകേട്ടവരുടെ തെളിവുകളുണ്ട്‌, മഹാരാജന്‍. സാക്ഷികളെ ഹാജരാക്കിയിട്ടുണ്ട്‌. 
തന്റെ കൂടെ പിടിച്ചുകെട്ടിക്കൊണ്ടുവന്നവര്‍ തനിക്കെതിരെയുള്ള സാക്ഷികളായിരുന്നു എന്ന്‌ അപ്പോള്‍ മാത്രമാണു സുകേശനു മനസിലായത്‌. ഒരു കത്തിയുണ്ടാക്കേണ്ട ആവശ്യത്തിനു താന്‍ കഴിഞ്ഞ ദിവസം ആലയില്‍ ചെന്നിരുന്നുവെന്നും അപ്പോള്‍ ചാരന്മാര്‍ നൂറു കത്തികളുണ്ടാക്കുന്നതിനു ചട്ടം കെട്ടുന്നതു നേരില്‍ കാണാന്‍ പറ്റിയെന്നും അതിലൊരാള്‍ മൊഴി നല്‍കുന്നതും സുകേശന്‍ കേട്ടു. സാക്ഷികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ താന്‍ വഴിയാണു ചാരന്മാര്‍ സുകേശന്റെ ആലയിലെത്തിയതെന്നു പറഞ്ഞതും അയാള്‍ കേട്ടു. 
` മഹാരാജന്‍, എന്നാല്‍ ഇവന്‍ എല്ലാവരെയും കബളിപ്പിക്കുകയായിരുന്നു. ചാരന്മാര്‍ക്കു മുമ്പേ ഇവന്‍ അതിര്‍ത്തി കടന്നുവന്ന്‌ ഇവിടെ താമസിക്കുകയായിരുന്നു. പ്രജകളിലൊരാളായ സ്വയംപ്രഭ എന്നൊരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു വീട്ടില്‍ താമസിക്കുകയായിരുന്നു. മാത്രമല്ല, വര്‍ഷങ്ങളായി ഇവിടെ തൊഴില്‍ക്കരം അടച്ചുകൊണ്ടിരിക്കുന്നതിനാവശ്യമായ രേഖകളും ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌. ഇവിടെ വര്‍ഷങ്ങളായി താമസിച്ചുവരികയാണെന്നു സ്‌ഥാപിക്കാന്‍. 
സേനാനായകന്‍ എല്ലാ പഴുതുകളും അടച്ചുകൊണ്ടുവരികയാണെന്നു സുകേശനു മനസിലായി. ഇനി എതിര്‍വാദങ്ങള്‍ നിരത്തിയിട്ടൊന്നും ഒരു ഫലവുമില്ലെന്നായിരിക്കുന്നു. ഇനി കുറ്റം ഏറ്റാലും നിഷേധിച്ചാലും വധശിക്ഷയല്ലാതെ മറ്റൊന്നും തന്റെ മുന്നില്‍ അവശേഷിച്ചിട്ടില്ലെന്ന്‌ അയാള്‍ക്കു മനസിലായി. എന്നാലും അവസാന ശ്രമമെന്ന നിലയില്‍ പറഞ്ഞു. 
` മഹാരാജന്‍, ഞാന്‍ അങ്ങയുടെ പ്രജ തന്നെയാണ്‌. അപ്പനപ്പൂപ്പന്മാരായി ഞങ്ങളിവിടെ താമസിച്ചുവരികയായിരുന്നു. വീട്ടാവശ്യത്തിനുള്ള കത്തികളുണ്ടാക്കിയും ചെറിയ ആയുധങ്ങളുണ്ടാക്കിയും കഴിഞ്ഞുവരികയായിരുന്നു. ഒരു കാലത്തു സൈന്യത്തിനുള്ള ആയുധങ്ങളും ഞങ്ങളാണുണ്ടാക്കിയിരുന്നത്‌. 
` കല്ലുവെച്ച നുണയാണതു മഹാരാജന്‍, സേനാനായകന്‍ പറഞ്ഞു. 
` അല്ല മഹാരാജന്‍, ലോഹപ്പണി നടത്താന്‍ അങ്ങയുടെ പൂര്‍വികര്‍ കൊണ്ടുവന്നു പാര്‍പ്പിച്ച കൊല്ലന്മാരാ ഞങ്ങളുടെ ആള്‍ക്കാര്‌. 
` കേട്ടോ, മഹാരാജന്‍. അതയാളുടെ നാവില്‍ നിന്നുതന്നെ പുറത്തുവന്നു. അയല്‍ രാജാവിന്റെ ആള്‍ക്കാരാണെന്നതിന്‌ ഇതില്‍ കൂടുതല്‍ തെളിവു വേണോ?. ചാരന്മാര്‍ നുഴഞ്ഞുകയറിയാല്‍ വേഷം മാറണമെന്ന ഉത്തരവ്‌ അനുസരിക്കേണ്ടതില്ലെന്ന്‌ ഇവന്‍ പ്രചരിപ്പിച്ചിരുന്നതും എന്തുകൊണ്ടായിരുന്നു എന്നതിനും തെളിവായി. ഇവനു വധശിക്ഷ നല്‍കി മാതൃക കാട്ടണമെന്നു രാജാവിനോട്‌ അപേക്ഷിക്കുന്നു. 
സേനാനായകന്‍ പറഞ്ഞതിനോടു പൂര്‍ണമായി യോജിക്കുകയായിരുന്നു രാജാവും. വധശിക്ഷ ഉറപ്പായെന്നു വിശ്വസിക്കാനാണു സുകേശന്‍ ശ്രമിച്ചത്‌. സേനാനായകന്റെ കൈയിലിരുന്നു ഇനിയും പൂര്‍ത്തിയാകാത്ത കത്തി അയാളെ നോക്കി. എന്നാല്‍, മുതുകിന്മേല്‍ രാജ്യത്തിന്റെ പേരു പൊള്ളിച്ചുകുത്തി അതിര്‍ത്തി കടത്തിവിടാനായിരുന്നു രാജാവ്‌ വിധിച്ചത്‌. ഇവിടത്തെ ചാരനാണെന്നു കരുതി ഇവന്റെ അന്ത്യം അയല്‍രാജാവിന്റെ കൈ കൊണ്ടുതന്നെയാകട്ടെ എന്നായിരുന്നു രാജാവിന്റെ തീര്‍പ്പ്‌. ഒരിക്കലും ആയുധങ്ങളുണ്ടാക്കാതിരിക്കാനായി കൈപ്പത്തികള്‍ വെട്ടിമാറ്റണമെന്നും നിശ്‌ചയിക്കപ്പെട്ടു. ഒരിക്കലും അസത്യം പുറത്തുപറയാതിരിക്കാന്‍ നാവു പിഴുതുകളയണമെന്നും. വേഷം മാറാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ എപ്പോഴും നഗ്നനായിരിക്കട്ടെ എന്നും. 
സേനാനായകന്റെ കൈയിലിരുന്നു ഇനിയും പൂര്‍ത്തിയാകാത്ത കത്തി അയാളെ നോക്കി ചെറുതായൊന്നു ചിരിക്കുന്നതു പോലെ സുകേശനു തോന്നി. അയാളുടെ മനസിലൊരു ഉല ഉണര്‍ന്നു കത്തി. അതില്‍ കിടന്നു ഞെട്ടിവിറച്ചു കത്തി പൊന്നു പോലെ പഴുത്തു. കൈയിലെ കൂടം പതിക്കുമ്പോള്‍ സാമാന്യത്തിലധികം ശക്‌തിയുണ്ടായിരുന്നു. പകുതി പണിതീര്‍ന്ന കത്തിയില്‍ നിന്ന്‌ അതിന്റെ പൂര്‍ണരൂപത്തിലേക്കു ഇനിയും ദുരമേറെയുണ്ടെന്നു സുകേശന്‌ എന്തുകൊണ്ടോ തോന്നി. 

******* 

Tuesday, 30 April 2013

എന്‍മകനെ
കുറെ നാളുകളായിരുന്നു രവിയുടെയും ശൈലജയുടെയും ദാമ്പത്യത്തില്‍ എന്തൊക്കെയോ അപസ്വരങ്ങള്‍ ഉ
യര്‍ന്നുതുടങ്ങിയിട്ട്‌. എന്നുവച്ച്‌, സാധാരണ ഗാര്‍ഹിക ദാമ്പത്യങ്ങളില്‍ കാണാറുള്ള സൗന്ദര്യപ്പിണക്കങ്ങളോ ദാമ്പത്യേ
തര ലൈംഗിക ബന്ധങ്ങളുമായി ബന്ധപ്പെട്ട വൈകാരിക പ്രശ്‌നങ്ങളോ ആയിരുന്നില്ല അത്‌. രാത്രി വൈകുംവരെ ഓ
രോന്ന്‌ സംസാരിച്ച്‌ ഉറങ്ങിപ്പോയ ഒരു രാത്രിയില്‍ ശൈലജ എന്തോ സ്വപ്‌നം കണ്ട്‌ അര്‍ധരാത്രി കഴിഞ്ഞിരുന്ന സമയത്തെപ്പോഴോ ഞെട്ടിയുണരുകയായിരുന്നു. വിയര്‍ത്തുകുളിച്ചു കണ്ട അവള്‍ എന്റെ കുഞ്ഞ്‌, എന്റെ കുഞ്ഞ്‌്‌ എന്നു പുലമ്പിക്കൊണ്ട്‌ ഒരു പൊട്ടിക്കരച്ചിലിന്റെ ആഴക്കയത്തിലേക്കു വീണുപോവുന്നതായിരുന്നു ഉറക്കം ഞെട്ടിയുണര്‍ന്ന രവി കണ്ടത്‌. കുഞ്ഞിനെപ്പറ്റി ദുഃസ്വപ്‌നം കണ്ടുണരാന്‍ അവര്‍ക്ക്‌ അന്നേരം ഒരു കുഞ്ഞു ജനിച്ചിട്ടുപോലുമില്ലായിരുന്നു.
എങ്കിലും അവരുടെ വിചാരങ്ങളിലും സ്വപ്‌നങ്ങളിലും ഒരു കുഞ്ഞ്‌ തന്റെ കുഞ്ഞിക്കാലുകള്‍ പിച്ചവെച്ചു നടന്നി
രുന്നു. കളിമ്പം കാട്ടി അവരെ കുടുകുടാ ചിരിപ്പിച്ചുകൊണ്ടിരുന്നു. ഉത്തരത്തില്‍ നിന്നു നീണ്ടിറങ്ങിയിരുന്ന തുണി
ത്തൊട്ടിലില്‍ പാല്‍വിരല്‍ നുണഞ്ഞുകൊണ്ട്‌ അല്ലലില്ലാതെ ഉറങ്ങിയിരുന്നു. അവരുടെ പ്രഭാതങ്ങളിലേക്ക്‌ അവള്‍
( ശൈലജയ്‌ക്ക്‌ അവന്‍) പാല്‍പ്പുഞ്ചിരി പൊഴിച്ച്‌ ഉദിച്ചുയര്‍ന്നിരുന്നു. രവിയച്‌ഛനെ ആനയാക്കി മുറ്റത്തും തൊടിയിലു
ം നടത്തിയിരുന്നു. രവിക്ക്‌ അസൂയയുണ്ടാക്കിക്കൊണ്ട്‌ ശൈലജയുടെ മാറിലേക്ക്‌ ഏറെ നേരം മുഖം പൂഴ്‌ത്തിയിരിക്കു
മായിരുന്നു. കുഞ്ഞ്‌ തന്റേതെന്നും താന്‍ തന്റേതെന്നും അവകാശമുന്നയിക്കുന്ന ശൈലജയുടെ മുലക്കണ്ണുകളെ എന്നും
രവിയില്‍ നിന്നു തട്ടിപ്പറിച്ചെടുത്തിരുന്നു.
` എന്താ, ശൈലജേ നമ്മുടെ കുഞ്ഞിന്‌ എന്താണു രാത്രിയില്‍ പറ്റിയത്‌?.
` അതു ഞാനെങ്ങനെയാ രവിയേട്ടാ പറയുന്നത്‌. അത്‌ എന്നെത്തന്നെ വീണ്ടും വീണ്ടും പേടിപ്പിക്കുന്നു.
അപ്പോള്‍ പെയ്‌തുതീര്‍ന്ന ഒരു കരച്ചില്‍ മഴയ്‌ക്കിടെ ശൈലജ ദുഃസ്വപ്‌നത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
` നമ്മുടെ കുഞ്ഞ്‌ പൂവയറ്‌ നിറയെ പാല്‍ കുടിച്ചു ഉറങ്ങുകയായിരുന്നു. ഞാനെത്ര നേരമാ നോക്കിയിരുന്നതെ
ന്ന്‌ എനിക്കോര്‍മയില്ല. പെട്ടെന്നു കുഞ്ഞിന്റെ തല മാത്രം വളരാന്‍ തുടങ്ങി. അതിനനുസരിച്ച്‌ കൈകാലുകള്‍ ഈര്‍ക്കി
ലിക്കമ്പു പോലെ മെലിഞ്ഞുമെലിഞ്ഞുവന്നു. ആ വലിയ തലയില്‍ നിന്ന്‌ രണ്ടു കണ്ണുകള്‍ എന്നെ തുറിച്ചുനോക്കി. വ
ല്ലാത്തൊരു ദൈന്യതയോടെ. എന്നെ എന്തിനാ അമ്മേ, ഈ ഭൂമിയില്‍ ഇങ്ങനെ ജനിപ്പിച്ചത്‌. ഞാന്‍ അമ്മയുടെ വയറ്റി
ലെ ഒരു കുഞ്ഞു കോശമായി കിടന്നേനെയല്ലോ എന്ന്‌. രവിയേട്ടാ, ഞാന്‍ പെട്ടെന്ന്‌ ഭൂമിയില്‍ ആഴ്‌ന്നു പോവുന്നതു
പോലെ തോന്നി. അപ്പോള്‍ അതിന്റെ തല വല്ലാതെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഞാന്‍ പേടിച്ചുവിറച്ചുപോയി.
എന്തു പറഞ്ഞാണു ശൈലജയുടെ പേടി മാറ്റേണ്ടതെന്ന്‌ രവിക്കറിയില്ലായിരുന്നു. ഒരു സാന്ത്വനത്തിനും അവളെ
സമാധാനിപ്പിക്കാനാവില്ലെന്ന്‌ അയാള്‍ അറിഞ്ഞു. താന്‍ വളരെ നിസ്സഹായനാണെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. അയാള്‍ക്കു ശൈലജയെ ചേര്‍ത്തുപിടിക്കുക മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ, അയാളുടെ നെഞ്ചില്‍ അവളുടെ കണ്ണീര്‍ക്കര്‍ക്കടകം പെയ്‌തുതീരുന്നതുവരെ. പിന്നീട്‌ എപ്പോഴോ അവള്‍ ഉറങ്ങിപ്പോവുന്നതു വരെ അയാള്‍ ഒന്നും അവളോടു പറ ഞ്ഞില്ല. അയാള്‍ക്ക്‌ എന്തെങ്കിലും പറയാനുണ്ടായിരുന്നില്ല. ഉള്ളില്‍ ഒരു കാര്‍മേഘത്തെ ഇരമ്പല്‍ അറിഞ്ഞുകൊണ്ട്‌ അയാള്‍ അവളുടെ പുറം പതുക്കെ തലോടിക്കൊണ്ടിരുന്നു. ഇതിനെ ഗാര്‍ഹിക ദാമ്പത്യത്തിലെ മാത്രം പ്രശ്‌നമായിക്കാണാന്‍ അയാള്‍ക്കാവുമായിരുന്നില്ല. ശൈലജയും താ
നുമായുള്ള അതീവ രഹസ്യവും അതിലോലവുമായ കൂടിച്ചേരലില്‍ രപുറത്തുനിന്നാരോ ഇടപെടുന്നുണ്ട്‌ എന്ന വസ്‌തു
ത ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്‌തമായി വരികയായിരുന്നു. ഇതിനെ പോസ്‌റ്റ്‌ എന്‍മകജെ ഇ
മോഷണല്‍ സിന്‍ഡ്രോം എന്നുവിളിച്ചു മനഃശാസ്‌ത്രജ്‌ഞര്‍ ലളിതമാക്കാന്‍ ശ്രമിക്കുന്നെന്നു രവി അയാള്‍ക്കു പരിചയ
മുള്ള സൈക്കോളജിസ്‌റ്റ്‌ ജോസഫ്‌ ചെറിയാനോടു തര്‍ക്കിക്കുക വരെ ചെയ്‌തു. ഈയൊരു തരത്തിലുള്ള മാനസിക
വിഭ്രാന്തി ഹിരോഷിമ അണുബോംബ്‌ സ്‌ഫോടനത്തിനും ചെര്‍ണോബില്‍ - ഭോപ്പാല്‍ ദുരന്തങ്ങള്‍ക്കു ശേഷവും ഉണ്ടാ
യിരുന്നതായി ജോസഫ്‌ ചെറിയാന്‍ സ്‌ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു. എല്ലാ വന്‍ വാര്‍ത്താ വിസ്‌ഫോടനങ്ങള്‍ക്കു
ശേഷവും ഇങ്ങനെയുള്ള മാനസികാസ്വാസ്‌ഥ്യങ്ങള്‍ കണ്ടിരുന്നു. കാണുന്നതും കേള്‍ക്കുന്നതും നമ്മളിലുണ്ടാക്കുന്ന
ഭീതിയാണ്‌ ഇതിന്റെ കാരണം. വ്യാപകമായ ഭ്രൂണഹത്യകളും നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുരന്ത ഭൂമിയില്‍
നിന്നു ദൂരെ താമസിക്കുന്നവര്‍ക്ക്‌ ഇത്തരമൊരു ഭീതിക്കു കാരണമേയില്ല. ഇതുകുറച്ചുകാലം തുടരും. ഇതൊരു മാനസി
ക വിഭ്രാന്തിയായി മാറാന്‍ അനുവദിക്കരുതെന്നു മാത്രം.
എന്നാല്‍ ഒരു സ്വപ്‌നത്തില്‍ തീരുന്നതായിരുന്നില്ല ശൈലജയുടെ ആകുലതകള്‍. അവള്‍ വന്നസുവന്ന്‌ ഉറങ്ങാന്‍
തന്നെ പേടിച്ചുപോകുമോ എന്നതായിരുന്നു രവിയുടെ വേവലാതി. ഉറക്കത്തില്‍ അവളുടെ കണ്ണന്‍ അവളെ ഇടയ്‌ക്കി
ടെ പേടിപ്പിച്ചുകൊണ്ടിരുന്നു. പലപ്പോഴും അര്‍ധരാത്രി കഴിയുമ്പോള്‍ അവള്‍ ഉറക്കം ഞെട്ടി കിടക്കയില്‍ ഉറങ്ങാതെ നേ
രം വെളുപ്പിച്ചു. രവിയെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞ്‌ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അവള്‍ ആവോളം ശ്രമിച്ചിരുന്നു. ഉറങ്ങാ
തെ കിടക്കുന്ന അവളെ എന്തു പറഞ്ഞ്‌ ആശ്വസിപ്പിക്കും എന്നറിയാതിരുന്നതിനാല്‍ ആദ്യമാദ്യമൊന്നും രവി അവളുടെ
ദുഃസ്വപ്‌നങ്ങളില്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍, മൗനം അവളുടെ സങ്കടങ്ങള്‍ക്കു പരിഹാരമാവില്ലെന്ന്‌ അയാള്‍ വൈകി
തിരിച്ചറിഞ്ഞു. താനും അവളുടെ ഭീതികള്‍ പങ്കിട്ടില്ലെങ്കില്‍ അവള്‍ കടുത്ത വിഷാദരോഗത്തിലേക്കു പതിച്ചേക്കുമോ
എന്നയാള്‍ ഭയന്നു. അവളുടെ അയഥാര്‍ഥ പേടികളെ കടുത്ത മാനസിക വിഭ്രാന്തിയായി മാറാന്‍ അനുവദിക്കരുതെന്ന
ജോസഫ്‌ ചെറിയാന്റെ മുന്നറിയിപ്പ്‌ അയാള്‍ ആദ്യമായി ഗൗരവത്തിലെടുത്തു. അവരുടെ വിചാരങ്ങളിലും സ്വപ്‌നങ്ങളി
ലും നിറഞ്ഞുനിന്നിരുന്ന കുഞ്ഞിനെ ആരോഗ്യത്തെ വളര്‍ത്തുകയെന്നതായിരുന്നു അയാള്‍ കണ്ടെത്തിയ ഒരു പോംവ
ഴി. ആ കുഞ്ഞിനെപ്പറ്റിയുള്ള ഓരോ വിചാരങ്ങള്‍ കൂടുതല്‍ ബോധപൂര്‍വം അവളുമായി പങ്കുവച്ചുതുടങ്ങി. അവള്‍
( ശൈലജയുടെ അവന്‍) തലേ ദിവസം ഉറക്കത്തില്‍ വന്നു പറഞ്ഞ കൊഞ്ചല്‍ മൊഴികള്‍.
` നോക്ക്‌ ശൈലജേ, ഇന്നലെ അവള്‍ എന്നോടു പറയുകയാ, കുറെ പൂക്കള്‍ കൊണ്ടുവന്ന്‌ മുറ്റത്ത്‌ ഒരു പൂക്കളമി
ടണമെന്ന്‌. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഓണത്തിനല്ലേ എല്ലാവരും മുറ്റത്ത്‌ പൂക്കളമൊരുക്കുന്നത്‌. ഇതു മീനമാസമായ
ല്ലേ ഉള്ളൂ. അപ്പോള്‍ അവള്‍ പറയുകയാ, നമുക്ക്‌ ഓണം വരുന്നതു വരെയൊന്നും കാത്തിരിക്കേണ്ട. എന്നും വേണം എ
നിക്കു മുറ്റത്തു പൂക്കളം. ഞാനെന്നും പൂപ്പറിക്കാന്‍ പോകും. തുമ്പയും പിച്ചിയും മുല്ലയും എല്ലാം ഞാന്‍ കൊണ്ടുവരു
ന്നുണ്ട്‌. അച്‌ഛന്‍ നല്ല ജമന്തിപ്പൂക്കള്‍ വാങ്ങിക്കൊണ്ടുവന്നാല്‍ മതി കടേന്ന്‌. ഞാനതു സമ്മതിക്കുകേം ചെയ്‌തു.
എന്നാല്‍ ഇത്തരം കുഞ്ഞുവര്‍ത്തമാനങ്ങളെന്തെങ്കിലും ശൈലജയെ സമാധാനിപ്പിക്കുകയല്ല, മറിച്ചു കൂടുതല്‍
വിഷമിപ്പിക്കുകയായിരുന്നെന്ന്‌ ആദ്യമൊന്നും രവി മനസിലാക്കിയിരുന്നില്ല. കിടക്കയില്‍ നിന്ന്‌ എഴുന്നേല്‍ക്കാന്‍ പറ്റാ
ത്ത കണ്ണന്‍ എങ്ങനെ തൊടിയിലും മറ്റും പോയി പൂവിറുത്തുകൊണ്ടുവരും എന്ന ചിന്തയായിരിക്കണം ആലോചനകള്‍
അവളെ കരയിച്ചുകൊണ്ടിരുന്നു.
` നീയിങ്ങനെ ഓരോന്നോര്‍ത്തു വിഷമിച്ചാലോ ശൈലജേ. നമ്മുടെ കുഞ്ഞ്‌ ആരോഗ്യത്തോടെ തന്നെ വളരും.
സ്‌കൂളില്‌ പോയി വരും. ഇടയ്‌ക്കിടെ എന്തിനോ വേണ്ടി ശാഠ്യം പിടിക്കും. അപ്പോള്‍ നിന്റെ കൈയില്‍ നിന്നു നല്ല ചുട്ട
അടികിട്ടും. അവന്‍ കരഞ്ഞുകൊണ്ട്‌ എന്റെ അടുക്കലേക്ക്‌ ഓടിവരും. അപ്പോള്‍ ഞങ്ങള്‌ രണ്ടാളും ചേര്‍ന്ന്‌ നിന്നെ വന്നു
കെട്ടിപ്പിടിക്കും. ദേഷ്യമെല്ലാം മറന്ന്‌ നീയവന്‌ ഉമ്മകള്‍ ഒന്നൊന്നൊഴിയാതെ കൊടുക്കുകയും ചെയ്യും. അപ്പോള്‍, വന്നു
വന്ന്‌ അമ്മയും മോനും ഒന്നായി, അച്‌ഛന്‍ ഔട്ടായി എന്നു ഞാന്‍ പിണങ്ങും. നീ കൊടുത്തുവിട്ട ഉമ്മകളെല്ലാം അവന്‍
എനിക്കു തരും. അപ്പോള്‍ നിന്നെ നോക്കി ഞങ്ങളു രണ്ടാളും കൊഞ്ഞനംകുത്തും. കേള്‍ക്കുന്നുണ്ടോ നീയ്‌?.
അവള്‍ വളരെ ദൈന്യതയോടെ ഒന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറയാത്തതു രവിയെ കൂടുതല്‍ വേദനി
പ്പിക്കുകയായിരുന്നു. അവള്‍ അയാളുടെ അടുക്കലേക്കു കൂടുതല്‍ ചേര്‍ന്നിരുന്നതിനു ശേഷം ദീര്‍ഘമായി നിശ്വസിച്ചു.
താന്‍ പറഞ്ഞുവരുന്ന കാര്യങ്ങള്‍ അവളുടെ ബോധ്യത്തിലേക്കു കടന്നുവരുന്നുണ്ടെന്ന്‌ അയാള്‍ക്കു തോന്നി.
` പിന്നെ, നോക്ക്‌ ശൈലജേ. നമ്മള്‍ ഇവിടെ പട്ടണത്തിലായതിനാല്‍ നിന്റെ പേടികള്‍ അസ്‌ഥാനത്താണ്‌. കീട
നാശിനി പിഞ്ചുകുഞ്ഞുങ്ങളെ തുടരെത്തുടരെ വേട്ടയാടിയ ഗ്രാമത്തില്‍ നിന്നു നമ്മള്‍ വളരെ അകലെയാണ്‌. നമ്മളോ
നമ്മുടെ കുഞ്ഞുങ്ങളോ രാസ ഭീഷണിയുടെ പിടിയിലല്ല. പിന്നെ നീയെന്തിനാണ്‌ വെറുതേ ആശങ്കപ്പെടുന്നത്‌. എന്റെ
പഴയ ശൈലജയെ കണ്ടിട്ട്‌ എത്ര കാലമായി. നീയെത്ര ചുറുചുറുക്കുള്ളവളായിരുന്നു. ഇന്നു നിന്റെ പ്രസരിപ്പെല്ലാം
കൈമോശം വന്നിരിക്കുന്നു. ഇത്ര പേടിക്കാനെന്തിരിക്കുന്നു?.
അതിനും അവളുടെ മറുപടി വിളര്‍ത്ത പുഞ്ചിരി മാത്രമായിരുന്നു. അതു അവളുടെ നിറഞ്ഞ ചിരിയുടെ ഒരു നെ
ഗറ്റീവ്‌ കാണുന്നതു പോലെയുണ്ടായിരുന്നു. അവളില്‍ പതുക്കെപ്പതുക്കെ വീണ്ടും ആത്മവിശ്വാസം നിറയ്‌ക്കാന്‍ പറ്റു
മെന്ന്‌ അയാള്‍ക്കു തോന്നി. എന്നാല്‍ ഓരോ രാത്രിയിലും ദുഃസ്വപ്‌നങ്ങള്‍ വന്നു പഴയ ശൈലജയെ നാള്‍ക്കുനാള്‍ കഴിയുന്തോറും എവിടെയോ ഒളിപ്പിച്ചുവച്ചുകൊണ്ടിരുന്നു. ഒരു രാത്രിയില്‍ അവള്‍ ഞെട്ടിയുണര്‍ന്ന്‌ അലറിക്കരഞ്ഞ ശേഷംബോധക്കേടിലേക്കു വീണുപോയി. രവി വല്ലാതെ പേടിച്ചുപോയ രാത്രിയായിരുന്നു അത്‌. എന്തു പറഞ്ഞാണ്‌ അവളെ സമാശ്വസിപ്പിക്കേണ്ടത്‌ എന്നറിയാതെ അയാളും വിളറിവിളര്‍ത്തു പോയിരുന്നു. പിന്നെയെപ്പോഴോ കണ്ണുതുറന്നു താന്‍ കണ്ട ഭീകര സ്വപ്‌നത്തെപ്പറ്റി പറഞ്ഞപ്പോള്‍ അയാള്‍ കൂടുതല്‍ പേടിച്ചുപോവുകയായിരുന്നു.
` രവിയേട്ടാ കണ്ണന്റെ എല്ലുകളെല്ലാം മെഴുകു പോലെ അലിഞ്ഞുപോവുകയായിരുന്നു പെട്ടെന്ന്‌. ഞാന്‍ കുളിപ്പി
ച്ച്‌ കണ്ണൊക്കെയെഴുതി കിടത്തിയിരിക്കുകയായിരുന്നു. അടുക്കളയില്‍ ചെന്നു പഴംകുറുക്ക്‌ എടുത്തുവരേണ്ട താമസമേ
യുണ്ടായിരുന്നുള്ളൂ. പെട്ടെന്ന്‌ ഒരു ഞരക്കം കേട്ടു. എന്തോ കണ്ടു കള്ളന്‍ ശബ്‌ദമുണ്ടാക്കിയതാണെന്നേ കരുതിയുള്ളൂ.
തിരിച്ചുവന്നപ്പോഴും കുഴപ്പമൊന്നുമില്ല. എന്നാല്‍ കൈകാല്‍ ഇളക്കിയുള്ള ആ കളിയുണ്ടല്ലോ. അതൊന്നുമില്ല. തളര്‍ന്നു
കിടക്കുന്നു. മടിയിലിരുത്തി പഴംകുറുക്ക്‌ കൊടുക്കാമെന്നു വിചാരിച്ച്‌ വാരിയെടുത്തപ്പോള്‍ ഒരു പഴന്തുണിക്കെട്ട്‌ എടു
ക്കുന്ന പോലെയാണു തോന്നിയത്‌. അപ്പോള്‍ കണ്ണന്റെ ദേഹത്ത്‌ എല്ലുകളൊന്നുമുണ്ടായിരുന്നില്ല. എല്ലാം അലിഞ്ഞു
പോയിരുന്നു. എടുത്തപ്പോള്‍ ശരീരം മുഴുവന്‍ താഴോട്ട്‌ ഒഴുകിപ്പോയി. അവയവങ്ങള്‍ നിറച്ച തൊലി കൊണ്ടുള്ള ഒരു
ഭാണ്ഡമായിരിക്കുന്നു എന്റെ കണ്ണന്‍. ഒരു നിലവിളി എന്റെ അടിവയറ്റില്‍ നിന്നുയര്‍ന്നു. അതു തൊണ്ടയില്‍ കല്ലിച്ചുകി
ടന്നു. കണ്ണുകള്‍ തുറിച്ചുള്ള അവന്റെ ശരീരം വലിയൊരു പുഴുവിനെപ്പോലെയാണുതോന്നിയത്‌. എന്നെ ആരോ ഉ
റക്കത്തില്‍ നിന്നു പുറത്തേക്ക്‌ എറിയുകയായിരുന്നു, രവിയേട്ടാ. പറ, എന്റെ കണ്ണനെന്താണ്‌ പറ്റിയത്‌. അവന്റെ എല്ലു
കള്‍ ഇനി വീണ്ടും മുളക്കുമോ?. അവന്‍ വലിയൊരു പുഴുവായി കഴിയേണ്ടിവരുമോ ജീവിതകാലം മുഴുവന്‍?.
അതിനയാള്‍ക്ക്‌ ഉത്തരമില്ലായിരുന്നു. എല്ലാം നിന്റെ പേക്കിനാവു മാത്രമാണെന്നു പറഞ്ഞ്‌ എങ്ങനെയാണ്‌ അവ
ളെ മറിച്ചു വിശ്വസിപ്പിക്കുക എന്ന സംശയത്തിലായിരുന്നു അയാള്‍. എന്നത്തേയും പോലെ അവളെ ചേര്‍ത്തുപിടിച്ച്‌,
മുഖത്തുനിന്നു കണ്ണീര്‍ച്ചാലുകള്‍ അഴിച്ചുമാറ്റി അവളെ മൃദുവായി ഉമ്മ വയ്‌ക്കാനേ അയാള്‍ക്കു സാധിച്ചുള്ളൂ. പിന്നെ
എന്തെങ്കിലും പറയാനുള്ള വാക്കുകള്‍ തപ്പിക്കിട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു.
` നോക്ക്‌, ശൈലജേ. എല്ലാം നിനക്കു തോന്നുന്നതു മാത്രമാ. നമ്മുടെ കണ്ണന്‌ ഒന്നും സംഭവിക്കില്ല. അവന്‍ പിച്ച
വച്ച്‌ പിച്ചവച്ച്‌ ഈ മുറ്റത്ത്‌ വളരും. മൂവാണ്ടന്‍ മാവില്‍ നിന്നു കണ്ണിമാങ്ങകള്‍ എറിഞ്ഞുപൊട്ടിച്ചും കിണറ്റുവെള്ളം ആ
രും കാണാതെ കുടിച്ചും കുസൃതിയായി വളരും. സ്‌കൂളില്‍ പോയി എല്ലാ വിഷയത്തിനും നല്ല മാര്‍ക്കു വാങ്ങി വരും. അ
വന്‍ നാട്ടുകാരുടെയും ടീച്ചര്‍മാരുടെയും കണ്ണിലുണ്ണിയായിരിക്കും. നീ നോക്കിക്കോ. നമ്മള്‍ കീടനാശിനികളില്‍ നിന്ന്‌
എത്രയോ അകലെയാണ്‌. നീയിങ്ങനെ പേടിക്കാതെ.
വളരെ നാളുകള്‍ക്കു ശേഷമാണെങ്കിലും അവളില്‍ നിന്ന്‌ ഒരു മറുപടിയുണ്ടായതിന്റെ ആശ്വാസം രവിയില്‍ അധി
കനേരം നീണ്ടുനിന്നില്ല.
` എത്ര ദൂരം രവിയേട്ടാ?
` നൂറുകണക്കിനു കിലോമീറ്ററുകള്‍ ദൂരം. നമ്മള്‍ ആപത്തില്‍ നിന്ന്‌ എത്രയോ അകലത്താണ്‌.
` അല്ല, രവിയേട്ടാ.
` പിന്നെ?.
` നമ്മള്‍ ഉണരുന്നതും ജീവിക്കുന്നതും ഉണ്ണുന്നതും എല്ലാം കീടനാശിനികള്‍ക്കൊപ്പമല്ലേ രവിയേട്ടാ. പച്ചക്കറിയി
ലും പാലിലും എന്നുവേണ്ട എന്തിലാ കീടനാശിനിയുടെ സാന്നിധ്യമില്ലാത്തത്‌. അപ്പോള്‍ നമ്മള്‍ ആപത്തില്‍ നിന്ന്‌ അ
കലെയാണെന്ന്‌ എങ്ങനെ ആശ്വസിക്കും?.
` എന്നാല്‍ അതൊന്നും ആ കീടനാശിനി പോലെ കുഴപ്പങ്ങളുണ്ടാക്കുമെന്നു കണ്ടെത്തിയിട്ടില്ലല്ലോ?.
` കണ്ടെത്തിയിട്ടില്ലെന്നു മാത്രമല്ലേയുള്ളു. ഇനി നാളെ അതു കണ്ടെത്തിക്കൂടെന്നുണ്ടോ. പേക്കിനാവിലെ കണ്ണ
നെപ്പോലെ കാണെക്കാണെ എല്ലുകളെല്ലാം ദ്രവിച്ചുപോയി വലിയ ഒരു പുഴുവാകുന്ന രോഗം ഉണ്ടാവാനിടയില്ലെന്ന്‌
ആര്‍ക്ക്‌ ഉറപ്പിച്ചുപറയാന്‍ കഴിയും?. ഇപ്പോഴേ നമ്മള്‍ ജനിതകമായി എത്ര മാറിയിട്ടുണ്ടെന്ന്‌ ആര്‍ക്കു പറയാന്‍ പറ്റും.
ശൈലജ പറയുന്നതു ശരിയല്ല എന്നു തെളിയിക്കാന്‍ തന്റെ കൈയില്‍ തെളിവുകളൊന്നുമില്ലെന്നു രവി കണ്ടു. മ
റിച്ചു സ്‌ഥാപിക്കാനാണെങ്കില്‍ അവ വേണ്ടത്ര ഉണ്ടുതാനും. എന്നാലും അവളുടെ ഭീതി മാറ്റുകയാണു തന്റെ പ്രധാന
കര്‍ത്തവ്യമെന്ന്‌ അയാള്‍ കരുതി.
` അതു നമുക്ക്‌ ഇപ്പോഴേ തീര്‍ച്ചയാക്കാന്‍ പറ്റുമോ ശൈലജേ?. ചിലതെല്ലാം വരുന്നിടത്തു വച്ചു കാണാം എന്നു
ചിന്തിക്കുന്നതല്ലേ കൂടുതല്‍ യുക്‌തി?.
` വന്നു കഴിഞ്ഞിട്ടു വന്നതിനെ പഴിക്കുന്നതിനേക്കാള്‍ നല്ലതല്ലേ നേരത്തേ ആലോചിക്കുന്നത്‌.
` എന്നാലും ഒരു കെമിക്കല്‍ ഫിയര്‍ സൈക്കോസിസിന്റെ ആവശ്യമുണ്ടോ?.
` ഇത്‌ അകാരണമായ പേടിയില്‍ നിന്നുണ്ടാവുന്ന മാനസിക രോഗമല്ല, രവിയേട്ടാ. മറിച്ച്‌ അനിവാര്യമായതിനെ
കാത്തിരിക്കുന്ന യഥാര്‍ഥ ഭീതി തന്നെയാ.
അവള്‍ തന്റെ മാനസികാവസ്‌ഥ ഏതാണ്ടു വീണ്ടെടുത്തുവെന്ന്‌ അയാള്‍ക്കു തോന്നി. അവള്‍ പഴയ ശൈലജയെ
പ്പോലെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഇനി കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ എളുപ്പമുണ്ടെന്ന്‌ അയാള്‍ക്കു തോ
ന്നി. എന്നാല്‍ പിറ്റേന്ന്‌ വൈകുന്നേരം വരെ മാത്രമേ ആ ആശ്വാസം നീണ്ടുനിന്നുള്ളൂ. പിറ്റേന്നു വൈകീട്ട്‌ രവി ഓഫി
സില്‍ നിന്നെത്തിയപ്പോഴേക്കും ശൈലജ സാരിയുടുത്തു പുറത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു.
` അതു നന്നായി. ഞാനും കുറെക്കാലമായി വിചാരിക്കുന്നു നമുക്ക്‌ എന്നും വൈകുന്നേരം വെറുതേ കുറച്ചുനേരം നടക്കാന്‍ പോണമെന്ന്‌. എത്ര നേരമാ നീ വീട്ടിനുള്ളില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതെന്ന്‌. പാര്‍ക്കിലൊക്കെ
പോയി കുഞ്ഞുങ്ങള്‍ ഓടുന്നതും ചാടുന്നതും തലയറഞ്ഞു ചിരിക്കുന്നതുമൊക്കെ കാണുമ്പോള്‍ തന്നെ മനസൊന്നു
ഫ്രഷാവും.
` നടക്കാനൊന്നുമല്ല, രവിയേട്ടാ. നമുക്ക്‌ ആ ഗൈനക്കോളജിസ്‌റ്റിനെ ഒന്നു കണ്ടാലോ?.
` വിശേഷം വല്ലോമുണ്ടോ, മോളെ. ചെക്ക്‌ ചെയ്യാറായോ?.
` ഏയ്‌, അതിനൊന്നുമല്ല. വെറുതേ ഒന്നു കണ്ടേക്കാമെന്നു കരുതി. എന്നായാലും കാണണമല്ലോ.
` അതേതായാലും നന്നായി.
എന്നാല്‍ ഗൈനക്കോളജിസ്‌റ്റിനെ കാണാനുള്ള യാത്രയ്‌ക്കിടയിലാണ്‌ അവള്‍ തുറന്നു പറഞ്ഞത്‌.
` രവിയേട്ടാ. ഞാന്‍ കുറെ ആലോചിച്ചു. പെട്ടെന്ന്‌ ചാടിയെടുത്ത തീരുമാനമൊന്നുമല്ല. വഴക്കു പറയരുത്‌. ഞാന
തങ്ങു കളയാന്‍ തീരുമാനിച്ചു.
` അതേ അതാ ഞാനും പറയുന്നത്‌. നീ നിന്റെ പേടിയും വിഷാദവും എല്ലാം പെട്ടെന്നൊന്ന്‌ കളയ്‌. എന്നിട്ട്‌ കണ്ണ
നെ പെട്ടെന്ന്‌ എന്റെ കൈയീത്താ. എനിക്കവനെ കൊഞ്ചിക്കാന്‍ കൊതിയായിട്ടു വയ്യ.
` നമുക്കു കണ്ണനെ വേണ്ട, രവിയേട്ടാ. ഓടിക്കളിക്കാത്ത, ചിരിക്കനറിയാത്ത, കൈയും കാലും സ്വന്തം വരുതിയില
ല്ലാത്ത കണ്ണനെ നമുക്കു വേണ്ടെന്നുവയ്‌ക്കാന്‍ പറ്റില്ല. പക്ഷെ, അവന്റെ ഭാഗത്തുനിന്നു നോക്കുമ്പോള്‍. അമ്മേടെ വയ
റ്റില്‌ ഒരു കുഞ്ഞു കോശമായി ഞാന്‍ കിടന്നേനെയല്ലോ, എന്നെ എന്തിനാ ഈ നരകത്തിലേക്കു ജനിപ്പിച്ചത്‌ എന്ന്‌ അ
വന്‍ ചോദിച്ചാല്‍ നമ്മളെന്ത്‌ ഉത്തരമാ പറയുക, രവിയേട്ടാ. വേണ്ട. രവിയേട്ടനു ഞാനും എനിക്കു രവിയേട്ടനും മതി.
എന്തു മണ്ടത്തരമാ നീയിപ്പറയുന്നതു ശൈലജേ എന്നൊരു പൊട്ടിത്തെറിയാണു രവിയില്‍ നിന്നുണ്ടായത്‌. അ
തുതന്നെയാണു ഡോ. രാംദാസിനും ചോദിക്കാനുണ്ടായിരുന്നതും.
` നിങ്ങള്‍ രണ്ടു പേരും ചെറുപ്പം. നല്ല ആരോഗ്യവും. വിഷേഷിച്ച്‌ ശൈലജയ്‌ക്ക്‌ ഗൈനക്കോളജിക്കല്‍ കോംപ്ലി
ക്കേഷന്‍സ്‌ ഒന്നുമില്ല. എന്നിട്ടും യൂട്ടറസ്‌ റിമൂവ്‌ ചെയ്യണമെന്നൊക്കെ പറഞ്ഞാല്‍ ഒരു ഡോക്‌ടറെന്ന നിലയില്‍ ഗെറ്റ്‌
ഔട്ട്‌ പറയുകയാണു വേണ്ടത്‌. മിസ്‌റ്റര്‍ രവി, താങ്കളും കൂടി സമ്മതിച്ചിട്ടാണോ ഈ ക്രൂരകൃത്യം. ഒരു സ്‌ഥലത്ത്‌ ഒരു
ദൗര്‍ഭാഗ്യകരമായ ദുരന്തം നടന്നുവെന്നതു ശരി തന്നെ. എന്നുവച്ച്‌?.
രവിക്കു മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല. ഏതിനും ശൈലജയ്‌ക്കു തന്നെയുണ്ടായിരുന്നു ന്യായീകരണ
ം. ഇനി നാളെ, ഇവിടെയൊരു ദുരന്തഭൂമി ആയിക്കൂടെന്നുണ്ടോ?. മാരകമായ കീടനാശിനികള്‍ പൂര്‍ണമായി നിരോധി
ക്കാന്‍ എല്ലാവരും തയാറാവുമെന്നു കരുതുന്നുണ്ടോ?. അപ്പോള്‍ ദുരന്ത മേഖലകളിലുള്ളവര്‍ നിര്‍ബന്ധമായി വന്ധ്യംക
രണം നടത്തണമെന്ന്‌ ഉത്തരവുകള്‍ വന്നുകൂടെന്നുണ്ടോ?. അടുത്ത കാലത്തെ ചരിത്രത്തില്‍ തന്നെ അതു നമ്മള്‍ കണ്ടതാണല്ലോ. ദാരിദ്ര്യം മാറ്റാനുള്ള കുറുക്കുവഴി. മേന്മ കുറഞ്ഞ, തല പെരുത്തും വയറുന്തിയുമുള്ള പൗരന്മാര്‍ നാടിനു നാണക്കേടാണെന്നെന്ന ചിന്ത നാളെ ഉണ്ടായിക്കൂടെന്നുണ്ടോ, ഡോക്‌ടര്‍?. അപ്പോള്‍ അന്നു നിര്‍ബന്ധിക്കപ്പെട്ട്‌ അതു ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ, ഇപ്പോള്‍ സ്വന്തം ഇഷ്‌ടപ്രകാരം, വരാനിരിക്കുന്ന എല്ലാ മക്കളോടുമുള്ള അത്യധികമായ
സ്‌നേഹം കാരണം അതു വേണ്ടെന്നു വയ്‌ക്കുന്നത്‌. അവരെ ഈ നരകത്തിലേക്കു കൈപിടിച്ചുനടത്താതെ, അവരിപ്പോ
ഴിരിക്കുന്ന സ്വര്‍ഗത്തില്‍ തന്നെ അവരെ എന്നും കളിക്കാന്‍ വിടുന്നത്‌?. നമ്മുടെ സ്വാര്‍ഥമായ സന്തോഷം അവര്‍ക്കുവേണ്ടി വേണ്ടെന്നു വയ്‌ക്കുന്നത്‌., അല്ലേ ,ഡോക്‌ടര്‍?.
` ഇങ്ങനെ നിങ്ങള്‍ പറയുകയാണെങ്കില്‍ എനിക്കു മറ്റൊന്നും പറയാനില്ല. ഡോക്‌ടറെന്ന നിലയിലുള്ള എന്റെ എ
തിക്‌സിന്‌ ഇതിനു മറുപടിയില്ല. ഇതിനെ മാതൃത്വത്തിന്റെ നൈതികതയെന്നേ പറയാനാവൂ. 


അന്നു രാത്രി ശൈലജ പേക്കിനാവു കണ്ടേയില്ല. അവളുടെ കണ്ണന്‍ സ്വര്‍ഗത്തിലായിരിക്കും, അല്ലെങ്കില്‍ അവളു
ടെ വയറ്റിലെ എടുത്തുകളയപ്പെട്ട ഗര്‍ഭ പാത്രത്തില്‍ തന്നെയിരുന്നു കളിച്ചുകൊണ്ടേയിരിക്കുകയാവും. അതിന്റെ കൈ
കാലുകള്‍ ശോഷിച്ചുപോയില്ല. എല്ലുകള്‍ നുറുങ്ങിയമര്‍ന്നില്ല. വാലിട്ടു കണ്ണെഴുതി, കവിളില്‍ ഒരു നുണക്കുഴി ഒളിപ്പിച്ച്‌
എല്ലാ നിര്‍മലതയോടെയും അതു കളിച്ചുകൊണ്ടേയിരുന്നിരിക്കണം. പൊടുന്നനെ ശരീരജ്യാമിതിയില്‍ വ്യത്യാസങ്ങളു
ണ്ടാക്കി അവന്‍ അവളെ പേടിപ്പിച്ചില്ല. ഉറക്കത്തിന്റെ രാവണന്‍കോട്ടയില്‍ അവന്‍ അവളെ വേട്ടയാടിയില്ല. ദൈന്യതയുടെ ആള്‍രൂപമായി കണ്ണന്‍ ശൈലജയെ പിന്നെയൊരിക്കലും കരയിപ്പിച്ചേയില്ല. പല രാത്രികളിലും കളിക്കൊഞ്ചലും ശാഠ്യവുമായി വന്ന്‌ അവന്‍ ശൈലജയെ ഉണര്‍ത്തിയില്ല. ഉറക്കത്തില്‍ ഇളംവിരലുകള്‍ കൊണ്ടു അലക്ഷ്യമായി പരതി, നനുത്ത ചുണ്ടിലൂറുന്ന വിശപ്പുമായി വന്നു കണ്ണന്‍ അവളുടെ മുലകളെ ചുരത്തി നനപ്പിച്ചില്ല. പല രാത്രികളിലും കണ്ണന്‍ അവന്റേതായ സ്വര്‍ഗത്തിലിരുന്ന്‌ അവന്റേതായ കളികളില്‍ മുഴുകിയിരിക്കുകയായിരുന്നു. പലപ്പോഴും അവന്‍ ശൈലജയെ അന്വേഷിച്ചുവന്നേയില്ല.
രവിയെയും ശൈലജയെയും ആയിടെ അന്വേഷിച്ചുവന്നത്‌ ആദര്‍ശ ദമ്പതീ പുരസ്‌കാരമായിരുന്നു. അങ്ങനെ
യൊരു പുരസ്‌കാരത്തെപ്പറ്റി അവരറിയുകയോ അപേക്ഷ അയക്കുകയോ ചെയ്‌തിരുന്നില്ല. രാജ്യത്തിന്റെ സമ്പന്നമായ ഭാവിക്കുവേണ്ടി സ്വന്തം സുഖസൗകര്യങ്ങള്‍ ഉപേഷിക്കാനും തങ്ങളുടെ സന്തോഷങ്ങളെ പരിമിതപ്പെടുത്താനും രവിയും ശൈലജയും കാണിച്ച ത്യാഗം കരുത്തന്മാരും ബുദ്ധിമാന്മാരും രാജ്യത്തിന്റെ ഭാവിയിലെ വെല്ലുവിളികളെ സധൈര്യം നേരിടാന്‍ പറ്റുന്നവരുമായ ഒരു തലമുറയെ വാര്‍ത്തെടുക്കുമെന്നും ഈ ദമ്പതികളുടെ ത്യാഗം എല്ലാവരും മാതൃകയാ

ക്കുമെന്നാണ്‌ പ്രതീക്ഷയെന്നും പുരസ്‌കാര വിധി നിര്‍ണയ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

` എന്റെ മാതൃത്വത്തോടുള്ള ഇന്‍സള്‍ട്ടാണ്‌ ആ വാക്കുകള്‍, ശൈലജ പറഞ്ഞു.
` നിന്നോടു മാത്രമല്ല, ഈ ഭൂമിയിലെ എല്ലാ അമ്മമാരെയും അതു മുറിവേല്‍പ്പിക്കുന്നു.
` നമ്മള്‍ പേടിച്ചതിലേക്കു നമ്മള്‍ കൂടുതലടുത്തുകൊണ്ടിരിക്കുന്നു.
` അതേ, എന്റെ പുരുഷ ബീജങ്ങളേയും അതു തള്ളിപ്പറയുകയാണ്‌.
` നിങ്ങളുടെ മാത്രമല്ല, ഭൂമിയില്‍ ആയിത്തീരാനിരിക്കുന്ന എല്ലാ അച്‌ഛന്മാരെയും അതു പരിഹസിക്കുന്നു.പിറ്റേന്ന്‌, രവിയുടെ പോക്കറ്റില്‍ നിന്നു പൊലീസ്‌ കണ്ടെടുത്ത അവരുടെ ആത്മഹത്യാക്കുറിപ്പിലും അതുതന്നെ
യായിരുന്നു എഴുതിയിരുന്നത്‌.

Monday, 29 April 2013

ചിത്രാവതിപ്പാലം
കമ്പാര്‍ട്ട്‌മെന്റിലേക്ക്‌ അവള്‍ കയറിയെത്തിയപ്പോഴേ എന്തോ മുന്‍പരിചയമുള്ളതു പോലെ ശരത്തിനു തോന്നി. അവളുടെ ചുണ്ടിന്റെ കോണില്‍ തനിക്കായി ഒരു പുഞ്ചിരി നീക്കിവച്ചിരുന്നോ എന്നയാള്‍ സംശയിക്കാതിരുന്നില്ല. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴേക്കും ശരത്തിന്റെ ഭാര്യ നീലിമ കണ്ണുകള്‍ പതുക്കെ അടച്ചുകഴിഞ്ഞിരുന്നു. യാത്രയ്‌ക്കിടയില്‍ അവളെ എപ്പോഴും അങ്ങനെയേ കണ്ടിരുന്നുള്ളൂ. അല്ലെങ്കില്‍ വെറുതേ വായിച്ചുകൊണ്ട്‌. എതിര്‍വശത്തിരുന്ന യുവതിയുടെ ഭര്‍ത്താവും പുസ്‌തകത്തിലേക്കു കണ്ണു പൂഴ്‌ത്തിക്കഴിഞ്ഞിരുന്നു. എന്നാലും അയാള്‍ അവളെ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നു ശരത്തിനു തോന്നി. അയാള്‍ ജനാലയിലൂടെ പുറത്തെ കാഴ്‌ചകളിലേക്കു വെറുതേ നോക്കിയിരുന്നു. മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
ഒന്നു രണ്ടു തവണ യുവതിയുടെ കണ്ണുകളുമായി അയാളുടെ കണ്ണുകള്‍ യാദൃച്‌ഛികമെന്നോണം സെക്കന്‍ഡുകളോളം കോര്‍ത്തുകിടന്നു. ഉച്ചഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുക്കാന്‍ പാന്‍ട്രിയില്‍ നിന്ന്‌ ആളെത്തിയപ്പോള്‍, വല്ലതും കഴിക്കാന്‍ ആവശ്യപ്പെടണമോ എന്നു ശരത്ത്‌ നീലിമയോടു വെറുതേ തിരക്കി. അവള്‍ക്കു തീവണ്ടിയിലെ ഭക്ഷണത്തോടു തീരെ താല്‍പ്പര്യമില്ലെന്നറിവുണ്ടായിരുന്നിട്ടും. അതൊരു ഭര്‍ത്താവിന്റെ കടമയില്‍ പെടുന്നതാണല്ലോ എന്നാണയാള്‍ വിചാരിച്ചത്‌. ഉറക്കത്തില്‍ നിന്നുണര്‍ത്തിയ ഈര്‍ഷ്യ അവളുടെ മുഖത്തുണ്ടായിരുന്നു. ഒന്നും വേണ്ടെന്ന്‌ അവള്‍ തലയാട്ടി. ആവശ്യത്തിനു ഭക്ഷണസാധനങ്ങള്‍ കരുതിയിട്ടുണ്ടല്ലോ. വേറെയെന്താണു വേണ്ടത്‌. വെറുതേ ഓരോന്നു വലിച്ചുവാരിത്തിന്നു വയറു കേടാക്കാന്‍ ഞാനില്ല എന്നായിരുന്നു ആ തലയാട്ടലിന്റെ അര്‍ഥം എന്ന്‌ അയാള്‍ക്ക്‌ അറിയാമായിരുന്നു. ഉറക്കം കെടുത്തിയതിന്റെ ഈര്‍ഷ്യ കാരണം കുറെ നേരത്തേക്ക്‌ അവള്‍ പുറത്തേക്കു കണ്ണുനട്ടിരുന്നു.
എതിര്‍സീറ്റിലെ യുവതിയും ഭര്‍ത്താവും പാന്‍ട്രിക്കാരനോട്‌ ഒന്നും ആവശ്യമില്ലെന്ന്‌ അറിയിച്ചതും അയാള്‍ ശ്രദ്ധിച്ചു. വെറുതേ വായന മുടക്കിയതിന്റെ ദേഷ്യം അയാളുടെ മുഖത്തുണ്ടായിരുന്നു. തനിക്കീ ഭക്ഷണമൊന്നും ഇഷ്‌ടമില്ലെന്ന്‌ അറിഞ്ഞൂടേ, ഇത്രയും കാലമായിട്ടും എന്ന ദേഷ്യത്തില്‍ പൊതിഞ്ഞ ചോദ്യം അയാളുടെ നോട്ടത്തിലുണ്ടായിരുന്നു. അറിയാമായിരുന്നോ ഇല്ലായിരുന്നോ എന്നു പിടികിട്ടാത്ത നോട്ടം കൊണ്ടാണു യുവതി അതിനെ ദുര്‍ബലമായി പ്രതിരോധിച്ചത്‌. നീലിമ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉറക്കത്തിലേക്കു വീണു പോകേണ്ടതായിരുന്നു. അവള്‍ യുവതി തന്റെ മൊബൈലില്‍ ഏതൊക്കെയോ ബട്ടണുകള്‍ അമര്‍ത്തുന്നതു കുറച്ചുനേരം ശ്രദ്ധിച്ചു. പിന്നെ അയാളുടെ മുഖത്തേക്കു നോക്കി. അപ്പോഴേക്കും യുവതിയില്‍ നിന്നു ശരത്തും കണ്ണുകള്‍ പിന്‍വലിച്ചിരുന്നു. അല്ലെങ്കില്‍ തന്നെ നീലിമയക്കു സംശയമാണ്‌. യാത്രയ്‌്‌ക്കിടയില്‍ ഓരോ സ്‌ത്രീകളുടെ മുഖത്തേക്കു നോക്കിയിരുന്ന്‌ അവളുടെ സംശയം കൂട്ടേണ്ടതില്ലല്ലോ.
നീലിമ ഉറക്കത്തിലേക്കു വീണ്ടും വഴുതിപ്പോകുന്നതിനു തൊട്ടുമുമ്പ്‌ യുവതി ഭര്‍ത്താവിനോട്‌ തന്റെ മൊബൈലിന്‌ എന്തോ കുഴപ്പമുണ്ടെന്നു പരാതിപ്പെട്ടു. ആ കുന്തം കുറെ നേരം ഓഫാക്കിയിട്‌, വെറുതേ വായന ശല്യം ചെയ്യാതെ, എന്നോ മറ്റോ അയാള്‍ ശബ്‌ദം താഴ്‌ത്തി മുരണ്ടു. യുവതി ആ പ്രതികരണമാണു പ്രതീക്ഷിച്ചതെന്നു തോന്നി, മുഖത്തെ ആ നിര്‍വികാരത കണ്ടപ്പോള്‍. പിന്നെ യുവതി നീലിമയോടായി പറഞ്ഞു.
`` ചേച്ചിക്കറിയാമോ, ഈ മൊബൈല്‍ കുറച്ചുനേരമായി അനങ്ങാതെയായിട്ട്‌. ഒന്നു നോക്കാമോ? ''.
നീലിമയ്‌ക്കും മൊബൈല്‍ ഉപയോഗിക്കാനല്ലാതെ അതിന്റെ മെക്കാനിസമൊന്നും അറിയില്ല, നല്ല ആളോടാണു ചോദിച്ചത്‌ എന്നു ശരത്ത്‌ ഉള്ളാലെ ചിരിച്ചു. അതു ശ്രദ്ധിക്കാതെ എന്നവണ്ണം പുറത്തേക്കു നോക്കിയിരിക്കുകയും ചെയ്‌തു. നീലിമയ്‌ക്ക്‌ യുവതിയോടു ചെറിയ നീരസം ഇതിനോടകം തന്നെ തോന്നിത്തുടങ്ങിക്കാണുമെന്ന്‌ അയാള്‍ക്ക്‌ ഉറപ്പായിരുന്നു. അവളുടെ അസൂയയും കുശുമ്പും മറ്റാര്‍ക്കാണ്‌ ഇത്ര കൃത്യമായി അറിയുന്നത്‌. എന്നാല്‍ തനിക്ക്‌ മൊബൈലിനെക്കുറിച്ച്‌ ഒരു ചുക്കും അറിയില്ലെന്ന്‌ യുവതിക്കു മുന്നില്‍ സമ്മതിക്കാന്‍ നീലിമ തയാറായില്ല. കുറേ നേരം ഓരോ ബട്ടണുകളില്‍ അമര്‍ത്തിനോക്കിയതിനു ശേഷം നീലിമ അതവള്‍ക്കു തിരിച്ചു കൊടുത്തു. ഒരു രക്ഷയുമില്ല, ബട്ടണുകളൊന്നും റസ്‌പോണ്ട്‌ ചെയ്യുന്നില്ലെന്നോ മറ്റോ ഒരു കമന്റും പാസാക്കുന്നതു കേട്ടു.
` എന്നാല്‍, ചേട്ടനോട്‌ ഒന്നു നോക്കാന്‍ പറയുമോ, ചേച്ചീ ''.
അതു നീലിമയ്‌്‌ക്കു ഒട്ടും ദഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. മറ്റു സ്‌ത്രീകളെ ശരത്ത്‌ നോക്കുന്നതു പോലും അവള്‍ക്ക്‌ ഇഷ്‌ടമായിരുന്നില്ല. ആ അഭ്യര്‍ഥന ഇപ്പോള്‍ തള്ളിക്കളയുമെന്നു തന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അയാള്‍. എന്നാല്‍, പ്ലീസ്‌ ചേച്ചീ എന്ന യുവതിയുടെ അഭ്യര്‍ഥനയില്‍ നീലിമ വീണുപോയെന്നു തോന്നുന്നു. മൊബൈല്‍ അവഴ്‌ ശരത്തിനു നേരേ നീട്ടി.
എന്തോ വല�ിയ കുഴപ്പമാണെന്നാ തോന്നുന്നത്‌, എന്നാലും ഒന്നു നോക്കിക്കോളൂ, എന്നു നീലിമ പറഞ്ഞതിന്റെ അര്‍ഥം ശരത്തിനു കൃത്യമായി അറിയാമായിരുന്നു. നോക്കി, തെറ്റുകുറ്റം കണ്ടുപിടിച്ചു റിപ്പയര്‍ ചെയ്യുകയൊന്നും വേണ്ട, പേരിന്‌ ഒന്നു തിരിച്ചും മറിച്ചും നോക്കി മടക്കിക്കൊടുത്തേക്ക്‌ എന്നായിരുന്നു അത്‌. ശരത്തിനും മൊബൈലിനെ പറ്റി വലിയ വിവരമൊന്നുമില്ല. അതുപയോഗിക്കാനറിയാമെന്നല്ലാതെ. എന്നാലും ഒന്നു നോക്കിക്കളയാമെന്നേ അയാള്‍ക്കുമുണ്ടായിരുന്നുള്ളൂ. ഫോണ്‍ ആദ്യം ഓഫാക്കി, വീണ്ടും ഓണ്‍ ചെയ്‌തു അതിന്റെ മെനുവില്‍ ചെന്ന്‌ ഫോണ്‍ സെറ്റിങ്‌സ്‌ പരിശോധിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും കണ്ടില്ല. അയാള്‍ തന്റെ നമ്പറിലേക്ക്‌ ഒരു മിസ്‌ഡ്‌ കോള്‍ അടിച്ചുനോക്കുകയും ചെയ്‌തു. കോള്‍ പോകുന്നുണ്ടെന്നു തന്റെ ഫോണിന്റെ റിങ്‌ ടോണ്‍ കേട്ടു ഉറപ്പാക്കുകയും ചെയ്‌തു. ഫോണ്‍ സെറ്റി ങ്‌സില്‍ എന്തോ പിഴവു പറ്റിയതാണെന്നു പറഞ്ഞുകൊണ്ടു അതു യുവതിക്കു തിരിച്ചുകൊടുക്കുകയും ചെയ്‌തു. എല്ലാം കഴിഞ്ഞപ്പോഴാണ്‌, ഇതെല്ലാം യുവതിയുടെ ഭര്‍ത്താവ്‌ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ അയാള്‍ക്കു മനസിലായത്‌. അയാള്‍ പുസ്‌തകത്തില്‍ ശ്രദ്ധിച്ചു കൊണ്ടുതന്നെ തല അല്‍പ്പം ചെരിച്ച്‌ എല്ലാം കാണുന്നുണ്ടായിരുന്നു. ശരത്ത്‌ അയാളെ നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ അതിനെ തീരെ പ്രോത്സാഹിപ്പിച്ചില്ല എന്നു മാത്രമല്ല, മനസിലൊന്നു മുരളുക കൂടി ചെയ്‌തെന്നു ശരത്തിന്‌ ഉറപ്പായിരുന്നു, അയാള്‍ വീണ്ടും പുസ്‌തകത്തിലേക്കു തന്നെ തല പൂഴ്‌ത്തി.
നീലിമ ഉറങ്ങിത്തുടങ്ങിയിരുന്നു. ഇനി ഭക്ഷണം കഴിക്കുന്നതു വരെ അവളെ പ്രതീക്ഷിക്കേണ്ട. ശരത്ത്‌ പുറത്തേക്കു നോക്കിയിരുന്നു. ഏതാണ്ടു പരിചയമുള്ള പാത തന്നെയാണ്‌. എത്രയോ വട്ടം ഇതുവഴി കടന്നു പോയിക്കഴിഞ്ഞിരുന്നു. എന്നാലും എല്ലാ പ്രദേശവും അത്ര പരിചയമായിക്കഴിഞ്ഞിട്ടില്ല. സ്‌ത്രീയുടെ മനസു പോലെയാണ്‌ ഓരേ വഴിയുമെന്ന്‌ ഓര്‍ക്കാന്‍ വെറുതേ ഒരു രസം തോന്നി. എത്ര ശ്രമിച്ചാലും പിടികിട്ടാത്ത ഒന്നാണു പെണ്ണിന്റെ മനസെന്നാണല്ലോ കാല്‍പ്പനിക കവികളുടെയും സിനിമാ പാട്ടെഴുത്തുകാരുടെയും സ്‌ഥിരം പല്ലവി. ഒരു യുഗം തരൂ നിന്നെ അറിയാന്‍ തുടങ്ങിയ പാട്ടുകളൊക്കെ അയാളുടെ മനസിലേക്കു കയറിവന്നു. പെട്ടെന്നാണ്‌ അയാളെ ഞെട്ടിച്ചുകൊണ്ട്‌ അയാളുടെ മൊബൈല്‍ ശബ്‌ദിച്ചത്‌. അതിന്റെ പഴയ ടെലിഫോണിന്റെ റിങ്‌ ടോണ്‍ മാറ്റണമെന്നു കുറെക്കാലമായി ആലോചിക്കുന്നു. ചിലപ്പോള്‍ ഓര്‍ക്കാപ്പുറത്ത്‌ അതു ശരത്തിനെ ഞെട്ടിച്ചുകളയുന്നുണ്ട്‌. ഈയിടെയായി അതു പലവട്ടം ആവര്‍ത്തിക്കുന്നു. ഒന്നു രണ്ടു തവണ മണിയടിച്ചശേഷം അതു നിന്നു. ആരാണ്‌ മിസ്‌ഡ്‌ കോള്‍ അടിച്ചു പഠിക്കുന്നത്‌ എന്നു ചിന്തിച്ചുകൊണ്ടു ഫോണെടുത്തു നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പറാണു കണ്ടത്‌. യാത്രയ്‌ക്കിടയില്‍ ഏതായാലും തിരിച്ചുവിളിക്കുന്നില്ല, അത്യാവശ്യക്കാര്‍ വേണമെങ്കില്‍ തിരിച്ചുവിളിക്കട്ടെ എന്നു വിചാരിച്ചു നോട്ടമുയര്‍ത്തിയ കണ്ണുകള്‍ കൂട്ടിമുട്ടിയതു യുവതിയുടെ കണ്ണുകളുമായിട്ടായിരുന്നു. മിസ്‌ഡ്‌ കോള്‍ അടിച്ചതു താനാണ്‌ എന്ന്‌ അവ പറയുന്നതായി തോന്നി. ശരത്ത്‌ അത്ഭുതത്തിന്റെ പടികള്‍ കയറുകയായിരുന്നു.
പെട്ടെന്ന്‌ , അയാളുടെ ഫോണിലേക്ക്‌ ഒരു മെസേജ്‌ വന്നു.
`` ഞാനാണ്‌. ഫോണ്‍ നന്നാക്കിത്തന്നതിന്‌ ഒരു താങ്ക്‌സ്‌ പോലും പറയാന്‍ പറ്റിയില്ല. നിങ്ങളുടെ ഭാര്യയുടെ കണ്ണുകള്‍ എന്നെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുകയായിരുന്നു. താങ്ക്‌സ്‌ ''.
ഇപ്പോള്‍ അവളുടെ കണ്‍കോണില്‍ ഒരു കുസൃതി നിറഞ്ഞിരുപ്പുണ്ടെന്നു തോന്നി ശരത്തിന്‌. പിന്നെ അയാള്‍ക്കും മറുപടി അയക്കാതിരിക്കാന്‍ പറ്റിയില്ല.
`` സോറി, അവള്‍ നീലിമ അങ്ങനെയാണ്‌. എന്നെ എപ്പോഴും സംശയമാ. താങ്ക്‌സിനു നന്ദി. എന്നല്ല പറയേണ്ടതെങ്കിലും''.
`` ഞാന്‍ ബാല. എന്റെ ഭര്‍ത്താവും ഒട്ടും മോശക്കാരനല്ല. നല്ല സംശയക്കാരനാ''.
`` അയാളെന്താണ്‌ ഒട്ടും മയമില്ലാതെ? ''.
`` കടുവയ്‌ക്കു പിന്നെ പുല്ലാങ്കുഴല്‍ വായിക്കാന്‍ പറ്റുമോ? ''.
`` കടുവയുടെ കൂടെ ഒരു മാന്‍പേട. നല്ല കോമ്പിനേഷന്‍ ''.
`` അതൊന്നും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്‌. കൊന്നുതിന്നും വരെ കൂടെക്കഴിഞ്ഞല്ലേ പറ്റൂ, മാന്‍പേടയ്‌ക്ക്‌?. ''.
`` കൊന്നു തിന്നാതെ മാക്‌സിമം നോക്കുക. അത്രയല്ലേ എനിക്കു പറയാന്‍ കഴിയൂ ''.
`` ഉപദേശത്തിനു നന്ദി ''.
`` എന്റെ പേട നല്ല ഉറക്കമാ ''.
` എങ്ങനെ സംശയക്കാരിയുടെ കൂടെ പൊറുത്തുപോവുന്നു?''.
`` സംശയം കഴിയുന്നത്ര കുറയ്‌ക്കാന്‍ ശ്രമിച്ചുകൊണ്ട്‌. അല്ലാതെ എന്തു ചെയ്യാം? ''.
`` സംശയമേ ഇല്ലാത്ത സ്‌ഥിതിയുണ്ടാക്കണം. അല്ലാതെ, ട്രെയിനില്‍ പെണ്ണുങ്ങളുടെ മൊബൈല്‍ ശരിയാക്കിക്കൊടുക്കുകയും മറ്റും ചെയ്‌തുകൊണ്ടല്ല ''.
`` അതു പിന്നെ ബാലയുടെ വിഷമസ്‌ഥിതി കണ്ടതുകൊണ്ടല്ലേ? ''.
`` ഞാനതു മനഃപൂര്‍വം സെറ്റിങ്‌സില്‍ മാറ്റം വരുത്തിവച്ചതാ ''.
`` അതെന്തിന്‌? ''.
`` ശരത്‌ അതു നന്നാക്കുമെന്നും ടെസ്‌റ്റ്‌ ചെയ്യാന്‍ മിസ്‌ഡ്‌ കോള്‍ അടിക്കുമെന്നും എനിക്കറിയാം ''.
`` അതെങ്ങനെ അറിയാം. നമ്മളാദ്യമായിട്ടു കാണുകയല്ലേ? ''.
`` എനിക്കു നിങ്ങളെ പണ്ടേ അറിയാമെന്നു പറയുന്നില്ല. എന്നാലും പണ്ടേ അറിയാമെന്ന തോന്നലാണെനിക്ക്‌. കണ്ടപ്പോഴേ ഞാനോര്‍ത്തു. പക്ഷെ, ആരാ എന്താ എന്നോര്‍ക്കാന്‍ പറ്റിയില്ല ''.
`` എനിക്കും എന്തോ മുന്‍പരിചയം തോന്നിയിരുന്നു ''.
`` കഴിഞ്ഞ ജന്മത്തില്‍ ശരത്ത്‌ എന്റെ കാമുകനായിരുന്നിരിക്കണം ''.
`` കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു മരപ്പട്ടിയായിരുന്നല്ലോ. അപ്പോഴെങ്ങനെ? ''.
`` ഞാനൊരു പെണ്‍മരപ്പട്ടിയായിരുന്നിരിക്കണം. അങ്ങനെയായാല്‍ മതിയല്ലോ. അല്ലെങ്കില്‍ അതിനും മുന്നത്തെ ജന്മത്തില്‍ ''.
`` അതില്‍ ഞാനൊരു പേരമരമായിരുന്നു ''.
`` ഞാന്‍ അതില്‍ ചുറ്റിവരിഞ്ഞു കയറിയ പടര്‍പ്പുവള്ളിയായിരുന്നിരിക്കണം. എന്തോ നല്ല പരിചയം ''.
`` എനിക്കും''..
`` പക്ഷെ, ഈ ജന്മത്തിലാണല്ലോ ശരത്തിനു പറ്റിയ കൂട്ടുകിട്ടിയത്‌ ''.
`` അതാര്‌? ''.
`` മരപ്പട്ടിക്കു കൂട്ടിന്‌ കൂടെയിരുന്നുറങ്ങാന്‍ ഒരു ഈനാംപേച്ചി ''.
ശരത്തിനു ബാലയുടെ നര്‍മബോധത്തില്‍ മനസുലഞ്ഞ്‌ ഒന്നു ചിരിക്കണമെന്നു തോന്നി. എന്നാല്‍, ബാലയുടെ ഭര്‍ത്താവ്‌ തലയുയര്‍ത്തി നോക്കിയാല്‍ അവളുടെ എസ്‌എംഎസ്‌ അയക്കല്‍ അതോടെ നില്‍ക്കാനാണു സാധ്യത. അവളുടെ ഉള്ളിലും ഒരു പൊട്ടിച്ചിരി ശ്വാസംമുട്ടി നില്‍പ്പുണ്ടെന്ന്‌ അയാള്‍ക്കു തോന്നി. നീലിമ ഒരു നിമിഷം കണ്ണുതുറന്ന്‌ അയാളെ രൂക്ഷമായി നോക്കി വീണ്ടും കണ്ണുകളടച്ചതായി അയാള്‍ക്കു തോന്നി. ഏതായാലും ബാല കൊള്ളാം എന്നൊരു കമന്റ്‌ മനസു കൊണ്ടു പാസാക്കാനേ അയാളെ അപ്പോഴത്തെ സാഹചര്യം അനുവദിച്ചുള്ളൂ. നീലിമ ഇപ്പോള്‍ കണ്ണുതുറന്നു ഭക്ഷണം കഴിക്കേണ്ട ഒരുക്കത്തിലാണ്‌. രണ്ടുദിവസത്തേക്കു വേണ്ട സാധനങ്ങള്‍ സ്‌റ്റോക്ക്‌ ചെയ്‌തിട്ടുണ്ടാവും. അതു തുറക്കുമ്പോള്‍ വല്ലാത്തൊരു മണമാണ്‌ അയാള്‍ക്കു പലപ്പോഴും അനുഭവപ്പെടാറുള്ളതെങ്കിലും. തീവണ്ടി സ്‌റ്റേഷന്‍ വിട്ടുള്ള പരക്കം പാച്ചിലാണ്‌. ഇടയ്‌ക്കു സ്‌റ്റേഷനുകളിലെത്തുമ്പോള്‍ ആള്‍ക്കാര്‍ തള്ളിക്കയറി. റി സര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റായിരുന്നതിനാല്‍ തിരക്കില്‍ നിന്ന്‌ അല്‍പ്പം ആശ്വാസമുണ്ടെങ്കിലും കമ്പാര്‍ട്ട്‌മെന്റ്‌ നിറയെ യാത്രക്കാരാണ്‌. ഇവരൊക്കെ എങ്ങോട്ടാണ്‌ ഈപോകുന്നതെന്നു പലപ്പോഴും ശരത്തിനെ വിസ്‌മയിപ്പിക്കാറുണ്ട്‌. യാത്രയുടെ നിതാന്ത ഒഴുക്കാണ്‌ എപ്പോഴും, എങ്ങോട്ടും. ആളുകള്‍ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു ഒഴുകിക്കൊണ്ടേയിരിക്കുന്നു. മനുഷ്യന്‍ നദീതീരങ്ങളില്‍ സ്‌ഥിരവാസം തുടങ്ങിയതോടെയാണു സംസ്‌കാരം ആരംഭിച്ചത്‌ എന്നായിരുന്നു അയാള്‍ താഴ്‌ന്ന ക�ാസുകളില്‍ പഠിച്ചിരുന്നത്‌. അതിപ്പോള്‍ തെറ്റിത്തുടങ്ങിയെന്നു തോന്നുന്നു. നദികളെപ്പോലെ അവരും ഒഴുകാന്‍ പഠിച്ചിരിക്കുന്നു. നീലിമ ഭക്ഷണപ്പൊതികള്‍ പലതും തുറന്നുവച്ചിരുന്നു. ശരത്തിനു വലിയ വിശപ്പൊന്നും തോന്നിയിരുന്നില്ല. നീലിമയുടെ കണ്ണുകള്‍ വെട്ടിച്ച്‌ അയാള്‍ ബാലയെ നോക്കി. എന്താ, കഴിക്കുന്നില്ലേ എന്നു ചോദിക്കുകയായിരുന്നു അവള്‍ കണ്ണുകള്‍ കൊണ്ട്‌. അവളുടെ ഭര്‍ത്താവു പുസ്‌തകം അടച്ചുവച്ചു ഭക്ഷണം കഴിക്കാന്‍ തയാറായതു പോലെ തോന്നി. അതവള്‍ക്കും മനസിലായി. കുനിഞ്ഞു സീറ്റിനടിയില്‍ നിന്നു ബാഗുകളെടുക്കവേ അവളുടെ പുറത്തെ പെട്ടെന്നു ശ്രദ്ധയില്‍ പെടാത്ത കാക്കപ്പുള്ളിയില്‍ ശരത്തിന്റെ കണ്ണുകളുടക്കി. നീലിമയുടെ കണ്ണുകളുടെ ജാഗ്രത അറിയാവുന്നതു കൊണ്ട്‌ അയാള്‍ പെട്ടെന്നു കണ്ണുകളെ പിന്നാക്കം വ�ലിച്ചു.
ഭക്ഷണം കഴിഞ്ഞതോടെ യാത്രക്കാര്‍ ഒരു മയക്കത്തിനുള്ള ഒരുക്കം കൂട്ടി. ശരത്തിനും ചെറിയ തോതില്‍ ഉറക്കം വരുന്നുണ്ടായിരുന്നു. നീലിമ താഴത്തെ ബെര്‍ത്തിലായിരുന്നു. അയാള്‍ മിഡിലിലും. ബാലയാണു നീലിമയ്‌ക്കൊപ്പം എതിര്‍വശത്തെ താഴത്തെ ബെര്‍ത്തില്‍. ശരത്ത്‌ ഏതാണ്ട്‌ ഉറങ്ങിത്തുടങ്ങിയിരുന്നു. അപ്പോള്‍ അയാളുടെ ഫോണില്‍ മെസേജ്‌ അലേര്‍ട്ട്‌ ഒരു വട്ടം മൂളി.
`` ഭക്ഷണം കഴിഞ്ഞു, ഉറക്കമായി അല്ലേ. ഈനാംപേച്ചിക്കു പറ്റിയ മരപ്പട്ടി തന്നെ ''.
`` ഉണ്ണുക, ഉറങ്ങുക എന്നതു മാത്രമായില്ലേ ജീവിതം? ''.
`` കുത്തണം, പാറ്റണം, ചേറണം, വെയ്‌ക്കണം, പിന്നെ പെറണം.. എന്നാ ഞങ്ങള്‍ക്കുള്ള പ്രമാണം ''.
`` എന്നിട്ട്‌, കൂടെ കാണുന്നില്ലല്ലോ ''.
`` അതിനുള്ള ഉത്തരവ്‌ വന്നില്ല. മുകളില്‍ നിന്നു വരണ്ടേ?. അവിടെയും കാണുന്നില്ലല്ലോ, പാല്‍ക്കുപ്പിയും തൂക്കുകട്ടിലും ''.
`` ഇവിടെ ഉത്തരവ്‌ നേരത്തേ വന്നു. നീലിമ അവളുടെ വിശുദ്ധ പാത്രം എടുത്തുകളഞ്ഞു. മുലയൂട്ടാനും താരാട്ടാനും ഒക്കെ ആര്‍ക്കു നേരം?. ലോകത്ത്‌ കാര്യങ്ങളെന്തൊക്കെ വേറെ ചെയ്യാനിരിക്കുന്നു?. അതും ശരിയല്ലേ, ഒരു തരത്തില്‍ നോക്കിയാല്‍ ''.
`` അമ്പടി ഭയങ്കരീ എന്നു പറഞ്ഞാല്‍ അധികമാകുമോ എന്തോ ''.
`` എന്തു പറഞ്ഞാലും അധികമാവില്ല. അക്കാര്യത്തില്‍ ബാല ഭാഗ്യവതിയാ ''.
`` പക്ഷെ, എങ്ങനെ അഡ്‌ജസ്‌റ്റ്‌ ചെയ്യുന്നു? ''.
`` എന്റേതു ജീവപര്യന്തമാ. ശിക്ഷയിളവിനു സാധ്യത തീരെയില്ല ''.
`` എന്റേതും ജീവപര്യന്തമാ. അതും കഠിന തടവാ ''.
`` ഇത്‌ ഉരല്‌ ചെന്നു മദ്ദളത്തോടു പറഞ്ഞതു മാതിരിയായല്ലോ? ''.
`` ഉരലിനാ പക്ഷെ, കൂടുതല്‍ പരുക്ക്‌. മദ്ദളത്തിന്‌ ഏതാണ്ടൊരു മയത്തിലാണല്ലോ? ''.
`` അത്‌ ഉരലിന്റെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ ''.
`` മദ്ദളത്തിന്റെ പക്ഷത്തുനിന്നു നോക്കുമ്പോഴോ? ''.
`` എന്നും പീഡനം തന്നെയല്ലേ. മദ്ദളത്തിന്‌ അതിലല്‍പ്പം രസിക്കാമെന്നൊരു വശമില്ലെന്നല്ല ''.
`` ഉരലിന്‌ എന്നും പങ്കപ്പാടില്ലെന്നൊരു ആശ്വാസമുണ്ട്‌, എന്നു മാത്രം ''.
പിന്നെയെപ്പോഴോ അവര്‍ ഉറങ്ങിപ്പോയിരുന്നു. യാത്രക്കാരെല്ലാം ശരിയായ ഉറക്കത്തിലേക്കു വീണുപോയ ഏതോ അവസരത്തില്‍. ഇടയ്‌ക്ക്‌ ഉറക്കം വിട്ട ശരത്ത്‌ ബാലയെ നോക്കിക്കൊണ്ടു കിടന്നു. എവിടെയാണു ശരിക്കും ഈ യുവതിയെ കണ്ടത്‌ എന്നെത്ര വട്ടം ആലോചിച്ചിട്ടും ഓര്‍മ കിട്ടുന്നില്ല. സാരി പുതച്ച്‌ ഒരു ഉരല്‍ കിടക്കുന്നു എന്നോര്‍ത്തപ്പോള്‍ അയാള്‍ അല്‍പ്പം ശബ്‌ദത്തില്‍ തന്നെ ചിരിച്ചു. അതാരെയൊക്കെയുണര്‍ത്തിയെന്ന്‌ അയാള്‍ക്കു നിശ്‌ചയമില്ലായിരുന്നു. അയാള്‍ കണ്ണുകളടച്ചു വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു. അപ്പോള്‍ വീണ്ടും അയാളുടെ ഫോണ്‍ മെസേജ്‌ അലേര്‍ട്ട്‌ ശബ്‌ദിച്ചു. പയ്യെ ഉമ്മ വയ്‌ക്കുന്നതു പോലെയായിരുന്നു അത്‌. അത്രയും മൃദുവായി.
`` എന്താ ആലോചിക്കുന്നത്‌? ''.
`` രണ്ടു പേര്‍ തടവു ചാടുന്നതിനെപ്പറ്റിയാ ''.
`` ജീവപര്യന്തം തടവില്‍ നിന്നു ചാടാന്‍ പറ്റുമോ? ''.
`` ചാടിയിട്ടോ? ''.
`` തടവില്‍ നിന്നു ചാടിയല്ലോ എന്നൊരു ആശ്വാസമുണ്ടായിരിക്കില്ലേ? ''.
`` അതു സ്വാതന്ത്ര്യമായി തോന്നുമോ? ''.
`` എന്താ, ഇല്ലാതെ. തടവും പാറാവുമൊന്നുമില്ലെങ്കില്‍ സ്വാതന്ത്ര്യം തന്നെയല്ലേ? ''.
`` ആണോ? ''.
`` എന്താ, സംശയം? ''.
`` ജീവിതത്തിന്റെ ജീവപര്യന്തം ചാടാന്‍ എളുപ്പമല്ല. ചാടിക്കഴിഞ്ഞാലും ചാടുന്നത്‌ മറ്റൊരു തടവിലേക്കാണെങ്കിലോ? ''.
`` അതു നമ്മള്‍ തന്നെ തീരുമാനിച്ചെടുക്കുന്ന തടവല്ലേ? ''.
`` അതുകൊണ്ടെന്താ വ്യത്യാസം? ''.
`` വ്യത്യാസമുണ്ട്‌. അതു തടവല്ല, സ്വാതന്ത്ര്യമാണെന്നു വിശ്വസിച്ചാല്‍ പോരേ?.''. അവളുടെ എഴുത്തിനു വല്ലാത്തൊരു നിശ്‌ചയദാര്‍ഢ്യം വന്നതുപോലെ ശരത്തിനു തോന്നി.
`` എന്ന്‌ ഇപ്പോഴും വിശ്വസിച്ചാല്‍ പോരെ? ''.
`` ഏതു നേരവും പാറാവും ഇരുമ്പുവാതിലുകളും മതിലുകളും ഉണ്ടാവുമ്പോള്‍ അങ്ങനെ വിശ്വസിച്ചതു കൊണ്ട്‌ എന്താ കാര്യം? ''.
`` ജീവപര്യന്തം തടവു ചാടണമെന്നുണ്ടോ, ബാലയ്‌ക്ക്‌? ''.
`` ഒപ്പം ചാടാമോ ?. ഒറ്റയ്‌ക്കെങ്ങനെ സമൂഹത്തിന്റെ തടവിലേക്ക്‌? ''.
`` എല്ലാം ആലോചിച്ചാണോ? ''.
`` അതേ ''.
`` എനിക്കിപ്പോള്‍ നിന്നെ ഉമ്മ വയ്‌ക്കാന്‍ തോന്നുന്നു ''.
`` എന്റെ ഭാഗ്യം. ഞാനത്‌ എന്റെ നെഞ്ചത്തു വയ്‌ക്കുന്നു''.
`` പണ്ടു നാരായണി വച്ചതു പോലെ. എന്നാലും ഊരും പേരും അറിയാത്ത ഒരാളെ എങ്ങനെ നീ വിശ്വസിക്കുന്നു? ''.
`` എനിക്കു നിന്നെ യുഗങ്ങളായി അറിയാമെന്നു ഞാന്‍ പറഞ്ഞിരുന്നില്ലേ?. എല്ലാം അറി
ഞ്ഞിട്ടെന്താ കാര്യം, ജീവപര്യന്തം തടവിലാണെങ്കില്‍? ''.
`` എങ്കില്‍ നമുക്കു ഈ ജീവിതത്തിന്റെ തടവു ചാടാം, ബാല. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിയുമ്പോള്‍ വൈകുന്നേരം നമ്മള്‍ ചിത്രാവതി പാലത്തിനു മീതെയെത്തും. വളരെ പതുക്കെയേ പാലത്തിനു മുകളില്‍ തീവണ്ടി നീങ്ങുകയുള്ളൂ. അപ്പോള്‍ ആരുമറിയാതെ പുഴയിലേക്കു ചാടണം. യാത്രക്കാരെല്ലാം ഉറക്കത്തില്‍ നിന്നുണര്‍ന്നുള്ള പാതിമാന്ദ്യത്തിലായിരിക്കും. ആരും ശ്രദ്ധിക്കില്ല. ചാടാന്‍ തയാറുണ്ടോ?. പുഴക്കരയില്‍ മുക്കുവരുടെ ഒരു ഗ്രാമമുണ്ട്‌. അവിടെ നമ്മെ പുറംലോകം തിരിച്ചറിയില്ല ''.
`` ചാടാന്‍ തയാറുണ്ട്‌. അല്ലാതെ ജീവിതത്തിന്റെ ഈ തടവില്‍ നിന്നു മോചനമില്ലെന്ന്‌ എനിക്കറിയാം, ശരത്ത്‌. പക്ഷെ, ഒരു പ്രശ്‌നമുണ്ട്‌ ''.
`` അതെന്ത്‌? ''.
`` എനിക്കു നീന്താനറിയില്ല ''.
`` കച്ചിത്തുരുമ്പായി ഞാനില്ലേ? ''.
`` ഉണ്ട്‌. അതെനിക്കറിയാം. എന്നാലും ''.
`` നിന്നെ കരക്കെത്തിച്ചാല്‍ പോരെ? ''.
`` മതി. എന്നെ കരക്കെത്തിക്കുമോ?. ''.
`` കരക്കെത്തിക്കാം. നീയെന്നോടൊപ്പം നീന്തിയാല്‍ മതി. നീയൊരു പുഴമത്സ്യമായി ഒഴുക്കിനെതിരെ നീന്തും ബാല. പക്ഷെ, ഒരു പ്രശ്‌നമുണ്ട്‌. മീന്‍പിടിത്തക്കാര്‍ വലയെറിയുന്നുണ്ടെങ്കില്‍ അവര്‍ നിന്നെ ഒരു സ്വര്‍ണമത്സ്യമെന്നു കരുതി വലയിലാക്കും ''.
`` അയ്യോ, എന്നിട്ട്‌? ''.
`` അവരുടെ മുക്കുവരാജാവിനു കാഴ്‌ചവയ്‌ക്കും ''.
`` രാജാവെന്തു ചെയ്യും? ''.
`` നിന്നെ വേള്‍ക്കും. പുതിയ മുക്കുവ രാജ്‌ഞിയാക്കും ''.
`` നീയതു കണ്ടുനില്‍ക്കുമോ? ''.
`` ഞാന്‍ കറുത്തമ്മാ, കറുത്തമ്മാ എന്നു പാടി പുഴക്കരയിലൂടെ ഉഴറി നടക്കും ''.
`` പരീക്കുട്ടിക്ക്‌ രാജാവിനോട്‌ ഏറ്റുമുട്ടി എന്നെ വീണ്ടെടുക്കാന്‍ പാടില്ലേ? ''.
`` നമ്മളെ രക്ഷിച്ച ആളുകളോട്‌ എങ്ങനെ പോരടിക്കാന്‍ പറ്റും? ''.
`` എന്നെ വിട്ടുതരണമെന്നു രാജാവിനോടു ചോദിക്കണം ''.
`` വിട്ടുതന്നില്ലെങ്കില്‍? ''.
`` ഞാന്‍ രാജാവിന്റെ പട്ടമഹിഷിയെന്ന തടവും ചാടും ''.
`` എന്നിട്ട്‌? ''.
`` നമ്മള്‍ പുഴയിലൂടെ തിരിച്ചുനീന്തി ചിത്രാവതിപ്പാലത്തിനു മുകളിലൂടെ തീവണ്ടി പതുക്കെ പോകുമ്പോള്‍ അതില്‍ ചാടിക്കയറും. രക്ഷപ്പെടും ''.
`` അതിനു നിനക്കു നീന്താനറിയില്ലല്ലോ? ''.
`` നീ കൂടെയുണ്ടല്ലോ? ''.
`` എന്റെ വാലും ചിറകുമെല്ലാം അതിനോടകം അവര്‍ ഛേദിച്ചുകളഞ്ഞിട്ടുണ്ടാവില്ലേ? ''.
`` മുക്കുവരാജ്‌ഞിയെന്ന നിലയില്‍ ഞാന്‍ മത്സ്യങ്ങളോടു നിന്നെ തോളിലേറ്റി ചിത്രാവതിപ്പാലത്തിലെത്തിക്കാന്‍ ആജ്‌ഞാപിക്കും ''.
`` അവരെന്നെ അവരുടെ കൂട്ടത്തില്‍ കൂട്ടി മത്സ്യമാക്കിക്കളഞ്ഞാലോ?''.
`` ഞാന്‍ നിന്നെ ചൂണ്ടയില്‍ കോര്‍ത്തെടുക്കും''.
`` നിന്നെ ഞാന്‍ അതിനു മുന്നേ ഒരു മത്സ്യമാക്കി മാറ്റും. എന്നിട്ടു വെള്ളത്തിനു താഴെ നമ്മുടെ പായല്‍ക്കൊട്ടാരത്തിലേക്കു ചെകിള പിടിച്ചു നടത്തും''.
`` ഞാന്‍ വന്നില്ലെങ്കിലോ?''.
`` ഞാനെന്നാല്‍ മത്സ്യത്തിന്റെ തടവും ചാടും. നോക്കിക്കോ''.
`` അങ്ങനെയൊന്നും വേണ്ടിവരില്ല, പൊന്നേ. ഞാന്‍ നിന്നെ മുക്കുവ രാജാവിന്‌ ഒറ്റുകൊടുക്കും. അയാള്‍ നിന്നെ എന്നെന്നേക്കുമായി എന്റെ തടവിലിടും. നിനക്കൊരിക്കലും ചാടാന്‍ തോന്നാത്ത തടവ്‌ ''.
`` അപ്പോള്‍ പറഞ്ഞതു പോലെ.. ''.
`` ഉവ്വ്‌. ചിത്രാവതിപ്പാലത്തിനു മുകളില്‍....''.
`` ഇനിയൊരിക്കലും നമ്മള്‍ പരസ്‌പരം എഴുതില്ല''.
`` എഴുതേണ്ട ആവശ്യമില്ല''.
`` തീവണ്ടി പതുക്കെയാവുമ്പോള്‍ നമ്മള്‍ ആരും ശ്രദ്ധിക്കാതെ പുഴയിലേക്കു ചാടുന്നു''.
`` അതേ, രണ്ടു കരിയിലകള്‍ പോലെ''.
`` അല്ലെങ്കില്‍ രണ്ടു കിളിത്തൂവലുകള്‍ പോലെ''.
`` അതുമല്ലെങ്കില്‍ തീവണ്ടിയുടെ കൊമ്പില്‍ നിന്നടര്‍ന്നുവീണ രണ്ടു പരാഗങ്ങള്‍ പോലെ''.
`` അപ്പോള്‍ നിന്റെ കാണ്ടാമൃഗത്തിനെ പിന്നെയാര്‌ നോക്കും''.
`` ആരെങ്കിലും നോക്കട്ടെ. നിന്റെ ഈനാംപേച്ചിയെ?''.
`` അവള്‍ സ്വയം നോക്കിക്കൊള്ളും. അല്ലെങ്കില്‍ അവര്‍ പരസ്‌പരം നോക്കട്ടെ''.
`` അതു നമ്മുടെ ബാധ്യതയല്ല. നമ്മുടെ ബാധ്യത സ്വന്തം തടവു മാത്രാണ്‌''.
`` അതേ''.

ചിത്രാവതിപ്പുഴയ്‌ക്കു മീതെ തീവണ്ടി കടന്നുപോവുന്നത്‌ യാത്രക്കാരാരും ശ്രദ്ധിക്കാറില്ല. തീവണ്ടിയൊന്നു പതുക്കെയാവുന്നത്‌ ആരെങ്കിലും ശ്രദ്ധിച്ചാലായി. പലപ്പോഴും അതുണ്ടാവാറില്ല. തൊട്ടുമുന്നിലെ സ്‌റ്റേഷനില്‍ നിന്നു കയറുന്ന മാങ്ങാക്കച്ചവടക്കാരികള്‍ യാത്രക്കാരുടെ ശ്രദ്ധയെ കൈയിലെടുത്തിട്ടുണ്ടാവും. ഉറക്കം തെളിഞ്ഞ മന്ദതയിലായിരിക്കും കൂടുതല്‍ പേരും. ചിത്രാവതി യാത്രക്കാരുടെ മനസില്‍ ഒരിക്കലും അടയാളപ്പെടുത്താറില്ല. പാലം കഴിഞ്ഞു കയറുന്നത്‌ ഒരു തുരങ്കത്തിലേക്കാണ്‌. പെട്ടെന്നു തുരങ്കം വരുന്നതിലുള്ള അസ്വസ്‌ഥത പലര്‍ക്കും തോന്നാറുള്ളതുമാണ്‌. അതുകൊണ്ടു പുഴയിലേക്കു ചാടുന്നത്‌ ആരുടേയും ശ്രദ്ധയില്‍ പെട്ടെന്നുവരില്ല. തുരങ്കത്തിലേക്കു കയറുന്നതുകൊണ്ട്‌ സംശയം തീര്‍ക്കാനും പറ്റില്ല, ആരെങ്കിലും ചാടിയോ എന്ന്‌. ചിത്രാവതിപ്പാലം അടുത്തുവരുന്നതോടെ ബാലയുടെ മനസില്‍ ഒരു തടവുചാട്ടത്തിന്റെ പരിഭ്രമം മിടിച്ചുതുടങ്ങിയത്‌ ശരത്ത്‌ മനസിലാക്കി. അയാളുടെ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നുപോയിരുന്നു. എന്നാല്‍, ചിത്രാവതിപ്പാലമെത്തുന്നതിനു മുമ്പു തന്നെ തീവണ്ടി വേഗം കുറച്ചത്‌ എന്തിനാണെന്ന്‌ ആശ്‌ചര്യപ്പെടുകയായിരുന്നു അയാള്‍. പാലമെത്തുന്നതിനും അര കിലോമീറ്റര്‍ മുമ്പുതന്നെ തീവണ്ടി ഒരു ഞരക്കത്തോടെ നിന്നതും അയാള്‍ പുറത്തേക്കിറങ്ങി. അപ്പോഴേക്കും പല യാത്രക്കാരും പുറത്തെത്തിക്കഴിഞ്ഞിരുന്നു. യാത്രക്കാരുടെ അങ്കലാപ്പിനും ആകാംക്ഷയ്‌ക്കും ആരും മറുപടി നല്‍കിയിരുന്നില്ല. ബാലയുടെ മനസില്‍ വന്യമായ ഏതോ പ്രാര്‍ഥന കത്തിത്തിളച്ചു തുടങ്ങിയിരുന്നു. ബാലയുടെ ഭര്‍ത്താവ്‌ ഇതൊന്നും ശ്രദ്ധിക്കാതെ പുസ്‌തകത്തില്‍ തന്നെയായിരുന്നു. നീലിമ ഏതാണ്ടൊരു മയക്കത്തിലും. എന്നാല്‍ ഇടയ്‌ക്കു കണ്ണു തുറന്നു നോക്കി. തീവണ്ടി നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടു പുറത്തേക്കു നോക്കി. ഒന്നും മനസിലാവാത്തതു പോലെ വീണ്ടും കണ്ണുകള്‍ പാതിയടച്ചു മയക്കത്തിനായി കാത്തു. ചിത്രാവതിപ്പാലത്തില്‍ വച്ചു തീവണ്ടി മറിക്കാനായിരുന്നു ഏതോ തീവ്രവാദി ഗ്രൂപ്പിന്റെ പദ്ധതി. പാളം തകര്‍ന്നിട്ടുണ്ട്‌. നേരത്തേ തീവണ്ടി പോയിക്കഴിഞ്ഞ ഉടനെയായിരുന്നു സ്‌ഫോടനം. പാളം നന്നാക്കിക്കൊണ്ടിരിക്കുന്നു. തീവണ്ടി ഉടന്‍ പുറപ്പെടും. ഇത്രയും വിവരങ്ങളാണ്‌ ശരത്തിനനു കിട്ടിയത്‌.
എന്നാല്‍, തീവണ്ടി പുറപ്പെട്ടപ്പോള്‍, അയാളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടു പാലത്തില്‍ നിറയെ പാളം നന്നാക്കുന്ന ജോലിക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ എല്ലാവരും ജാഗ്രതയിലായിരുന്നു. പാലത്തിനു താഴെ മീന്‍പിടുത്തക്കാര്‍ വള്ളങ്ങളുമായി തിക്കിത്തിരക്കുന്നുണ്ടായിരുന്നു. ആള്‍ക്കു നടക്കാവുന്ന വേഗത്തില്‍ തീവണ്ടി പാളത്തിലൂടെ ഇഴഞ്ഞുനീങ്ങി. ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ശരത്ത്‌ മൊബൈല്‍ ഫോണ്‍ വെള്ളത്തിലേക്ക്‌ എറിഞ്ഞുകളഞ്ഞു. പാലം തീരുന്നതിനു മുമ്പ്‌ ബാലയും അങ്ങനെ ചെയ്‌തിരുന്നു. പാലം പിന്നിട്ടപ്പോള്‍, തീവണ്ടി തുരങ്കത്തിനുള്ളിലേക്കു വേഗം കൂട്ടിയെടുത്തു കഴിഞ്ഞിരുന്നു. വേറേതോ ലോകത്തിലേക്കുള്ള ഒരു തുരങ്കം പോലെ അതു തോന്നിച്ചു.
*********