Thursday 2 May 2013

മാലാഖ യന്ത്രം




അച്‌ഛന്‍ പറയുന്നതു തീര്‍ത്തും കളവാണ്‌ എന്നു രേഷ്‌മ പറഞ്ഞപ്പോള്‍ അയാള്‍ക്കും തോന്നിത്തുടങ്ങിയിരുന്നു താന്‍ അല്‍പ്പം വഴിവിട്ടുകഴിഞ്ഞിരുന്നെന്ന്‌. .
. ലൈ ഡിറ്റക്‌ടറിന്റെ അലറിക്കരച്ചില്‍ അയാളുടെ കാതുകളിലും മുഴങ്ങിയിരുന്നു. 


` എന്നിട്ടു പറ, അച്‌ഛനെിടെയായിരുന്നു ഇതുവരെ?. ഇനിയും കള്ളം പറയാന്‍ നോക്കേണ്ട. അതു ഡിറ്റക്‌ടര്‍ കണ്ടുപിടിക്കുമേ'.
അയാള്‍ വേഷമൊക്കെ മാറി പുതിയ കൈലിയും ഷര്‍ട്ടുമെടുത്തിട്ടു വാഷ്‌ ബേസിനില്‍ മുഖം കഴുകി ടര്‍ക്കി ടവ്വല്‍ കൊണ്ട്‌ അമര്‍ത്തിത്തുടക്കുകയായിരുന്നു അപ്പോള്‍. മകള്‍ ആവശ്യത്തിലേറെ വളര്‍ന്നുകഴിഞ്ഞിരുന്നെന്ന്‌ അയാള്‍ അറിഞ്ഞു. അവളുടെ സ്വഭാവത്തിനു മാത്രം മാറ്റമൊന്നും വന്നിട്ടില്ലെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. പണ്ടും, പ്രോമിസ്‌ ചെയ്‌തതുപോലെ വൈകുന്നേരം വീട്ടില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതു പോലെ അവളുടെ ചോദ്യം ഉയരുമായിരുന്നു. പക്ഷെ, അതിന്‌ ഒരു കൊഞ്ചലിന്റെ സ്വരമായിരുന്നെന്ന്‌ അയാള്‍ ഓര്‍ത്തു. ഇന്നു ചോദ്യം ചെയ്യുന്നതു പോലീസുകാര്‍ കുറ്റവാളികളെ എന്ന പോലെയാണ്‌. വല്ലാത്ത ഒരു തിടുക്കം അവളുടെ സ്വരത്തിനു വന്നു കഴിഞ്ഞിരുന്നു. വൈകീട്ട്‌ നേരത്തേ വീട്ടിലെത്തി അവളെയും അനുജന്‍ അഭിജിത്തിനെയും കൊണ്ടു സിഡി ഷോപ്പില്‍ കൊണ്ടുപോകാമെന്ന്‌ അയാള്‍ രാവിലെ ഓഫിസിലേക്കു പുറപ്പെടുന്നതിനു മുമ്പ്‌ സമ്മതിച്ചിരുന്നതാണ്‌. പക്ഷെ, പല കാരണങ്ങള്‍ കൊണ്ടും അതു നടക്കാതെ പോയി. എന്നുവച്ച്‌, പോലീസുകാരെപ്പോലെ തന്നെ ചോദ്യം ചെയ്യേണ്ടതുണ്ടോ?.
` എന്നിട്ട്‌ അച്‌ഛന്‍ പറയുന്നുണ്ടോ, ഇല്ലയോ?', അവളുടെ സ്വരത്തില്‍ ചെറിയൊരു ഭീഷണിയുടെ സ്വരമുണ്ടായിരുന്നോ എന്നാണയാള്‍ സംശയിച്ചു പോയത്‌.
` അച്‌ഛന്‍ പറഞ്ഞല്ലോ'.
` അതു കളവാണെന്നു ലൈ ഡിറ്റക്‌ടര്‍ പറഞ്ഞുംകഴിഞ്ഞല്ലോ. അച്‌ഛന്‍ വെറുതേ ഉരുളാന്‍ നോക്കല്ലേ'.
` ആ യന്ത്രത്തിനു കേടു വല്ലതും പറ്റിയിരിക്കും'.
` ഒരു കേടും പറ്റിയിട്ടില്ല. പത്തുവര്‍ഷത്തെ വാറണ്ടിയുണ്ടെന്ന്‌ അന്നേ റപ്രസെന്ററ്റീവ്‌ അങ്കിള്‍ പറഞ്ഞിരുന്നല്ലോ'.
` അപ്പോള്‍ ലൈ ഡിറ്റക്‌ടര്‍ ശബ്‌ദം വച്ചിരുന്നോ. അപ്പോള്‍ അതയാള്‍ ഓഫ്‌ ചെയ്‌തിട്ടിരിക്കും. അയാളാരാ മോന്‍?'.
` അച്‌ഛന്‍ ഉരുളാന്‍ നോക്കല്ലേ. സത്യം പറഞ്ഞേ തീരൂ. വൈകീട്ട്‌ അഞ്ചര മണിക്കു വരാമെന്നല്ലേ രാവിലെ പറഞ്ഞിരുന്നത്‌?'.
` അതേ അച്‌ഛന്‍ പറഞ്ഞല്ലോ. ഓഫിസില്‍ നിന്നിറങ്ങാന്‍ നേരം ബനഡിക്‌ട്‌ അങ്കിള്‍ വന്നു പറഞ്ഞു, ലോപ്പസ്സേ, അത്യാവശ്യമായിട്ട്‌ ഒരു സ്‌ഥലം വരെ പോണം, പിന്നെ യൂണിയന്റെ മീറ്റിങ്ങുമുണ്ട്‌. അവിടേം തല കാണിക്കണം. സമരമൊക്കെ വരികയാ. ചെന്നില്ലെങ്കില്‍ കരിങ്കാലിയാണെന്നു നേരത്തേ അവര്‍ പറഞ്ഞുനടക്കും. യൂണിയനില്ലെങ്കില്‍ പിന്നെ ജോലി ചെയ്യാമ്പറ്റില്യാന്ന്‌ അറിയില്ലേ, എന്ന്‌ '.
` ശരി, അതുവരെ സത്യമാ. ലൈ ഡിറ്റക്‌ടര്‍ ശബ്‌ദിച്ചില്ലല്ലോ. അപ്പോള്‍ രേഷ്‌മ മോള്‌ വീട്ടില്‌ കാത്തിരിക്കുന്നെന്നു പറഞ്ഞില്ലേ, അങ്കിളിനോട്‌?'.
` പിന്നെ, പറയാതെ. പക്ഷെ, അങ്കിള്‌ പിടിച്ച പിടിയാലേ കൊണ്ടുപോവുകയായിരുന്നു'.
` എന്നിട്ട്‌, ശരിക്കും എവിടെയാ പോയത്‌?'.
` അതൊന്നും കുട്ടികള്‍ അറിയേണ്ട കാര്യമില്ല'.
` ഞാനിപ്പം വലിയ കുട്ടിയായിക്കഴിഞ്ഞല്ലോ. എനിക്കറിഞ്ഞേ തീരൂ. അച്‌ഛന്‍ കളവെന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാമെന്നു കരുതേണ്ട. ലൈ ഡിറ്റക്‌ടര്‍ കൈയോടെ പിടിക്കുമേ, പറഞ്ഞേക്കാം'.
ശരിക്കും എവിടെയാണു പോയത്‌?. അതെല്ലാം മകളോടു പറയേണ്ടതുണ്ടോ?. പറയാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ്‌ അയാള്‍ ചിന്തിച്ചുപോയത്‌. നശിച്ച ലൈ ഡിറ്റക്‌ടര്‍ ഇല്ലായിരുന്നെങ്കില്‍ എന്തെങ്കിലും നിര്‍ദോഷമായ കളവു പറഞ്ഞു രക്ഷപ്പെടാമായിരുന്നു. സുഭദ്രമായ കുടുംബ ജീവിതത്തിനു ചില്ലറ കളവുകളൊക്കെ പറയുന്നതു കൊണ്ട്‌ ഒരു തെറ്റുമില്ലെന്ന പക്ഷക്കാരനായിരുന്നു അയാള്‍. മാത്രമല്ല, ചില്ലറ കളവുകളും ചെറിയ ചെറിയ അപഭ്രംശങ്ങളുമില്ലാത്ത ആരുണ്ടാവും ഈ ലോകത്തില്‍. എന്നാല്‍ ഈ യന്ത്രം വന്നതോടെ ജീവിതത്തിലെ ആ ഫ്ലെക്‌സിബിലിറ്റിയാണു നഷ്‌ടമായിരിക്കുന്നത്‌.
` അച്‌ഛന്‍ പറയുന്നുണ്ടോ ഇല്ലയോ?', മകളുടെ ഭീഷണി ആവര്‍ത്തിക്കുകയാണ്‌. അയാള്‍ ലൈ ഡിറ്റക്‌ടറിനെ നോക്കി. പ്രായമായ മകള്‍ അറിയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്‌ അയാള്‍ക്കു പറയാനുള്ളത്‌. എന്നാല്‍ അതു പറയാന്‍ പറ്റാത്ത സ്‌ഥിതിക്ക്‌ ചെറിയൊരു കളവാണു പറയാന്‍ പോകുന്നത്‌. വെറുതേ കളവെന്നു വിളിച്ചുകൂവി കുടുംബത്തിന്റെ സമാധാനം കളയരുത്‌. എന്നാല്‍ ഒരു യന്ത്രത്തിനുണ്ടോ സാഹചര്യങ്ങള്‍ക്കനുസരിച്ചു വിട്ടുവീഴ്‌ച ചെയ്യാന്‍ കഴിയുന്നു. അതു നേരത്തേ പ്രോഗ്രാം ചെയ്‌തുവച്ചതു പോലെ തികച്ചും യാന്ത്രികമായി അതിന്റെ ധര്‍മം നിര്‍വഹിക്കുന്നു. അതുകൊണ്ടാണല്ലോ അതിനെ ഒരു യന്ത്രമെന്നു വിളിക്കുന്നത്‌. ഇനിയും മകളുടെ ക്ഷമ പരീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട്‌ യന്ത്രമേ പ്ലീസ്‌, ദയവായി സഹകരിക്കുക.
` അതുതന്നെയാണ്‌ അച്‌ഛന്‍ പറഞ്ഞത്‌. ബനഡിക്‌ട്‌ അങ്കിള്‍ വന്നുവെന്നു പറഞ്ഞല്ലോ. യൂണിയന്‍ മീറ്റിങ്‌ തുടങ്ങാന്‍ അധികം സമയമില്ല. അങ്ങനെ യൂണിയന്‍ ഓഫിസിലേക്ക്‌ അങ്കിളും അച്‌ഛനും കൂടി പോയി. അവിടെയെത്തിയപ്പോള്‍ സംഘടനയുടെ സംസ്‌ഥാന നേതാവ്‌ പങ്കെടുക്കുന്നുണ്ടെന്നും അയാള്‍ വരാന്‍ ഒരു മണിക്കൂര്‍ വരെ താമസമുണ്ടെന്നും അയാളെത്തിയിട്ടേ മീറ്റിങ്‌ തുടങ്ങൂവെന്നും സഖാവ്‌ ചന്ദ്രന്‍ അങ്കിള്‌ പറഞ്ഞു'.
` ഉവ്വ്‌, അതുവരെ ശരി, എന്നിട്ട്‌?'.
` നീയെന്താ പോലീസുകാരെ പോലെ. എന്നിട്ട്‌ അങ്ങനെ മീറ്റിങ്‌ കഴിഞ്ഞപ്പോള്‍ മണി എട്ടരയായി, അത്ര തന്നെ'.
അപ്പോള്‍ അയാളെ പരിഹസിച്ചു കൊണ്ട്‌ ലൈ ഡിറ്റക്‌ടര്‍ അലറിവിളിച്ചു. മകള്‍ക്കും അതൊരു തുമ്പായി.
` എന്നെപ്പറ്റിക്കും പോലെ അച്‌ഛന്‍ ഡിറ്റക്‌ടറിനെ പറ്റിക്കാന്‍ നോക്കേണ്ട. ശരിക്കും നടന്നതു ശരിയായി പറഞ്ഞോ'.
` നീയെനിക്ക്‌ ഒരു കപ്പു കാപ്പിയിട്ടോണ്ടു വാ. അമ്മയെത്തിയില്ലേ ഇതുവരെ. ഇവള്‍ക്ക്‌ ഓഫിസിലെന്താ ഇത്രയ്‌ക്കു മല മറിക്കുന്ന ജോലി?'.
` കാപ്പിയൊക്കെ ഇട്ടോണ്ടു വന്നു തരാം. അതു കഴിഞ്ഞു കിളി കിളി പോലെ പറഞ്ഞേക്കണം, വൈകീട്ട്‌ എന്തായിരുന്നു ചുറ്റിക്കളിയെന്ന്‌'.
അവള്‍ അടുക്കളയിലേക്കു പോയപ്പോള്‍ ലോപ്പസിന്‌ നേരിയ ആശ്വാസം തോന്നി. ലൈ ഡിറ്റക്‌ടറിനെ സ്വാധീനിക്കാന്‍ എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. കളവു പറയുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന വൈദ്യുതി ഇംപള്‍സിനെ റിമോട്ട്‌ കണ്‍ട്രോള്‍ വഴി സ്വീകരിച്ചാണു യന്ത്ര പ്രവര്‍ത്തിക്കുകയെന്ന്‌ അതിന്റെ റപ്രെസെന്ററ്റീവ്‌ പറഞ്ഞത്‌ അയാളോര്‍ത്തു. കളവു പറയുമ്പോള്‍ പരിഭ്രമമുണ്ടാകുമെന്നും അപ്പോഴത്തെ വൈദ്യുതി ഇംപള്‍സ്‌ സാധാരണ നിലയില്‍ നിന്നു വ്യത്യസ്‌തമാകുമെന്നും അതാണ്‌ കളവെന്ന സൈറണിലൂടെ പറയുന്നതെന്നും അയാള്‍ പറഞ്ഞത്‌ ഏതായാലും ശരിയായിരിക്കുമല്ലോ. പതുക്കെ കാപ്പി കുടിച്ച്‌ ഒട്ടും പരിഭ്രമവുമില്ലാതെ ഒരു കെട്ടുകഥ പറഞ്ഞുഫലിപ്പിക്കുകയേ മാര്‍ഗമുള്ളൂ എന്നാണു തോന്നുന്നത്‌. അല്ലാതെ വൈകീട്ട്‌ ബനഡിക്‌ടും താനും കൂടി ആന്‍സി ഫിലിപ്പോസിന്റെ ഫ�ാറ്റിലായിരുന്നുവെന്ന്‌ ആരോടെങ്കിലും പറയുന്നതെങ്ങനെ?. അതും പ്രായമായ മകളോട്‌. ഇളയ മകന്‍ അഭിജിത്ത്‌ ടിവിയില്‍ തന്റെ ഇഷ്‌ട കോമിക്‌ പരമ്പര കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വൈകീട്ട്‌ അച്‌ഛന്‍ നേരത്തേ വരാമെന്നു പറഞ്ഞു മുടങ്ങിയതില്‍ അവനു വലുതായ നീരസമുണ്ടെന്നൊന്നും തോന്നിയില്ല. അപ്പോഴേക്കും റീത്തയും ഓഫിസില്‍ നിന്നു വന്നെത്തി. അപ്പോള്‍ ഇനി ചോദ്യം ചെയ്യലിനു രണ്ടു പേരായി. നിനക്ക്‌ ഓഫിസില്‍ പിടിപ്പതു ജോലിയുണ്ടായിരുന്നോ എന്നയാള്‍ തിരക്കി. അതിനവള്‍ മറുപടി നല്‍കിയില്ല. ഒരു പക്ഷെ, ലൈ ഡിറ്റക്‌ടര്‍ കാരണമായിരിക്കുമോ അത്‌?. കാപ്പിയുമായി മകള്‍ അപ്പോഴേക്കും അടുക്കളയില്‍ നിന്നു പ്രത്യക്ഷപ്പെടുമെന്ന്‌ അയാള്‍ വിചാരിച്ചില്ല. അവളുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞു റീത്ത വന്നാല്‍ മതിയായിരുന്നു. ഇനിയിപ്പോള്‍ എന്തൊക്കെയാണു സംഭവിക്കാന്‍ പോകുന്നതെന്ന്‌ അയാള്‍ക്ക്‌ ഒരു പിടിയുമുണ്ടായിരുന്നില്ല. വരുന്നതു വരുന്നിടത്തു വച്ചു കാണാം എന്നു വിചാരിക്കുകയല്ലാതെ.
` കാപ്പി ഗംഭീരമായി, മോളേ?. നീയെവിടുന്നാ ഇത്രയും നന്നായി കാപ്പിയിടാന്‍ പഠിച്ചത്‌?. ഏതായാലും അമ്മയില്‍ നിന്നായിരിക്കില്ല'.
` അച്‌ഛാ. സോപ്പിട്ടു കുപ്പിയിലിറക്കാന്‍ നോക്കല്ലേ. കാപ്പി നന്നായി എന്നു പറഞ്ഞതുകൊണ്ടൊന്നും ഒരു രക്ഷയുമില്ല. യൂണിയന്‍ ഓഫിസ്‌ വരെയേ എത്തിയിട്ടുള്ളൂ കാര്യങ്ങള്‍, കേട്ടോ?'.
` നീയിപ്പഴും അതൊക്കെ ഓര്‍ത്തുകൊണ്ടിരിക്കുകയാണോ. ഞാനതൊക്കെ എപ്പഴേ മറന്നു'.
` ഓര്‍ത്തുകൊണ്ടിരിക്കണമല്ലോ'.
` നീയെന്താ ഇവിടത്തെ മോറല്‍ പോലീസോ?. നിനക്കു പഠിക്കാനൊന്നുമില്ലേ, ഇന്ന്‌. നിന്നെക്കണ്ടാ അവനും ഈ ടിവിയെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്‌'. അഭിജിത്ത്‌ കഴുത്തു ചെരിച്ചുനോക്കിയെങ്കിലും ഒന്നും പ്രതികരിച്ചില്ല. മൂന്നാം ക്ലാസിലാണെങ്കിലും അച്‌ഛനെ വിഷമത്തിലാക്കുന്ന ഒന്നും അവന്‍ ചെയ്യാറില്ല എന്നതു മാത്രമാണ്‌ ആശ്വാസം.
` അച്‌ഛന്‍ ഉരുളാന്‍ നോക്കണ്ടാന്ന്‌ ഞാന്‍ നേരത്തേ പറഞ്ഞു. ഞാന്‍ തന്നെയാണ്‌ ഇവിടെത്തെ പോലീസ്‌. രാവിലെയാകുമ്പോള്‍ ഓഫിസിലേക്കിറങ്ങുന്ന അച്‌ഛനും അമ്മയും രാത്രിയാകുമ്പോള്‍ കയറിവരുന്ന ഒരു വീട്ടില്‍ ആര്‍ക്കും പോലീസ്‌ കളിക്കാം. കളവു പറഞ്ഞാല്‍ പിടിക്കാന്‍ ലൈ ഡിറ്റക്‌ടറുമുണ്ട്‌, പറഞ്ഞേക്കാം'.
` പോയിരുന്നു വല്ലോം പഠിക്കാന്‍ നോക്കടീ. എന്‍ട്രന്‍സിനു കടന്നുകൂടാന്‍ നിന്റെ ഈ കുഞ്ഞുകളി കൊണ്ടൊന്നും പറ്റില്ല. നിന്നെ ഒരു ഡോക്‌ടറാക്കണമെന്നാ അച്‌ഛന്‌. അഭിജിത്ത്‌ ഒരു ഇലക്‌ട്രോണിക്‌സ്‌ എന്‍ജിനിയര്‍. അച്‌ഛന്റെ കണക്കുകൂട്ടലുകളെല്ലാം നീ തെറ്റിക്കും'.
` അച്‌ഛന്റെ കണക്കുകൂട്ടലുകളെല്ലാം ഞാന്‍ തെറ്റിക്കും. കാപ്പി കുടിച്ചുകഴിഞ്ഞെങ്കില്‍ ഇനി പറഞ്ഞുതുടങ്ങിക്കോ'.
` നീയത്‌ കളഞ്ഞില്ലേ, ഇതുവരെ?'.
` ഇല്ലല്ലോ'.
മകളുടെ ജിജ്‌ഞാസയും സംശയവും കുടഞ്ഞുകളയാന്‍ ആവില്ലെന്നു ലോപ്പസിനു മമനസിലായി. ഇനിയിപ്പോള്‍ ഏതായാലും രക്ഷയില്ല. കീഴടങ്ങാതെ. ലൈ ഡിറ്റക്‌ടറിനു കണ്ടുപിടിക്കാന്‍ പറ്റാത്ത രീതിയിലുള്ള ഒരു കെട്ടുകഥ അയാള്‍ മനസിലാലോചിച്ചു. ആവുന്നത്ര ആത്മവിശ്വാസം ആര്‍ജിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. പരിഭ്രമത്തെ കഴിയുന്നത്ര ഒതുക്കിവയ്‌ക്കാനും. യൂണിയന്‍ സമര സമ്മേളനങ്ങളില്‍ പ്രസംഗിക്കുന്ന സമയത്തെ ഒരു മാനസികാവസ്‌ഥ അയാള്‍ അതിനോടകം സംഭരിച്ചുകഴിഞ്ഞിരുന്നു. പറയുന്നതില്‍ പാതിയും പതിരാണെങ്കില്‍ തന്നെയും അണികളെ അതു പറഞ്ഞു ബോധ്യപ്പെടുത്തുമ്പോഴുള്ള ഒരു ആത്മവിശ്വാസം.
` അതു പിന്നെ, അച്‌ഛന്‍ പറഞ്ഞല്ലോ. സംസ്‌ഥാന നേതാവു വന്നപ്പോള്‍ മണി ആറര. ബനഡിക്‌ട്‌ അങ്കിളാണല്ലോ ഓഫിസ്‌ സെല്‍ സെക്രട്ടറി. ബനഡിക്‌ട്‌ അങ്കിള്‍ ഓഫിസിലെ സമര ഒരുക്കത്തെക്കുറിച്ചു പറഞ്ഞു. അപ്പോള്‍ സംസ്‌ഥാന നേതാവു പറഞ്ഞു. ഇനി ലോപ്പസ്‌ സഖാവു പറയട്ടെ എന്ന്‌. പിന്നെ അച്‌ഛന്‍ ഒരു കസര്‍ത്തായിരുന്നു. തൊഴിലാളി വര്‍ഗം ആത്യന്തികമായി അധികാരം കൊയ്യേണ്ട ആവശ്യകതയെക്കുറിച്ച്‌. ചിക്കാഗോ തെരുവീഥികളില്‍ ചോരയൊഴുക്കിയ ആയിരങ്ങള്‍. സോവിയറ്റ്‌ യൂണിയനിലും മറ്റുമുണ്ടായ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ അനുഷ്‌ഠാനങ്ങളില്‍ വന്ന പാളിച്ചകള്‍. തൊഴിലാളി വര്‍ഗം നീലക്കോളര്‍ ഇടത്തട്ടു വര്‍ഗമായി പരിണമിച്ചതിനെക്കുറിച്ച്‌. നീണ്ട കരഘോഷത്തിനു ശേഷം നോക്കുമ്പോഴുണ്ട്‌ ബനഡിക്‌ട്‌ അങ്കിള്‍ വായും പൊളിച്ചിരിക്കുന്നു. അപ്പോഴേക്കും മണിയെത്രായീന്നാ വിചാരം. എന്നിട്ട്‌ സഖാവ്‌ ഫിലിപ്പോസിന്റെ ഫ്ലാറ്റില്‍ നിന്നിറങ്ങുമ്പോള്‍ മണി എട്ടര. ഒറ്റ ശ്വാസത്തിലാണ്‌ അതയാള്‍ പറഞ്ഞുതീര്‍ത്തത്‌. ലൈ ഡിറ്റക്‌ടര്‍ ചതിച്ചില്ലെന്ന ഒറ്റ ആശ്വാസമായിരുന്നു അത്‌.
` എന്നിട്ടു മീറ്റിങ്‌ യൂണിയന്‍ ഓഫിസിലാണെന്നല്ലേ അച്‌ഛന്‍ നേരത്തേ പറഞ്ഞത്‌?'.
` ആയിരുന്നല്ലോ'.
` എന്നിട്ട്‌, ഫിലിപ്പോസ്‌ അങ്കിളിന്റെ ഫ്ലാറ്റില്‍ നിന്നിറങ്ങുമ്പോള്‍ മണി എട്ടര എന്നു പറഞ്ഞത്‌?'.
` സംസ്‌ഥാന നേതാവു വരുമ്പോ കുറച്ച്‌ ആര്‍ഭാടമൊക്കെ വേണ്ടേ മോളേ?'.
അപ്പോഴാണ്‌ ലൈ ഡിറ്റക്‌ടര്‍ അയാളെ കളിയാക്കിക്കൊണ്ട്‌ അലറിക്കരഞ്ഞത്‌.
` അച്‌ഛാ....'.
` എന്താടീ?'.
` അച്‌ഛന്‍ വീണ്ടും കളവു പറഞ്ഞു. ഡിറ്റക്‌ടറിനെ പറ്റിക്കാന്‍ നോക്കണ്ടാ...'.
` അതേ, മീറ്റിങ്‌ യൂണിയന്‍ ഓഫിസില്‍ തന്നെയായിരുന്നു'.
` പിന്നെയെന്തിനാ ഏതാണ്ടൊരു ഫ്ലാറ്റില്‍ പോയിരുന്നത്‌?'.
എന്തിനാണ്‌ ആന്‍സി ഫിലിപ്പോസിന്റെ ഫ്ലാറ്റില്‍ പോയതെന്ന്‌ പ്രായമായ ഒരു മകളോട്‌ ലോകത്തെ ഒരച്‌ഛനും പറയാന്‍ വയ്യ. പറയാന്‍ പാടുള്ളതുമല്ല. തലവേദനയാണെന്നും പറഞ്ഞു റീത്ത നേരെ ബെഡ്‌റൂമിലേക്കു പോയി കിടന്നത്‌ ഏതായാലും നന്നായി. അല്ലെങ്കില്‍ അവളുടെ മൂര്‍ച്ചയുള്ള നോട്ടത്തിനു മുന്നില്‍ നിന്നു പരുങ്ങിയേനെ. ലൈ ഡിറ്റക്‌ടര്‍ അതു ചാടിപ്പിടിച്ച്‌ വീണ്ടും വീണ്ടും അലറിക്കരഞ്ഞേനെ.
` അതുപിന്നെ മോളേ, ഫിലിപ്പോസ്‌ അങ്കിള്‍ എന്നു പറഞ്ഞ്‌ അച്‌ഛന്റെയും ബനഡിക്‌ടങ്കിളിന്റെയും ഒരു സഹപ്രവര്‍ത്തകനുണ്ട്‌. സംസ്‌ഥാന നേതാവു വന്നപ്പോള്‍ പിന്നെ അവിടെയും പോകണ്ടേ?. അത്രയേയുള്ളൂ'.
ലൈ ഡിറ്റക്‌ടര്‍ മിണ്ടാതെയിരുന്നതു കൊണ്ടു തല്‍ക്കാലം രക്ഷപ്പെട്ടുവെന്നു വിചാരിച്ചിരിക്കുകയായിരുന്നു അയാള്‍. ഇനിയും കൂടുതല്‍ ചോദ്യങ്ങള്‍ മകള്‍ ചോദിച്ചില്ലെങ്കില്‍ പരിഭ്രമിക്കാനൊന്നുമില്ല.
` എന്നിട്ട്‌ അങ്കിളിന്റെ കൂടെയാണോ മടങ്ങിയത്‌?'.
` പിന്നല്ലാതെ'. അവിടെ ലൈ ഡിറ്റക്‌ടര്‍ അയാളോടു പിണങ്ങി. അതു ശബ്‌ദിച്ചു.
` അപ്പോഴതു കള്ളം. ശരിക്കും പറ. അങ്കിളിനൊപ്പമാണോ മടങ്ങിയത്‌?'.
` അങ്കിള്‌ അല്‍പ്പം നേരത്തേ പോന്നു. രാഹുല്‌ വിളിച്ച്‌ എന്തോ സാധനം വാങ്ങണമെന്നു പറഞ്ഞുകാണും. ഇപ്പോള്‍ നിന്റെ സംശയമെല്ലാം തീര്‍ന്നുകാണും. ഇനി പോയി പഠിക്കാന്‍ നോക്ക്‌'. അവള്‍ മനസില്ലാ മനസോടെ പഠനമുറിയിലേക്കു പോയപ്പോള്‍ ലൈ ഡിറ്റക്‌ടര്‍ വാങ്ങിയ നിമിഷത്തെ അയാള്‍ ശപിച്ചു. രേഷ്‌മയ്‌ക്കു തന്നെയായിരുന്നു നിര്‍ബന്ധം. അച്‌ഛനും അമ്മയും തന്നില്‍ നിന്ന്‌ എന്തൊക്കെയോ മറച്ചുപിടിക്കുന്നു എന്ന്‌ അവള്‍ക്കു തോന്നിയതില്‍ അത്ഭുതമൊട്ടുമില്ല. പിന്നാലെ റീത്തയും ലൈ ഡിറ്റക്‌ടറിന്റെ നിര്‍ബന്ധക്കാരിയായി. അയാള്‍ എന്തൊക്കെയോ മറച്ചുപിടിക്കുന്നു, നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുന്നു എന്നിങ്ങനെയുള്ള സംശയങ്ങളാണ്‌ രേഷ്‌മയക്ക്‌ അനുകൂല വോട്ട്‌ നല്‍കാന്‍ അവളെ പ്രേരിപ്പിച്ചത്‌ എന്നു പറയപ്പെടുന്നു. അഭിജിത്തിനു യന്ത്രത്തോടു വലിയ പ്രതിപത്തിയുണ്ടായിരുന്നില്ല. സ്‌കൂളില്‍ പോകുന്നതില്‍ നിന്ന്‌ ഒഴിവാകാന്‍ തലയില്‍ വല്ലാത്ത വയറുവേദനയെടുക്കുന്നു, വയറ്റില്‍ എന്തൊക്കെയോ കൊളുത്തിപ്പിടിക്കുന്നു തുടങ്ങിയ ചെറിയ കളവുകള്‍ അവന്‍ പറയാറുണ്ടായിരുന്നു. അതിന്റെ കള്ളി വെളിച്ചത്താകുമോ എന്ന്‌ അഭിജിത്ത്‌ ഭയന്നു. എന്നാലും ഇക്കാര്യത്തില്‍ അവന്‌ വോട്ടവകാശമില്ലാത്തതിനാല്‍ 2-1 എന്ന ഭൂരിപക്ഷത്തില്‍ ലൈ ഡിറ്റക്‌ടര്‍ യന്ത്രംവാങ്ങാന്‍ അയാള്‍ക്കു വഴങ്ങേണ്ടിവന്നു. സുഭദ്രമായ കുടുംബജീവിതം ഉറപ്പാക്കാന്‍ ഒരു വീട്ടില്‍ ഒരു ഡിറ്റക്‌ടര്‍ എന്ന സര്‍ക്കാര്‍ പദ്ധതിക്കു കീഴില്‍ 25 ശതമാനം സബ്‌സിഡിയുണ്ടെന്നും റപ്രസെന്ററ്റീവ്‌ പറഞ്ഞതോടെ അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ എല്ലാ വീട്ടിലും കളവു കണ്ടുപിടിക്കല്‍ യന്ത്രം നിര്‍ബന്ധമാക്കുമെന്ന ധ്വനിയില്‍ ലോപ്പസ്‌ അതു വാങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. എന്നാല്‍ അതിങ്ങനെ വല്ലാത്ത കുരുക്കില്‍ പെടുത്തുമെന്ന്‌ അന്നു നേരിയ ഊഹം പോലുമുണ്ടായിരുന്നില്ല.
യന്ത്രത്തിന്റെ പരിധിയില്‍ നിന്നു കിടപ്പുമുറി ഒഴിവായതാണെങ്കിലും അതുകൊണ്ടു വലിയ പ്രയോജനമൊന്നും ലോപ്പസിനുണ്ടായിരുന്നില്ല. റീത്തയെ ഉമ്മ വയ്‌ക്കാനായുമ്പോള്‍ അവള്‍ അയാളുടെ ചോര മണത്തുനോക്കി. ആ ഒറ്റ ശ്വാസത്തില്‍ അയാളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌, ആര്‍എച്ച്‌ ഘടകം, ജനിതക ഘടന എന്നിവ നോക്കി അതയാള്‍ തന്നെയാണെന്ന്‌ ഉറപ്പു വരുത്തി. വീട്ടിലേക്കു കയറുമ്പോള്‍ വാതിലിന്റെ പിടിയില്‍ പിടിക്കുമ്പോള്‍, അതിലെ ഒരു രഹസ്യ സംവിധാനം അയാളുടെ വിരല്‍പ്പാടുകള്‍ പരിശോധിച്ച്‌ അയാള്‍ തന്നെയാണെന്ന്‌ ഉറപ്പുവരുത്തിയതിനു ശേഷമേ വാതില്‍ അതിന്റെ പൂട്ടുകള്‍ തുറന്നിരുന്നുള്ളൂ.
റീത്ത നേരേ ബെഡ്‌റൂമിലേക്കു പോയതെന്തിന്‌ എന്നു സംശയിക്കുകയായിരുന്നു ലോപ്പസ്‌. ഇനിയിപ്പോള്‍ തലവേദന അധികമായിക്കാണുമോ എന്തോ?. അന്വേഷിക്കാന്‍ ചെന്ന അയാളോട്‌ റീത്ത പറഞ്ഞു.
` രേഷ്‌മയില്‍ നിന്നെന്തെങ്കിലും ഒളിക്കാന്‍ ബുദ്ധിമുട്ടായി, അല്ലേ?'.
` അവള്‍ വലുതായി വരികയല്ലേ. ഒരു മോറല്‍ പോലീസിന്റെ മട്ടുമുണ്ടായിട്ടുണ്ട്‌. നിനക്കെന്തു പറ്റി?. നിനക്ക്‌ ഓഫിസിലെന്താ ഇത്രയും മല മറിക്കുന്ന പണി?'.
` വല്ലാത്ത തലവേദന തോന്നി. അതുകൊണ്ടാ നേരേ വന്നുകിടന്നത്‌. ഇപ്പോള്‍ ഭേദമുണ്ട്‌. എന്തെങ്കിലും കഴിച്ചു നേരത്തേ കിടന്നേക്കാം'.
രാത്രിഭക്ഷണം കഴിഞ്ഞു കിടക്കാന്‍ ഒരുങ്ങിയപ്പോള്‍ ലോപ്പസിനെ അത്ഭുതപ്പെടുത്തിയ സംഗതി തലവേദനയെന്നു പറഞ്ഞു കിടന്നിരുന്ന റീത്ത പോയി കുളിച്ചുവന്നതെന്തിനായിരുന്നു എന്നതാണ്‌. സാധാരണ അവള്‍ രാത്രി കുളി പതിവില്ല. ശരിക്കും അവളുടെ വിയര്‍പ്പിന്റെ ഗന്ധമാണു തന്നെ 
ഉന്മാദത്തിലേക്കുയര്‍ത്തിയിരുന്നതെന്ന്‌ അയാള്‍ക്കു തോന്നിയിരുന്നു. അതിലയാള്‍ പ്രത്യേക ലഹരി കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ പതിവിനു വിപരീതമായി അവള്‍ കുളിച്ചുവന്നതില്‍ അയാള്‍ നീരസം പ്രകടിപ്പിച്ചില്ല. അവളെ ഉമ്മ വയ്‌ക്കാനായുമ്പോള്‍ റീത്ത അയാളുടെ ചോര മണത്തു, അതയാള്‍ തന്നെയാണോ എന്ന സ്‌ഥിരം പരിശോധനയ്‌ക്ക്‌. ഒരു പോലുള്ള ഒമ്പതു പേരുണ്ടെന്നാണ്‌ കേട്ടിരിക്കുന്നത്‌. അയാളുടെ ജനിതക മാച്ചിങ്ങില്‍ അവള്‍ അരുതാത്തതെന്തോ മണത്തു.

` ഇന്നു നിങ്ങള്‍ എവിടെയാ പോയത്‌?'.
` ഒരു ചോദ്യം ചെയ്യല്‍ കഴിഞ്ഞേയുള്ളൂ. ഇനി നിന്റെ വകയായോ?'.
` ഇന്നും അവളുടെ അടുത്തുപോയി?'.
` ആരുടെയടുത്തെന്നാ നീ പറയുന്നത്‌?'.
` ആ മോളിയുടെ. പിന്നല്ലാതെ ആരുടെയടുത്ത്‌. ഓരോ അവളുമാരുടെ അടുത്തു പോയിവന്നിട്ട്‌ എന്റൊപ്പം വന്നുകിടക്കണ്ടാ.. ഞാനാദ്യമേ പറഞ്ഞിട്ടുണ്ടല്ലോ, എനിക്കതിഷ്‌ടമല്ല എന്ന്‌ '.
` നീ വെറുതേ ഓരോന്ന്‌ ആലോചിച്ചു കൂട്ടുകയാണ്‌'.
` ലൈ ഡിറ്റക്‌ടറിന്റെ മുന്നില്‍ ചെന്നു നിന്നു സത്യം ചെയ്യാന്‍ ഒരുക്കമാണോ നിങ്ങള്‍. എന്നാല്‍ ഞാന്‍ വിശ്വസിക്കാം. നിങ്ങളുടെ ശ്വാസത്തില്‍ നിന്ന്‌ ഒരു അപരിചിത ഗന്ധം ഞാന്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും. അതിന്റെ ലക്ഷണങ്ങള്‍ നിങ്ങളുടെ ചോരയിലുണ്ടെങ്കിലും'.
` അതൊക്കെ എവിടെ വേണമെങ്കിലും സത്യം ചെയ്യാം. എന്നാലും ഇപ്പോള്‍ വേണോ. പിള്ളാര്‌ ഉറങ്ങിയിട്ടുണ്ടാവില്ല'.
` ഇപ്പോള്‍ വേണം. ആദ്യം യന്ത്രം ഇങ്ങോട്ട്‌ എടുത്തുകൊണ്ടുവാാ. കിടപ്പുമുറിയില്‍ നിങ്ങള്‍ കള്ളം പറയില്ലെന്ന വിശ്വാസവും ഇല്ലാതായി'.
അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നാണ്‌ അയാള്‍ക്കു തോന്നിയത്‌. കിടപ്പുമുറി യന്ത്രത്തിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നതാണ്‌. അല്‍പ്പമെങ്കിലും കളവുകള്‍ ബാക്കിവച്ചിരുന്നതു കിടപ്പുമുറിയിലായിരുന്നു. റീത്തയുടെ ശരീരത്തിന്റെ നിമ്‌നോന്നതങ്ങളില്‍ ഊളിയിടുമ്പോഴും താന്‍ ആന്‍സിയുടെ കരവലയത്തിലാണെന്നു വിചാരിക്കാനായിരുന്നു താല്‍പ്പര്യം. ലൈ ഡിറ്റക്‌ടര്‍ മുറിയിലെത്തിയപ്പോള്‍, റീത്ത മറ്റൊരു മോറല്‍ പോലീസാവുകയായിരുന്നു. മോളിയുടെ വീട്ടില്‍ പോയിട്ടേയില്ലെന്ന്‌ ആണയിട്ടപ്പോള്‍ ലൈ ഡിറ്റക്‌ടര്‍ ഒന്നും അറിയാത്തതുപോലെ ഇരുന്നു. പിന്നെ ആരുടെ വീട്ടിലാ പോയത്‌, ശ്വാസത്തില്‍ ഏതൊരുവളുടെ മണമാണുള്ളത്‌ തുടങ്ങിയ ചോദ്യങ്ങളെ അതൊന്നും അന്വേഷണത്തിന്റെ പരിധിക്കുള്ളില്‍ വരുന്നില്ലെന്നു പറഞ്ഞു രക്ഷപ്പെടാനാണു ലോപ്പസ്‌ ശ്രമിച്ചത്‌. എന്നാല്‍, റീത്ത അതിനു വഴങ്ങാന്‍ തയാറായിരുന്നില്ല. എന്നാല്‍ രാത്രി എട്ടര വരെ നീയേതോഫീസിലായിരുന്നു, എന്തു ചെയ്യുകയായിരുന്നു എന്ന മറുചോദ്യം കൊണ്ട്‌ അതിനെ നേരിടുകയായിരുന്നു അയാള്‍ ചെയ്‌തത്‌.
` അപ്പോള്‍, നിങ്ങള്‍ എന്നെയും സംശയിച്ചു തുടങ്ങി അല്ലേ. എനിക്കു മറച്ചു വയ്‌ക്കാന്‍ ഇതുവരെ ഒന്നുമില്ല. നിങ്ങള്‍ക്കെന്താണ്‌ അറിയേണ്ടത്‌?. മുഴുവന്‍ ചോദിച്ചുകൊള്ളൂ. ഈ യന്ത്രം സാക്ഷിയായി ഞാന്‍ സത്യമേ പറയൂ. ഇല്ലെങ്കില്‍ യന്ത്രം പൊട്ടിത്തെറിച്ചു പോയ്‌ക്കൊള്ളട്ടെ'.
അതുതന്നെ പറ്റിയ അവസരമെന്നു ലോപ്പസ്‌ കരുതി. ഇപ്പോള്‍ തന്നില്‍ നിന്നു ശ്രദ്ധ തിരിച്ചുകളയാന്‍ പറ്റിയ അവസരമാണു വന്നിരിക്കുന്നത്‌. എന്നാല്‍ ലോപ്പസിന്റെ നിരാശനാക്കിക്കൊണ്ട്‌, എല്ലാ ചോദ്യങ്ങള്‍ക്കും ലൈ ഡിറ്റക്‌ടറിന്റെ ശബ്‌ദമുയരാതെ തന്നെ അവള്‍ ഉത്തരം നല്‍കുകയാണുണ്ടായത്‌. ആ പ്രശ്‌നങ്ങളെല്ലാം ഏതാണ്ട്‌ അന്നു തീര്‍ന്നെങ്കിലും ലൈ ഡിറ്റക്‌ടര്‍ തന്നെ മാത്രം വേട്ടയാടുകയാണ്‌ എന്നറിഞ്ഞപ്പോള്‍ അയാളില്‍ വല്ലാത്ത ഞെട്ടലാണുണ്ടാക്കിയത്‌. റീത്തയുടെ സ്വഭാവശുദ്ധിയില്‍ ഏതാണ്ട്‌ വിശ്വാസമുറപ്പിച്ചുകൊണ്ട്‌ ഉറങ്ങിപ്പോയതിന്റെ ഒരാഴ്‌ചക്കുള്ളില്‍ തന്നെയാണ്‌ ലൈ ഡിറ്റക്‌ടര്‍ അയാളെ ചതിക്കുകയായിരുന്നു എന്നു മനസിലായതും. അതു തന്നെ മാത്രമാണു ചതിക്കുന്നതെന്നും കൂടി മനസിലാക്കിയപ്പോള്‍ താന്‍ ഭൂമിയിലേക്കു താഴ്‌ന്നുപോവുകയാണോ എന്നും തോന്നി.
അന്നയാള്‍ നേരത്തേ വീട്ടിലെത്തിയ ദിവസമായിരുന്നു. അഭിജിത്ത്‌ ടിവിയില്‍ അവന്റെ പതിവു കോമിക്‌ പരമ്പരയിലേക്കു കണ്ണുനട്ടിരുന്നു. രേഷ്‌മ വീട്ടിലെത്തിയിട്ടുണ്ടായിരുന്നില്ല. റീത്ത പതിവുപോലെ ജോലിത്തിരക്കില്‍ രാത്രിയാകുമ്പോഴേ എത്തിയിരുന്നുമുള്ളു.
` രേഷ്‌മച്ചേച്ചിയെന്തിയേടാ?'.
` ചേച്ചിക്കു ട്യൂഷനുണ്ടെന്നോ എന്തോ പറഞ്ഞു'. അവന്റെ ഉത്തരം നിര്‍വികാരമായിരുന്നു. ട്യൂഷനു പോകുന്ന വിവരം അവള്‍ നേരത്തേ പറഞ്ഞുകേട്ടിരുന്നില്ലല്ലോ എന്നയാള്‍ ഓര്‍ത്തു. എന്‍ട്രന്‍സിന്റെ ക്ലാസാണെങ്കില്‍ ഞായറാഴ്‌ചയായിരുന്നു താനും. സന്ധ്യ കഴിഞ്ഞപ്പോള്‍ രേഷ്‌മ എത്തിയപ്പോഴേ, ലോപ്പസ്‌ ചോദ്യം ചെയ്യല്‍ തുടങ്ങിയിരുന്നു. ലൈ ഡിറ്റക്‌ടര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലേ എന്നയാള്‍ ഉറപ്പുവരുത്തിയിരുന്നു.
` നീയേതു ട്യൂഷനാ ഇന്നു പോയത്‌?'.
അവള്‍ക്കു മറുപടി പറയാന്‍ കൂസലൊന്നുമില്ലെന്ന്‌ അയാള്‍ കണ്ടു.
` ട്യൂഷനാണെന്ന്‌ ആരു പറഞ്ഞു?. ഇന്നു സ്‌പെഷല്‍ ക്ലാസായിരുന്നു. ആ കണക്കു ടീച്ചറുടേത്‌'. അവള്‍ ലൈ ഡിറ്റക്‌ടറിലേക്കു പാളി നോക്കിയതുപോലുമില്ല. പരുങ്ങുന്നുമുണ്ടായിരുന്നില്ല. തലയുയര്‍ത്തിത്തന്നെയായിരുന്നു ഉത്തരം.
` എന്നിട്ട്‌ ഇത്ര സമയം നീയെന്തു ചെയ്‌തു?. ആറു മണി വരെയല്ലേ, സ്‌പെഷല്‍ ക്ലാസ്‌?'.
` അതുകഴിഞ്ഞ്‌ ഇതുവരെ എത്തണ്ടേ?. അച്‌ഛനിന്ന്‌ എന്തു ഭാവിച്ചാ. ഞാന്‍ മുമ്പും ചില ദിവസങ്ങളില്‍ താമസിച്ചുവരാറുണ്ടല്ലോ?'.
` നീയുരുളാന്‍ നോക്കേണ്ട. നീയതു കഴിഞ്ഞ്‌ എവിടെ പോയി?'.
` വരുന്ന വഴി രാഹുലിനെ കണ്ടു. ബനഡിക്‌ടറ്റങ്കിളിന്റെ മോന്‍. എന്നാ രേഷ്‌മാ, ഓരോ ഐസ്‌ക്രീം കഴിച്ചേച്ചു പോകാമെന്നായി രാഹുല്‍. നമ്മള്‌ നേരത്തേയും അങ്ങനെ പോയി ഇരിക്കാറുണ്ടല്ലോ. അതച്‌ഛനോടു പറഞ്ഞിട്ടുള്ളതുമാണല്ലോ?'.
` ഇന്നു നീയെവിടെ പോയി എന്നാണു ചോദ്യം'.
` ഉത്തരം പറഞ്ഞുകഴിഞ്ഞല്ലോ'.
` അതിനു രാഹുല്‍ സ്‌ഥലത്തില്ലല്ലോ', വെറുതേയാണ്‌ അങ്ങനെ ലോപ്പസ്‌ പറഞ്ഞിരുന്നത്‌.
` രാഹുല്‍ തന്നെ, ഇപ്പോള്‍ എന്നെ ഇവിടെ കൊണ്ടുവന്നിട്ടു പോയതാണല്ലോ. അകത്തുകയറിയിരുന്നിട്ടു പോവാമെന്നു പറയുകയും ചെയ്‌തു. അച്‌ഛന്‍ വന്നുവെന്ന്‌ എനിക്കറിയാമായിരുന്നല്ലോ. പക്ഷേ, എന്തോ തിരക്കുണ്ടെന്നു പറഞ്ഞു രാഹുല്‍ പോയി. അത്രയേയുള്ളൂ'.
` ഇനിയെന്നാല്‍ രാഹുലുമായുള്ള കൂട്ടുകെട്ട്‌ വേണ്ട, പറഞ്ഞതു കേട്ടാല്‍ മതി'.
` ഈ അച്‌ഛനിന്ന്‌ എന്തു പറ്റി ?. ബനഡിക്‌ടറ്റങ്കിളും നമ്മളും കുടുംബ സുഹൃത്തുക്കളല്ലേ. രാഹുലും ഞാനും ഒന്നിച്ചു കളിച്ചുവളര്‍ന്നവരല്ലേ'. രേഷ്‌മ ചാടിത്തുള്ളി അകത്തേക്കു പോയപ്പോഴും ലൈ ഡിറ്റക്‌ടര്‍ മിണ്ടാതെ കൂനിക്കൂടിയിരിക്കുന്നതു കണ്ട്‌ അയാള്‍ക്കു ശരിക്കും അരിശം വന്നിരുന്നു. കള്ളം പറയുന്നതിനു കൂട്ടുനിന്നാല്‍ തല്ലിപ്പൊട്ടിച്ചു തട്ടിന്‍പുറത്തേക്ക്‌ എറിഞ്ഞുകളയും എന്നയാള്‍ പതുക്കെയാണു പറഞ്ഞതെങ്കിലും അഭിജിത്ത്‌ തല ചെരിച്ചുനോക്കി.
` ആരോടാ പപ്പ, വര്‍ത്താനം പറയുന്നത്‌?. എന്തു തല്ലിപ്പൊട്ടിക്കുമെന്നാ'.
` ഒന്നുമില്ലെടാ. ഈ ഡിറ്റക്‌ടറിനോടു പറഞ്ഞതാ. ഇതിനെ വശത്താക്കാന്‍ സൂത്രം വല്ലോമുണ്ടോ?. ഇപ്പോള്‍ നിന്റെ ചേച്ചി ഓരോന്നു പറഞ്ഞപ്പോള്‍ കള്ളന്‍ മിണ്ടാതെയിരിക്കുകയായിരുന്നു'.
` ചേച്ചി പറഞ്ഞതൊക്കെ സത്യമാവും. അതാ'.
` എന്നാല്‍ എല്ലാം ശരിയാണെന്നു വരുമോ?. ഈ സ്‌പെഷല്‍ ക്ലാസൊന്നും അത്ര സത്യമായിരിക്കണമെന്നില്ല'.
` ആവോ, എനിക്കറിയില്ല'.
` ഇതിനെ നിശ്ശബ്‌ദമാക്കാന്‍ വല്ല വിദ്യയുമുണ്ടായിരിക്കുമോ?'.
` എനിക്കറിയില്ല. ഞാനിപ്പോള്‍ കള്ളം പറയാറില്ല'.
അപ്പോള്‍, അപ്പോള്‍ മാത്രം ലൈ ഡിറ്റക്‌ടറിന്റെ ശബ്‌ദം ഉയര്‍ന്നു.
` കണ്ടോടാ.. നിനക്ക്‌ എല്ലാ വിദ്യയും അറിയാം. നീ പറഞ്ഞതു കളവാണെന്നു തെളിഞ്ഞില്ലേ?'.
` അങ്ങനെ വിദ്യ അറിയാമെങ്കില്‍ അത്‌ ഒച്ചയുണ്ടാക്കുമോ, പപ്പാ'.
ആ കോലാഹലവും അങ്ങനെ തീര്‍ന്നുവെങ്കിലും ലോപ്പസിന്റെ മനസില്‍ രേഷ്‌മയെ പ്രതി ചെറിയ സംശയം മനസില്‍ ഉരുണ്ടുകൂടാതിരുന്നില്ല. ബനഡിക്‌ടിനോട്‌ എപ്പോഴെങ്കിലും ഇതിനെപ്പറ്റി പറയണമെന്ന്‌ അയാള്‍ ഉറപ്പിച്ചു. അങ്ങനെ പറയാന്‍ ഒരു അവസരം അടുത്തുതന്നെ ഒത്തുകിട്ടുകയും ചെയ്‌തു. ബാറില്‍ രണ്ടെണ്ണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇരുവരും.
` ലോപ്പസേ, എനിക്കൊരു പ്രധാന കാര്യം പറയാനുണ്ട്‌'.
` എനിക്കും പറയാനുണ്ടായിരുന്നു ഒന്ന്‌'.
` അതവിടെ നില്‍ക്കട്ടെ. ഞാനിതു വളരെ രഹസ്യമായി കേട്ടതാണ്‌. കുറെ ദിവസം ആലോചിച്ചു. നിന്നോടു പറയണമോ വേണ്ടയോ എന്ന്‌. പറയാതിരുന്നാല്‍ മോശമാണ്‌ എന്നു തോന്നി. അതോണ്ടാ പറയുന്നത്‌. നീ ശ്രദ്ധിച്ചു കേള്‍ക്കണം. എടുത്തുചാടി ഒന്നും ചെയ്യരുത്‌. വാക്കു തരുമോ നീ?'.
` എനിക്കും പറയാനുണ്ട്‌. നീയും ശ്രദ്ധിച്ചു കേള്‍ക്കണം. ചാടിക്കയറി കുഴപ്പമാക്കരുത്‌. പിള്ള മനസല്ലേ കളങ്കമുണ്ടാവില്ല, എങ്കിലും'.
` നീയെന്നതാ പറഞ്ഞുവരുന്നത്‌. ഞാന്‍ പറയുന്നത്‌ ശ്രദ്ധിച്ചു കേള്‍ക്ക്‌. ഇപ്പോള്‍ ഇരുചെവി അറിഞ്ഞിട്ടില്ല. നമുക്കു മുളയിലേ നുള്ളിക്കളയാം. നീയെന്നെ തെറ്റിദ്ധരിക്കുകയും ചെയ്യരുത്‌. നമ്മള്‌ കുടുംബസുഹൃത്തുക്കളാ. റീത്ത എനിക്കു സ്വന്തം പെങ്ങളെപ്പോലെയാ'.
` അതിനു റീത്തയ്‌ക്കിപ്പോ എന്തു പറ്റിയെന്നാ. ഞാന്‍ പറഞ്ഞുവരുന്നത്‌...'.
` താന്‍ മിണ്ടാതിരി. ഞാന്‍ പറയുന്നത്‌ കേള്‍ക്ക്‌. റീത്ത എനിക്കു പെങ്ങള്‍ തന്നെയാ. അതുകൊണ്ടാ പറയുന്നത്‌. റീത്തയും അവളുടെ സഹപ്രവര്‍ത്തകന്‍ അശോകും തമ്മില്‍ ചെറിയ അഫയര്‍. വളരെ രഹസ്യമായിട്ട്‌ അറിഞ്ഞതാ. ഞാന്‍ അവളെയൊന്നു ഗുണദോഷിക്കാം. ചെറിയ ഒരു ഇന്‍ഫാച്ച്വേഷന്‍. അത്രേ കാണുകയുള്ളൂ. നീ ഒന്നും അറിഞ്ഞ ഭാവം നടിക്കേണ്ട. എല്ലാം ഞാന്‍ കൈകാര്യം ചെയ്‌തോളാം. ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ. നമ്മടെ മക്കളും വളര്‍ന്നുവരികയാണല്ലോ. കേള്‍ക്കുന്നുണ്ടോ താന്‍? '.
സത്യത്തില്‍ അതില്‍ പിന്നീടു ബനഡിക്‌ട്‌ പറഞ്ഞതൊന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ലൈ ഡിറ്റക്‌ടര്‍ തന്നെ മാത്രം ചതിക്കുകയായിരുന്നുവെന്നതിനെക്കുറിച്ചാണ്‌ അയാള്‍ ചിന്തിച്ചിരുന്നത്‌. എപ്പോള്‍ ബാറില്‍ നിന്നിറങ്ങിയെന്നോ എങ്ങനെ വീട്ടിലെത്തിയെന്നോ അയാള്‍ അറിഞ്ഞില്ല. വാതില്‍പ്പിടി അയാളുടെ വിരലടയാളങ്ങള്‍ തിരിച്ചറിഞ്ഞ്‌ അതിന്റെ പൂട്ടുകള്‍ സ്വമേധയാ തുറന്നു.
` അച്‌ഛനെവിടെയായിരുന്നു ഇത്രയും നേരം?', രേഷ്‌മ ചോദിക്കുന്നത്‌ അയാള്‍ കേട്ടില്ലെന്നു നടിച്ചു. ഇരിക്കുന്നുണ്ടല്ലോ അവിടെ സത്യത്തിന്റെ കാവലാള്‍. ഓടിച്ചെന്ന്‌ അതെടുത്തു തറയിലേക്കെറിഞ്ഞു പൊട്ടിച്ചിതറിക്കണമെന്നു തന്നെയാണ്‌ അയാള്‍ വിചാരിച്ചിരുന്നത്‌.
` അമ്മയെന്തിയേടീ...?'. അയാള്‍ അന്വേഷിച്ചു.
` അമ്മയ്‌ക്കു പനിക്കോളുപോലെ തോന്നുന്നെന്നു പറഞ്ഞു ദേണ്ടെ അവിടെ കിടക്കുന്നു'.
` മരുന്നു വല്ലോം കഴിച്ചോടീ...'.
` മരുന്നു വേണ്ടെന്നാ പറഞ്ഞത്‌. നല്ല ക്ഷീണമുണ്ടെന്നാ പറഞ്ഞത്‌. പുതച്ചുമൂടിക്കിടക്കുന്നു'.
` നല്ല ക്ഷീണം കാണും. ചില പനിക്കോളുകള്‍ക്കങ്ങനെയാണ്‌?. നിനക്കിന്ന്‌ സ്‌പെഷല്‍ ക്ലാസുണ്ടായിരുന്നില്ലേ'.
` ഉണ്ടായിരുന്നു. അച്‌ഛനിപ്പോഴും സ്‌പെഷല്‍ ക്ലാസിന്റെ കാര്യം മറന്നില്ലേ?'.
അയാള്‍ മറുപടി പറഞ്ഞില്ല. അയാള്‍ ലൈ ഡിറ്റക്‌ടറിലേക്കു തുറിച്ചുനോക്കി. അതു മകള്‍ കണ്ടുവെന്നു തോന്നി.
` അച്‌ഛന്‍ അതിനെ നോക്കിപ്പേടിപ്പിക്കണ്ട. ഞാന്‍ സത്യം തന്നെയാണു പറഞ്ഞത്‌. സംശയമുണ്ടോ അച്‌ഛന്‌?'.
` സത്യത്തിന്റെ മാലാഖയല്ലേ അവിടെ ഇരിക്കുന്നത്‌. പിന്നെ നിനക്കെങ്ങനെ കളവു പറയാന്‍ പറ്റും. അല്ലേ?'.



രാത്രി ഏറെ വൈകിയിട്ടും അയാള്‍ സ്വയം ഓരോ കള്ളങ്ങള്‍ പറഞ്ഞു സ്വയം സമാധാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനു പിറ്റേന്നും പിന്നെയെന്നും കള്ളങ്ങളൊരുപാട്‌ അയാളുടെ മനസിലൂടെ കുത്തിയൊലിച്ചുപോയി. ലൈ ഡിറ്റക്‌ടര്‍ അലറിക്കരഞ്ഞുകൊണ്ടിരുന്നു ഓരോ തവണയും.
********

No comments:

Post a Comment