Wednesday 1 May 2013

നിശാനിയമം





സുകേശനടക്കം നാലുപേരെ രാജാവിന്റെ ഭടന്മാര്‍ പിടിച്ചുകെട്ടി രാജസദസിലേക്ക്‌ ആനയിച്ചു. തലവെട്ടിക്കളയലായിരിക്കും രാജാവു്‌ വിധിക്കാന്‍ പോകുന്ന ശിക്ഷയെന്ന്‌ സുകേശന്‌ ഏതാണ്ട്‌ ഉറപ്പായിരുന്നു. മറ്റു മൂന്നു  പേരും ആകെ പേടിച്ചരണ്ടാണു നടന്നിരുന്നത്‌. സുകേശനും അല്‍പ്പം പരിഭ്രമം തോന്നാതിരുന്നില്ല. നിശാനിയമം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ രാജഭടന്മാര്‍ എല്ലാ ആയുധങ്ങളോടും കൂടി പട്ടണത്തില്‍ പ്രകടനം നടത്തിയിരുന്നു. എന്തോ മഹാ വിപത്തു സംഭവിക്കാന്‍ പോകുന്നുവെന്ന്‌ അതു ജനങ്ങളില്‍ ഭീതി വളര്‍ത്തി. അയല്‍ രാജ്യത്തു നിന്നു കുറെ ചാരന്മാരും പടയാളികളും രാജ്യത്തേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന രാജശാസനം അവര്‍ വിളംബരം ചെയ്‌തു കൊണ്ടിരുന്നതു സുകേശനും കേട്ടതാണ്‌. 
പടയാളികളുടെ സായുധ മാര്‍ച്ച്‌ കഴിഞ്ഞയുടനെത്തന്നെ, സ്വയംപ്രഭ ഒരു പെണ്‍പുലിയുടെ വേഷമെടുത്തുകഴിഞ്ഞിരുന്നു. ചാരന്മാരും പടയാളികളും അതിര്‍ത്തി കടന്നെത്തിയതിനാല്‍ അവരെ കണ്ടുപിടിക്കുന്നതിനു സഹായിക്കും വിധം ജനങ്ങള്‍ മറ്റു വേഷങ്ങള്‍ ഉടന്‍ സ്വീകരിക്കണമെന്ന രാജശാസനം അനുസരിച്ചായിരുന്നു അത്‌. അത്തരമൊരു നിയമം രാജ്യത്തു നേരത്തേ തന്നെ ഉണ്ടായിരുന്നു. അതീവ ജാഗ്രത പുലര്‍ത്തി പടയാളികളുടെ മാര്‍ച്ച്‌ അതിന്റെ സൂചനയാണ്‌. സുകേശനു വേണ്ടി സ്വയംപ്രഭ ഒരു കടുവയുടെ വേഷമാണു തിരഞ്ഞെടുത്തുവച്ചിരുന്നത്‌. പെട്ടെന്നു വേഷം മാറാന്‍ വേണ്ടി ചായങ്ങളും അവ ദേഹത്ത്‌ ശരിക്കും ഒട്ടിനില്‍ക്കാന്‍ വേണ്ട ലേപനങ്ങളും തയാറാക്കിവച്ചിരുന്നു. എന്നാല്‍ രാജശാസനമനുസരിച്ചു വേഷം മാറുന്നതിനോടു പണ്ടേ സുകേശന്‍ അത്ര താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാലും രാജ്യത്തിന്റെ രക്ഷയ്‌ക്കു വേണ്ടി ഏതു വേഷം കെട്ടുന്നതിലും തെറ്റില്ലെന്നൊരു നിലപാടായിരുന്നു സ്വയംപ്രഭയ്‌ക്ക്‌. അതുകൊണ്ടുതന്നെ പടയാളികളുടെ മാര്‍ച്ച്‌ കഴിഞ്ഞയുടനെ അവള്‍ ദേഹത്തെ രഹസ്യഭാഗങ്ങള്‍ മറയ്‌ക്കാന്‍ നേര്‍ത്തൊരു ആവരണമണിയുകയും ബാക്കി ഭാഗത്തു മഞ്ഞച്ചായ തേയ്‌ക്കുകയും ചെയ്‌തു ശരിക്കുമൊരു പെണ്‍പുലിയായി മാറുകയായിരുന്നു. സന്ദര്‍ഭം അനുകൂലമല്ലാത്തതു കൊണ്ടു മാത്രം പെണ്‍പുലിയെ ഒന്നു കെട്ടിപ്പിടിച്ചാലോ എന്ന മോഹം സുകേശന്‍ ഉപേക്ഷിക്കുകയായിരുന്നു. അയാള്‍ ഉലയില്‍ തീ വളര്‍ത്താനുള്ള ചക്രം തിരിക്കുകയും ചുവന്നുപഴുത്ത ഇരുമ്പിന്മേല്‍ കൂടം കൊണ്ട്‌ അടിച്ചുപരത്തുകയും ചെയ്‌തു. ആരോടോ ഉള്ള ദേഷ്യം അയാളുടെ കൈകള്‍ക്കു പ്രത്യേക ശക്‌തി നല്‍കുകയായിരുന്നോ എന്നു സ്വയംപ്രഭ സംശയിച്ചു. 
അയാളെ കൊതിപ്പിച്ചു കൊണ്ട്‌ ഒരു നോട്ടം നോക്കിയതിനു ശേഷം സുകേശനു കടുവയായി വേഷം മാറാനുള്ള ചായങ്ങള്‍ എടുത്തുവയ്‌ക്കാനാണ്‌ അവള്‍ ശ്രദ്ധിച്ചത്‌. എന്നാല്‍ ആയുധങ്ങള്‍ ഉണ്ടാക്കുന്ന തന്റെ ജോലിയില്‍ മുഴുകുകയല്ലാതെ അതൊന്നും സുകേശന്‍ ശ്രദ്ധിച്ചേയില്ല. രാജാവ്‌ പറയുന്നതിനനുസരിച്ചു വേഷം മാറി കടുവയായും പുലിയായും പട്ടിയായും ജീവിക്കേണ്ട ആവശ്യമില്ലെന്ന നിലപാട്‌ അയാള്‍ മനസില്‍ ആവര്‍ത്തിക്കുകയും ചെയ്‌തു. എന്നാല്‍ വൈകുന്ന ഓരോ നിമിഷവും സ്വയംപ്രഭയില്‍ വല്ലാത്തൊരു പേടി നിറച്ചുകൊണ്ടിരുന്നു. പെട്ടെന്നു വേഷം മാറാന്‍ അയാള്‍ സുകേശനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. പടയാളികളുടെ മാര്‍ച്ച്‌ കഴിഞ്ഞു നേരമിത്രയും ആയിക്കഴിഞ്ഞ സ്‌ഥിതിക്കു പരിശോധനയ്‌ക്കായി പടയാളികള്‍ ഏതു നിമിഷവും എത്തുമെന്ന കാര്യത്തില്‍ അവള്‍ക്കു സംശയമില്ലാത്തതു തന്നെയായിരുന്നു കാരണം. വേഷം മാറാത്തവരെ അയല്‍ രാജാവിന്റെ ചാരന്മാരായി മുദ്ര കുത്തപ്പെടുമെന്ന്‌ ഉറപ്പാണ്‌. എത്ര കാലമായി ഈ രാജ്യത്തു കഴിയുന്നു എന്നൊന്നും പരിഗണിച്ചുവെന്നു വരില്ല. സുകേശനാണെങ്കില്‍ എത്രയോ കാലമായി അതേ രാജ്യത്തു ആയുധങ്ങളുണ്ടാക്കുന്ന കൊല്ലപ്പണിക്കാരനായി വേലയെടുക്കുന്നത്‌ ഏതാണ്ടെല്ലാവര്‍ക്കും അറിയാം. കത്തികളുണ്ടാക്കാനോ അവയ്‌ക്കു മൂര്‍ച്ച വയ്‌പിക്കാനോ ചുറ്റുവട്ടത്തുള്ളവരെല്ലാം അയാളുടെ ആലയില്‍ എത്താറുമുണ്ട്‌. പടയാളികള്‍ തന്നെ വാളും കുന്തവുമുണ്ടാക്കാനും അറ്റകുറ്റപ്പണി നടത്തിക്കാനുമായി അവിടെ വരാറുണ്ട്‌. എന്നാല്‍ വേഷം മാറിയില്ലെങ്കില്‍ ഈ പരിചയമൊന്നും വിലപ്പോവില്ലെന്നു സ്വയംപ്രഭയ്‌ക്കു നന്നായി അറിയാവുന്നതാണ്‌. 
അതു സുകേശനും നിശ്‌ചയമുണ്ടായിരുന്ന കാര്യം തന്നെ. അയല്‍ രാജ്യത്തു നിന്നു ചാരന്മാര്‍ നുഴഞ്ഞുകയറിയാല്‍ വേഷം മാറണമെന്ന രാജശാസനത്തിന്‌ എതിര്‍വാക്കില്ല. എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്‌ഥരുമാണ്‌. എന്നാല്‍ അയല്‍ രാജ്യത്തു നിന്നു പടായളികളും ചാരന്മാരും നുഴഞ്ഞുകയറുന്നതു രാജനീതിയുടെ മാത്രം ഭാഗമാണെന്നും സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ അതിന്‌ ഒരു സ്വാധീനമില്ലെന്നുമായിരുന്നു സുകേശന്റെ നിലപാട്‌. നുഴഞ്ഞുകയറ്റം തടയേണ്ടതു രാജാവിന്റെയും പടയാളികളുടെയും കര്‍ത്തവ്യവുമാണ്‌. അതില്‍ ജനങ്ങള്‍ക്ക്‌ ഒരു പങ്കുമില്ല. അതില്‍ വീഴ്‌ച വന്നുവെങ്കില്‍ അതിനുത്തരവാദപ്പെട്ടവരുടെ പേരിലാണു ശിക്ഷാനടപടികളെടുക്കേണ്ടത്‌. അല്ലാതെ ജനങ്ങള്‍ വേഷം മാറി ചാരന്മാരെ കണ്ടെത്താന്‍ സഹായിക്കണമെന്നു പറയുന്നത്‌ എവിടത്തെ നീതിയാണ്‌?. സുകേശന്‍ തന്നോടു തന്നെ ചോദിച്ചു. എന്നാല്‍ അതിനൊരുത്തരം പറയാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. അയല്‍ രാജാവിന്റെ ചാരനെന്ന്‌ അറിയപ്പെടുന്നതാണ്‌ ജീവിതത്തിലെ ഏറ്റവും വ�ിയ അവഹേളനമെന്ന്‌ അവര്‍ വിചാരിച്ചു. രാജ്യത്തോടുള്ള കൂറും സ്‌നേഹവും പ്രകടമാക്കേണ്ടതു വേഷം മാറിയല്ല, മറിച്ച്‌ രാജ്യത്തെ യഥാര്‍ഥ പൗരനെന്ന്‌ അഭിമാനിച്ചുകൊണ്ടാകാണമെന്നതായിരുന്നു അയാളുടെ പക്ഷം. എന്നാല്‍ , സ്വകാര്യമായി പലരും ഇതിനോട്‌ അനുകൂലിച്ചെങ്കിലും പരസ്യമായി ഒന്നും പ്രതികരിക്കാന്‍ തയാറായിരുന്നില്ല. അമ്പതു വര്‍ഷമായി ഹജൂര്‍ കച്ചേരിയില്‍ ജോലിയെടുക്കുന്ന വിരാടനും അത്രയേറെ കൊല്ലങ്ങളായി പട്ടണത്തിന്റെ മൂലയില്‍ പലചരക്കുകട നടത്തുന്ന ദേവിദാസനും ദേഹത്തു ചായം തേച്ചു വേഷം മാറി രാജ്യത്തോടുള്ള കൂറു കാണിക്കേണ്ടതുണ്ടോ എന്നും സുകേശന്‍ ചോദിക്കുമായിരുന്നു. 
എന്നാലും രാജശാസനം വീണ്ടും സജീവമാവുമ്പോള്‍ വിരാടനും ദേവിദാസനും വേഷം മാറേണ്ടിയിരുന്നു. വലിയ കഴുതച്ചെവികള്‍ വച്ചുകെട്ടി വിരാടനും മുഖത്തു ചായം തേച്ചു കാട്ടാളനായി ദേവിദാസനും വേഷം മാറി. ഇതു വല്ലാത്ത ധര്‍മസങ്കടത്തിലാക്കുന്നുണ്ട്‌ അവരെയെങ്കിലും. രാജാവിന്റെ ദേഷ്യത്തിനു പാത്രമാവാന്‍ വയ്യ എന്ന വല്ലാത്തൊരു ദൈന്യതയുണ്ടെങ്കിലും. എന്നാല്‍ സുകേശന്‌ അത്തരം ന്യായീകരണങ്ങളിലൊന്നും വലിയ തൃപ്‌തിയുണ്ടായിരുന്നില്ല. രാജശാസനം നടപ്പാവുന്ന സമയത്തു രാജാവും വേഷം മാറുന്നുണ്ടല്ലോ എന്ന മറുചോദ്യം കൊണ്ടാണു പലരും സുകേശന്റെ ആശങ്കകളെ നേരിട്ടിരുന്നത്‌. രാജാവും വേഷം മാറുന്നുവെന്നതും ന്യായീകരണമാവുന്നില്ല. അതേ സമയം, പടയാളികള്‍ വേഷം മാറുന്നുമില്ല. ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മില്‍ തൊലിയുടെ നിറത്തിലും എടുപ്പിലും നടപ്പിലും കാര്യമായ വ്യത്യാസമില്ലെന്ന കാരണമാണു കൊട്ടാരത്തില്‍ നിന്നു വേഷം മാറലിനു കാരണമായി പറഞ്ഞിരുന്നത്‌. എന്നാല്‍ പടയാളികള്‍ വേഷം മാറാത്ത സ്‌ഥിതിക്ക്‌ ചാരന്മാര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും അവരുടെ  വേഷത്തില്‍ വന്നുകൂടേ എന്നായിരുന്നു സുകേശന്റെ ചോദ്യം. ജനങ്ങള്‍ മാത്രം ഓരോ തവണയും ഈ വികൃത വേഷങ്ങള്‍ കെട്ടാന്‍ ബാധ്യസ്‌ഥമാകുന്നതിന്റെ യുക്‌തിയായിരുന്നു സുകേശന്‌ ഒരിക്കലും പിടികിട്ടാതിരുന്നത്‌. എന്നാല്‍ പടയാളികള്‍ക്കു പരസ്‌പരം അറിയാമെന്നും അവര്‍ക്കു സ്വയം തിരിച്ചറിയാന്‍ ഓരോ രഹസ്യവാക്കുകളുണ്ടെന്നുമൊക്കെയായിരുന്നു ഈ ചോദ്യത്തിനു സുകേശനു മുന്നില്‍ പലരും നിര്‍ദേശിച്ച ഉത്തരങ്ങള്‍. എന്നാല്‍ ജനങ്ങള്‍ക്കും ഓരോ രഹസ്യവാക്ക്‌ നല്‍കട്ടെ എന്ന സുകേശന്റെ നിര്‍ദേശം ആരും ചെവിക്കൊണ്ടുമില്ല. 
സ്വയംപ്രഭയുടെ ആശങ്കകളും അതുപോലെ സുകേശന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അയാള്‍ ചുട്ടു പഴുത്ത ഇരുമ്പിന്മേല്‍ കൂടം കൊണ്ട്‌ ആഞ്ഞടിക്കുന്നതു തുടര്‍ന്നു. അതുകൊണ്ടൊന്നും പടയാളികളുടെ വരവിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്ന്‌ അവള്‍ക്ക്‌ അറിയാമായിരുന്നു. കടുവയായി മാറിയില്ലെങ്കിലും എന്തെങ്കിലും ചായം പേരിനെങ്കിലും ദേഹത്തു പുരട്ടാന്‍ അവള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും സൂത്രവിദ്യ ഒപ്പിച്ചില്ലെങ്കില്‍ കൈയില്‍ വിലങ്ങുവീഴുമെന്ന്‌ ഉറപ്പായിരുന്നു. കടുവച്ചായം അയാളുടെ ദേഹത്തേക്ക്‌ ഒഴിച്ചാലോ എന്നൊരു നിമിഷം അവള്‍ ആലോചിച്ചു. ചുട്ടുപഴുത്ത ഇരുമ്പു തല്ലുന്ന കൂടം തന്റെ നേരേ ചാട്ടുളി പോലെ വന്നാലും കുഴപ്പമില്ലെന്ന്‌ അയാള്‍ക്കു തോന്നിപ്പോയി. അല്ലാതെ രാജാവിന്റെ ശിക്ഷയില്‍ നിന്ന്‌ അയാളെ ഒഴിവാക്കാന്‍ വേറെ വഴിയൊന്നുമില്ല. രാജാവിന്റെ ഉത്തരവിനെ ധിക്കരിച്ചു വേഷം മാറാതിരിക്കുന്നതു രാജ്യദ്രോഹക്കുറ്റമായാണ്‌ പൊതുവേ കരുതപ്പെട്ടിരുന്നത്‌. അതിനുള്ള പരമാവധി ശിക്ഷ തലവെട്ടലും. ഒരാളെയെങ്കിലും തലവെട്ടാന്‍ കിട്ടുന്നതു രാജാവിന്‌ ഇഷ്‌ടമുള്ള കാര്യമാണ്‌. അതു മറ്റു ജനങ്ങള്‍ക്ക്‌ ഒരു പാഠമായിരിക്കുമല്ലോ. അച്ചടക്കമുള്ള രാജ്യത്തിന്‌ അച്ചടക്കമുള്ള ജനതയാണു പരമപ്രധാനമെന്നതു രാജാവിന്റെ സ്‌ഥിരം പല്ലവിയുമായിരുന്നു. 
എന്നാല്‍, കടുവച്ചായം സുകേശന്റെ നേര്‍ക്കു വീശിയൊഴിക്കാനുള്ള ആലോചനയിന്മേല്‍ കൂടുതല്‍ ചിന്തിക്കാനുള്ള സമയം സ്വയംപ്രഭയ്‌ക്കു ലഭിച്ചില്ല. അതിനു മുമ്പു തന്നെ ആലയുടെ മുന്നില്‍ പടയാളികള്‍ എത്തിയിരുന്നു. പുറത്തുനടക്കുന്നതൊന്നും ശ്രദ്ധിക്കാതെ കൂടംതല്ലില്‍ മാത്രം മനസാഴ്‌്‌ത്തിയിരുന്ന സുകേശന്‍ ആദ്യം അതൊന്നും കണ്ടിരുന്നില്ല. പിന്നെ തലയുയര്‍ത്തി പടയാളികളെ കണ്ടപ്പോള്‍ പരിചയം പുതുക്കാനെന്നവണ്ണം ഒന്നു ചിരിക്കാനായിരുന്നു അയാള്‍ ശ്രമിച്ചത്‌. അയാള്‍ക്കു പരിചയമുള്ള പടയാളികള്‍ തന്നെയായിരുന്നു അത്‌. പല കാര്യങ്ങള്‍ക്കും തന്റെ ആലയില്‍ അവര്‍ വരാറുണ്ടായിരുന്നു. അയാളുടെ വാളിന്റെ മൂര്‍ച്ച പോലും തന്റെ സംഭാവനയാണെന്നും സുകേശന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ പടയാളികളുടെ ശരീരഭാഷ പരിചയത്തിന്റേതായിരുന്നില്ല. മുമ്പൊരിക്കലും തമ്മില്‍ കണ്ടിട്ടില്ലെന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. വാളിന്റെ മൂര്‍ച്ചയെങ്ങനെയിരിക്കുന്നു എന്നൊക്കെ സുഖവിവരങ്ങള്‍ ചോദിച്ചു സന്ദര്‍ഭത്തിന്റെ ഗൗരവം അല്‍പ്പം കുറയ്‌ക്കാമെന്നാണു സുകേശന്‍ ആദ്യം വിചാരിച്ചത്‌. പിന്നെയതയാള്‍ വേണ്ടെന്നുവച്ചു. ഊരിപ്പിടിച്ച വാളും ഒരു പരിചയവും കാണിക്കുന്നില്ല. അതിവിടെ ചുട്ടുപഴുത്തു കിടന്നതാണെന്നൊരു ഭാവവും അതിനില്ല. തന്റെ കൂടം കൊണ്ടു കുറെ ഇടിയും കൊണ്ടതാണ്‌. പാറക്കല്ലു പോലും കൊത്തിയറുക്കാവുന്ന മൂര്‍ച്ചയുമായാണ്‌ ഇവിടെ നിന്നു പോയത്‌. മനുഷ്യന്റെ ചങ്കിന്റെ അടുത്തുകൂടെപ്പോയാല്‍ ചോരയിറ്റു വീഴും എന്നതായിരുന്നു അന്നത്തെ സ്‌ഥിതി. എന്തു പറഞ്ഞാലും ഇരുമ്പിന്റെ കാര്യമങ്ങനെ. കാര്യം കഴിഞ്ഞാല്‍ പിന്നെ കണ്ടാല്‍ കാണാത്തതു പോലെയാവും. എന്നാലും ഈ പടയാളികള്‍ ഇത്രയും അപരിചിതരായി മാറിയതെന്തുകൊണ്ട്‌ എന്നു ചിന്തിക്കുകയായിരുന്നു സുകേശന്‍. അകത്തുനിന്നെവിടോ നിന്നുയര്‍ന്നുവന്ന ഒരു നിലവിളിയെ തൊണ്ടയില്‍ അമര്‍ത്തിവയ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നു സ്വയംപ്രഭ. 
ഒരു കത്തിയുടെ ജോലി കൂടി കഴിഞ്ഞിട്ടു വേഷം മാറാനിരിക്കുകയായിരുന്നു സുകേശന്‍ എന്ന സ്വയംപ്രഭയുടെ വിശദീകരണമൊന്നും പടയാളികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മറിച്ച്‌ അയാള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന ആയുധത്തില്‍ കണ്ണുകളുടക്കി നില്‍ക്കുകയായിരുന്നു അവര്‍. സാധാരണ പോലെ കത്തിയോ വാളോ ആയിരുന്നു അത്‌. എന്നാല്‍ പടയാളികള്‍ക്ക്‌ അങ്ങനെയല്ല തോന്നിയത്‌. ഇതെന്താ പുതിയൊരു ആയുധമെന്നായിരുന്നു അവരുടെ ചോദ്യം തന്നെ. ഇനി വേഷം മാറിയാലും പ്രയോജനമൊന്നും ഉണ്ടാവാന്‍ പോവില്ലെന്നൊരു ചിന്ത സ്വയംപ്രഭയുടെ ഉള്ളം നീറ്റിത്തുടങ്ങിയിരുന്നു. നേരത്തേ വേഷം മാറിയിരുന്നെങ്കില്‍ പോലും പടയാളികള്‍ സുകേശനെ വെറുതേ വിടില്ലായിരുന്നു എന്നും അവള്‍ക്കു തോന്നി. താനുണ്ടാക്കുന്നതു വീട്ടാവശ്യത്തിനുള്ള ഒരു സാധാരണ കത്തിയാണെന്നും സ്വയംപ്രഭ കുറെക്കാലമായി ആവശ്യപ്പെടുന്നതാണെന്നും ഓരോരോ ജോലിത്തിരക്കു കാരണം അതിന്റെ നിര്‍മാണം നീണ്ടുപോയതാണെന്നുമുള്ള സുകേശന്റെ മറുപടി പടയാളികളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താനായിട്ടുണ്ടോ എന്നും അവള്‍ സംശയിച്ചു. സുകേശന്‍ പറയുന്ന മറുപടികളിലായിരുന്നില്ല അവരുടെ ശ്രദ്ധ, മറിച്ചു കത്തിയിലായിരുന്നു. 
ഒരാളുടെ കഴുത്തു കാണേണ്ട താമസമേയുള്ളൂവല്ലോ അതിന്റെ മൂര്‍ച്ചയ്‌ക്കു ചോര നൊട്ടിനുണയാന്‍ എന്നൊരു അഭിപ്രായമാണു കൂടെയുണ്ടായിരുന്ന പടയാളിയില്‍ നിന്നു പുറത്തുവന്നത്‌. അങ്ങനെയെത്ര കത്തിയുണ്ടാക്കിക്കൊടുക്കാമെന്നേറ്റിരിക്കുന്നത്‌ എന്ന ചോദ്യം കേട്ടപ്പോള്‍ സ്വന്തം പുലിവേഷത്തോട്‌ ആദ്യമായി സ്വയംപ്രഭയ്‌ക്കു തന്നെ പുച്‌ഛവും സ്വയം ജാള്യവും തോന്നി. വാളിന്റെ മുന കൊണ്ടു സുകേശന്റെ താടിക്കടിയില്‍ കഴുത്തില്‍ അമര്‍ത്തിക്കൊണ്ട്‌ അയാളോട്‌ എഴുന്നേല്‍ക്കാന്‍ പറഞ്ഞുകഴിഞ്ഞിരുന്നു അപ്പോഴേക്കും. പെട്ടെന്ന്‌ ഒരു കൂട്ടം 
പടയാളികളുടെ ആരവത്തിലേക്ക്‌ അയാള്‍ എടുത്തെറിയപ്പെടുന്നതും കൈകാലുകളിലേക്കു ഇരുമ്പുചങ്ങലകള്‍ ആര്‍ത്തിയോടെ പ്രവേശിക്കുന്നതും അവള്‍ കണ്ടു. പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും രാജാവിനു ഇനി വധശിക്ഷ വിധിക്കുക മാത്രമേ ബാക്കിയുള്ളൂവെന്നും അവള്‍ക്കു തോന്നി. സുകേശനെ ഇനിയൊരു പഴുതും രക്ഷിക്കാനായി ഉണ്ടാവില്ലെന്നു തന്നെയാണ്‌ അവള്‍ സുകേശനെ പടയാളികള്‍ കൊട്ടാരത്തെ ലക്ഷ്യമാക്കി നയിക്കുമ്പോള്‍ ഓര്‍ത്തുകൊണ്ടുനിന്നത്‌. ഒരു മോഹാലസ്യത്തിലേക്ക്‌ എപ്പോഴോ സ്വയംപ്രഭ വീണുപോയിരുന്നു. 
മറ്റു മൂന്നുപേരും ചെയ്‌ത കുറ്റമെന്താണെന്നു സുകേശന്‌ ഊഹിക്കാന്‍ പോലുമായിരുന്നില്ല. താന്‍ ചെയ്‌ത കുറ്റത്തെക്കുറിച്ചും അയാള്‍ക്ക്‌ ഒരു രൂപവുമുണ്ടായിരുന്നില്ല. നുഴഞ്ഞുകയറ്റക്കാര്‍ വന്നതിനാല്‍ വേഷം മാറിയിരിക്കണമെന്ന ഉത്തരവ്‌ അയാള്‍ പാലിച്ചിട്ടില്ലെങ്കില്‍ തന്നെയും. അതു രാജ്യത്തെ സംബന്ധിച്ച്‌ ഒരു കുറ്റം തന്നെയാണ്‌. എന്നാലും താനൊരു ചാരനോ നുഴഞ്ഞുകയറ്റക്കാരനോ ആണെന്നു പടയാളികള്‍ക്കു പോലും സംശയമുണ്ടാകാനും ഇടയില്ല. വേഷം മാറാത്തതു മാത്രമല്ല താന്‍ ചെയ്‌ത കുറ്റമെന്ന്‌ അയാള്‍ക്കു തോന്നിത്തുടങ്ങിയിരുന്നു. പടയാളികളുടെ ചോദ്യങ്ങളില്‍ ഒളിഞ്ഞിരുന്ന സംശയമല്ല, മറിച്ച്‌ അവയിലെ സ്‌ഥിരീകരണങ്ങളെക്കുറിച്ച്‌ അയാള്‍ ബോധവാനായിക്കഴിഞ്ഞിരുന്നു. വേഷം മാറിയിരുന്നെങ്കില്‍ പോലും താന്‍ പിടിക്കപ്പെടുമായിരുന്നുവെന്ന്‌ അയാള്‍ക്ക്‌ എന്തുകൊണ്ടോ തോന്നിത്തുടങ്ങിയിരുന്നു. രാജാവിന്റെ മുമ്പില്‍ അരങ്ങേറാനിരിക്കുന്നത്‌ ഈ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തിലുള്ള വിചാരണയായിരിക്കും എന്ന തോന്നലും തെറ്റിയില്ല. 
മറ്റു മൂന്നു പേരും പേടിച്ചുവിറച്ചിരിക്കുകയാണെന്നു തന്നെ തോന്നും അവരുടെ മുഖഭാവവും നടപ്പുമൊക്കെ കണ്ടാല്‍. അതിലൊരാളോടു സംസാരിക്കാനും സുകേശന്‍ ശ്രമിച്ചുനോക്കി. എന്നാല്‍ പടയാളികളുടെ കണ്ണില്‍ പെടാതെ അതു സാധിക്കുകയുമില്ലായിരുന്നു. പടയാളികളാണെങ്കില്‍ അയാളുടെ ദേഹത്തു നിന്നു കണ്ണെടുത്തിരുന്നില്ല. താന്‍ പണിതുകൊണ്ടിരുന്ന അടുക്കളക്കത്തി അതിലൊരാളുടെ കൈയില്‍ കണ്ടതോടെ, തന്റെ പേരില്‍ നടക്കാനിരിക്കുന്ന വിചാരണ സംബന്ധിച്ച്‌ ഒരു ഏകദേശ രൂപം അയാള്‍ക്കു കിട്ടി. അതു സ്വയംപ്രഭ ആവശ്യപ്പെട്ട പ്രകാരം ഒരു സാധാരണ കത്തിയാണെന്ന്‌ അയാള്‍ക്ക്‌ ഏതായാലും തെളിയിക്കാന്‍ പറ്റില്ലെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. ഒന്നാമത്‌ അതു പണി പൂര്‍ത്തിയായിട്ടില്ല. കൊല്ലാനുള്ള കത്തിയില്‍ നിന്ന്‌ ഒരു വീട്ടുകത്തിയെ വ്യത്യസ്‌തമാക്കുന്നത്‌ അതിന്റെ മൂര്‍ച്ച മാത്രമല്ല. അതിന്റെ ആകൃതി, വലിപ്പം, മൂര്‍ച്ചയുടെ അളവ്‌ തുടങ്ങിയ പല ഘടകങ്ങളുമാണ്‌. പൂര്‍ത്തിയാവാത്ത സ്‌ഥിതിക്ക്‌ അതിപ്പോള്‍ ഏതു തരത്തിലുള്ള അന്തിമ ഉപയോഗത്തിനാണ്‌ ഉദ്ദേശിക്കപ്പെടുന്നത്‌ എന്നു പറയാറായിട്ടില്ല. ഇപ്പോള്‍ വേണമെങ്കില്‍ അത്‌ ആളുകളെ അപായപ്പെടുത്താനുള്ള വലിയ ഒരായുധത്തിന്റെ ചെറിയ രൂപമായിക്കണക്കാക്കാം. സ്വയംപ്രഭ വളരെ മുമ്പുതന്നെ ആവശ്യപ്പെട്ടതാണെങ്കിലും ഇത്രയും കാലം വൈകി അതുണ്ടാക്കാന്‍ ആരംഭിച്ചത്‌ കഴിഞ്ഞ ദിവസമായത്‌ എന്തുകൊണ്ടായിരിക്കാം എന്ന ചോദ്യത്തിനും വ്യക്‌തമായ ഒരുത്തരം ഉണ്ടായിരുന്നില്ല. ഏതോ ഒരു സമയത്ത്‌ അതുണ്ടാക്കാന്‍ എന്തുകൊണ്ടോ തോന്നി എന്നു മാത്രമേ പറയാനാവുകയുള്ളൂ. അതിനു തൊട്ടടുത്ത ദിവസം തന്നെ നിശാനിയമം പ്രഖ്യാപിക്കപ്പെട്ടതു വെറും യാദൃച്‌ഛികമായിരിക്കുമോ?. അതോ, മുന്‍കൂട്ടി തയാറാക്കപ്പെട്ട ഒരു ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരിക്കുമോ?. മുന്നോട്ടുനടക്കുമ്പോഴും അയാളില്‍ ആകാംക്ഷ നിറച്ചിരുന്നതു കിട്ടാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചുള്ള വേവലാതികളായിരുന്നില്ല. മറിച്ച്‌, നിര്‍മാണത്തിനിടെ പിടിച്ചെടുക്കപ്പെട്ട, ഇനിയുമൊരു കത്തിയോ വാളോ എന്നു തീരുമാനിക്കപ്പെടാത്ത ആയുധത്തിന്റെ ബാക്കിനില്‍ക്കുന്ന തെളിവായിരുന്നു. 
മറ്റു മൂന്നു പേര്‍ക്കും അത്തരത്തിലുള്ള ഒരു ആകംക്ഷ ഏതായാലുമുണ്ടായിരിക്കാനിടയില്ലെന്ന്‌ അയാള്‍ക്ക്‌ എന്തുകൊണ്ടോ തോന്നി. അവര്‍ തങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള പേടിയോടെ നടക്കുകയാണെന്നു മാത്രമാണ്‌ അയാള്‍ക്കു തോന്നിയത്‌. എന്നാ ലും തങ്ങള്‍ ചെയ്യാനിരിക്കുന്ന ഏതോ കുറ്റത്തെ കുറിച്ചുള്ള ആകുലതകളും അവരുടെ പരവേശത്തിലുണ്ടെന്ന്‌ എന്തുകൊണ്ടോ അയാള്‍ ഊഹിച്ചെടുത്തു. രാജശാസനം വന്നുകഴിഞ്ഞാല്‍ വേഷം മാറേണ്ടതില്ലെന്നു താന്‍ അവരെ നിര്‍ബന്ധിക്കാറുണ്ടെന്ന്‌ അവരെക്കൊണ്ടു മൊഴി കൊടുക്കാനും മതി. അവരില്‍ ആരേയും താന്‍ മുമ്പു കണ്ടിട്ടില്ലെങ്കിലും വിരാടില്‍ നിന്നോ ദേവിദാസനില്‍ നിന്നോ താന്‍ അപ്രകാരം വാദിക്കാറുള്ള കാര്യം അവര്‍ അറിഞ്ഞുകാണണം. ഇനി വിരാടോ ദേവിദാസനോ തന്നെ തനിക്കെതിരെ പറഞ്ഞേക്കാനും മതി. സ്വയംപ്രഭയെക്കൊണ്ടു തന്നെ തനിക്കെതിരെ മൊഴി കൊടുപ്പിക്കാന്‍ പടയാളികള്‍ക്കു വളരെ എളുപ്പമായിരുന്നു. അത്ര സമയമൊന്നും തനിക്കു വേണ്ടി പിടിച്ചുനില്‍ക്കാന്‍ അവള്‍ക്ക്‌ ആയില്ലെന്നും വരും. 
രാജാവിന്റെ സന്നിധിയിലേക്ക്‌ ആനയിക്കപ്പെട്ടപ്പോഴും തനിക്കു നീതി ലഭിക്കാനിടയില്ലെന്ന വിചാരത്തിലായിരുന്നു സുകേശന്‍. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പറ്റിയ ഒന്നും തന്റെ പക്കലില്ല. മറിച്ച്‌, തനിക്കെതിരെയുള്ള ഏറ്റവും വലിയ തെളിവായി പണി പൂര്‍ത്തിയാക്കാത്ത കത്തി പോലൊന്ന്‌ പടയാളികളുടെ കൈയിലുണ്ടുതാനും. ഒരു വിദൂഷകന്റെ വേഷത്തില്‍ നിന്ന രാജാവിനെ കണ്ടപ്പോള്‍ രാജാവിനു പറ്റിയ വേഷം അതുതന്നെയാണെന്നു ചിന്തിക്കാന്‍ ആകാംക്ഷയ്‌ക്കിടയിലും അയാള്‍ക്കു കഴിഞ്ഞു. സാധാരണ വേഷത്തിലുള്ള സുകേശനെ കണ്ടപ്പോള്‍, ഒരു ചാരനെ പിടിച്ചുവല്ലേ� എന്നാണു രാജാവ്‌ ഒരു കോമാളിയെപ്പോലെ പ്രതികരിച്ചതും. തന്നെ പരിചയമുള്ള പടയാളികള്‍ പോലും പരിചയഭാവം നടിക്കാത്ത സ്‌ഥിതിക്ക്‌ രാജാവ്‌ അങ്ങനെ ചോദിച്ചതിലല്ല അയാള്‍ക്ക്‌ അത്ഭുതം തോന്നിയത്‌. മറിച്ച്‌, വേഷം മാറിക്കഴിഞ്ഞാല്‍ അപ്രകാരം ചെയ്യാത്ത നുഴഞ്ഞുകയറ്റക്കാരെ പിടിക്കാന്‍ പറ്റുമെന്ന തന്റെ തന്നെ ബുദ്ധിയില്‍ രാജാവ്‌ ഇപ്പോഴും ഊറ്റം കൊള്ളുന്നുണ്ട്‌ എന്നതാണു സുകേശനെ വിസ്‌മയിപ്പിച്ചത്‌. ഒരു ചാരനെ പിടിച്ച അഭിമാനം തന്നെയായിരുന്നു പടയാളികളുടെയും മുഖത്ത്‌. 
` ഇവന്‍ വേഷം മാറാനിരിക്കുകയായിരുന്നു. അപ്പോഴേക്കും ഞങ്ങള്‍ പൊക്കി, പടയാളികളിലൊരാള്‍ പറഞ്ഞു. 
` ബലേ, ഭേഷ്‌. ഞാനന്നേ പറഞ്ഞില്ലേ എന്നൊരു മുഖഭാവമായിരുന്നു രാജാവിന്റെ മുഖത്തും ശരീര ചേഷ്‌ടകളിലും. 
` ഇവന്‍ പട്ടണത്തിനു പുറത്തെ തെരുവില്‍ ഒരു കൊല്ലപ്പുര നടത്തുകയായിരുന്നു. എല്ലാം ആളുകളുടെ കണ്ണില്‍ പൊടിയിടാനാണേ, വേറൊരു പടയാളി പറഞ്ഞു. 
` അങ്ങനെ വരട്ടെ. 
` ഇന്നലെ കുറെ ചാരന്മാര്‍ ഇവന്റെയടുത്തു വസന്നു. വസ്‌ത്രത്തിനകത്ത്‌ ഒളിപ്പിച്ചുവയ്‌ക്കാന്‍ പറ്റുന്നതും കൊടും മൂര്‍ച്ചയില്‍ നിശ്ശബ്‌ദമായി ആളുകളുടെ തലയറുക്കാന്‍ പറ്റുന്നതുമായ ഒരു പ്രത്യേക തരം കത്തിയുണ്ടാക്കിക്കൊടുക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അതുപ്രകാരം ആദ്യത്തെ കത്തിയുണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാ ഞങ്ങളുടെ പിടിയില്‍ വീഴുന്നത്‌. തൊണ്ടി ഹാജരാക്കിയിട്ടുണ്ട്‌. 
രാജാവ്‌ പണി തീരാത്ത കത്തി കൈയിലെടുത്തു പരിശോധന തുടങ്ങി. 
` ഇതു വെറും മീന്‍ വെട്ടാനുള്ള കത്തിയല്ലേ, സേനാനായകാ?. 
` മീനും വെട്ടാം, മഹാരാജന്‍. പക്ഷെ ഉണ്ടാക്കിയതു മനുഷ്യന്റെ കഴുത്തറക്കാനാ. 
` അതെങ്ങനെ മനസിലായി?. 
` ഈ കത്തി നാട്ടില്‍ പ്രചാരത്തിലില്ലാത്തതാ. മാത്രമല്ല, ഇരു വശത്തും മൂര്‍ച്ചയുമുണ്ട്‌. കഴുത്തിലേക്കാഴ്‌ത്തി പ്രത്യേക രീതിയില്‍ ഒന്നു തിരിച്ചാല്‍ ഒച്ച പോലും വയ്‌ക്കാന്‍ പറ്റുന്നതിനുമുമ്പു ചത്തുവീഴും. ഒരു സാംപിള്‍ കാണിച്ചുതരണോ മഹാരാജന്‍?. 
` ഒന്നു കണ്ടുകളയാം. 
ഒരു ഇരയെ കിട്ടാന്‍ വേണ്ടി സേനാനായകന്‍ ചുറ്റും നോക്കി. എന്നാല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതു നിശാനിയമം മൂലം നിരോധിച്ചിരുന്നതു കൊണ്ട്‌ വിചാരണ കാണാന്‍ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. രാജാവിന്റെ ദര്‍ബാറില്‍ ഉണ്ടായിരുന്ന ഒരു പടയാളി തന്നെയാണു അവസാനം തിരഞ്ഞെടുക്കപ്പെട്ടത്‌. അയാള്‍ ദൈന്യതയോടെ സുകേശനു നേരേ നോക്കി. ഒട്ടും പേടിക്കേണ്ടെന്നും അതു വീട്ടിലെ വെറും കറിക്കത്തിയാണെന്നും പറയണമെന്നു സുകേശനു തോന്നി. അതു പറഞ്ഞാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച്‌ അയാള്‍ക്കു നല്ല പോലെ അറിയാമായിരുന്നു. പറഞ്ഞില്ലെങ്കില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും. അവസാനം എന്തുംവരട്ടെയെന്ന നിശ്‌ചയത്തില്‍ അതു തുറന്നുപറയാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. 
` മഹാരാജന്‍, അതു കഴുത്തറക്കുന്ന കത്തി തന്നെയാണ്‌. അതു പരീക്ഷിച്ചുനോക്കേണ്ട ആവശ്യമില്ല. വെറുതേ ഒരു പടയാളിയുടെ ജീവന്‍.. 
` കണ്ടോ കണ്ടോ, അവന്‍ വഴിക്കു വരുന്നതു കണ്ടോ, സേനായനായകന്‍ പൊട്ടിച്ചിരിച്ചു. 
` എന്നിട്ട്‌, കത്തികളുണ്ടാക്കണമെന്നു പറഞ്ഞ്‌ നുഴഞ്ഞുകയറ്റക്കാര്‍ വന്നു, എന്നിട്ട്‌ അവന്റെ മറുപടിയെന്തായിരുന്നു. രാജാവിന്‌ ആകാംക്ഷ അടക്കാനായില്ല. 
` നൂറു കത്തികളായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്‌. അപ്പോള്‍ നുഴഞ്ഞുകയറിയവര്‍ നൂറു പേരാണെന്നു വ്യക്‌തം. അതിന്‍പ്രകാരം കത്തിയുണ്ടാക്കിത്തുടങ്ങിയിരുന്നു ഇവന്‍. അപ്പോഴാണു പിടിയിലായത്‌. 
` അല്ല, മഹാരാജന്‍, എനിക്കൊന്നു പറയാനുണ്ട്‌, സുകേശന്‍ തന്റെ വാദങ്ങള്‍ നിരത്താന്‍ ദുര്‍ബലമായി ശ്രമിച്ചു. സാധാരണ ഗതിയില്‍ കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്കു സംസാരിക്കാനുള്ള അവസരം രാജാവിന്റെ ദര്‍ബാര്‍ നല്‍കാറില്ല. സാക്ഷി മൊഴികളുടെ അടിസ്‌ഥാനത്തില്‍ കുറ്റം ഉറപ്പിക്കുകയാണു പതിവ്‌. 
` ചാരന്മാര്‍ ഇവന്റെ ആലയില്‍ ചെന്നതിനും കരാര്‍ ഉറപ്പിച്ചതിനും സംസാരം ഒളിഞ്ഞുകേട്ടവരുടെ തെളിവുകളുണ്ട്‌, മഹാരാജന്‍. സാക്ഷികളെ ഹാജരാക്കിയിട്ടുണ്ട്‌. 
തന്റെ കൂടെ പിടിച്ചുകെട്ടിക്കൊണ്ടുവന്നവര്‍ തനിക്കെതിരെയുള്ള സാക്ഷികളായിരുന്നു എന്ന്‌ അപ്പോള്‍ മാത്രമാണു സുകേശനു മനസിലായത്‌. ഒരു കത്തിയുണ്ടാക്കേണ്ട ആവശ്യത്തിനു താന്‍ കഴിഞ്ഞ ദിവസം ആലയില്‍ ചെന്നിരുന്നുവെന്നും അപ്പോള്‍ ചാരന്മാര്‍ നൂറു കത്തികളുണ്ടാക്കുന്നതിനു ചട്ടം കെട്ടുന്നതു നേരില്‍ കാണാന്‍ പറ്റിയെന്നും അതിലൊരാള്‍ മൊഴി നല്‍കുന്നതും സുകേശന്‍ കേട്ടു. സാക്ഷികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ താന്‍ വഴിയാണു ചാരന്മാര്‍ സുകേശന്റെ ആലയിലെത്തിയതെന്നു പറഞ്ഞതും അയാള്‍ കേട്ടു. 
` മഹാരാജന്‍, എന്നാല്‍ ഇവന്‍ എല്ലാവരെയും കബളിപ്പിക്കുകയായിരുന്നു. ചാരന്മാര്‍ക്കു മുമ്പേ ഇവന്‍ അതിര്‍ത്തി കടന്നുവന്ന്‌ ഇവിടെ താമസിക്കുകയായിരുന്നു. പ്രജകളിലൊരാളായ സ്വയംപ്രഭ എന്നൊരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു വീട്ടില്‍ താമസിക്കുകയായിരുന്നു. മാത്രമല്ല, വര്‍ഷങ്ങളായി ഇവിടെ തൊഴില്‍ക്കരം അടച്ചുകൊണ്ടിരിക്കുന്നതിനാവശ്യമായ രേഖകളും ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌. ഇവിടെ വര്‍ഷങ്ങളായി താമസിച്ചുവരികയാണെന്നു സ്‌ഥാപിക്കാന്‍. 
സേനാനായകന്‍ എല്ലാ പഴുതുകളും അടച്ചുകൊണ്ടുവരികയാണെന്നു സുകേശനു മനസിലായി. ഇനി എതിര്‍വാദങ്ങള്‍ നിരത്തിയിട്ടൊന്നും ഒരു ഫലവുമില്ലെന്നായിരിക്കുന്നു. ഇനി കുറ്റം ഏറ്റാലും നിഷേധിച്ചാലും വധശിക്ഷയല്ലാതെ മറ്റൊന്നും തന്റെ മുന്നില്‍ അവശേഷിച്ചിട്ടില്ലെന്ന്‌ അയാള്‍ക്കു മനസിലായി. എന്നാലും അവസാന ശ്രമമെന്ന നിലയില്‍ പറഞ്ഞു. 
` മഹാരാജന്‍, ഞാന്‍ അങ്ങയുടെ പ്രജ തന്നെയാണ്‌. അപ്പനപ്പൂപ്പന്മാരായി ഞങ്ങളിവിടെ താമസിച്ചുവരികയായിരുന്നു. വീട്ടാവശ്യത്തിനുള്ള കത്തികളുണ്ടാക്കിയും ചെറിയ ആയുധങ്ങളുണ്ടാക്കിയും കഴിഞ്ഞുവരികയായിരുന്നു. ഒരു കാലത്തു സൈന്യത്തിനുള്ള ആയുധങ്ങളും ഞങ്ങളാണുണ്ടാക്കിയിരുന്നത്‌. 
` കല്ലുവെച്ച നുണയാണതു മഹാരാജന്‍, സേനാനായകന്‍ പറഞ്ഞു. 
` അല്ല മഹാരാജന്‍, ലോഹപ്പണി നടത്താന്‍ അങ്ങയുടെ പൂര്‍വികര്‍ കൊണ്ടുവന്നു പാര്‍പ്പിച്ച കൊല്ലന്മാരാ ഞങ്ങളുടെ ആള്‍ക്കാര്‌. 
` കേട്ടോ, മഹാരാജന്‍. അതയാളുടെ നാവില്‍ നിന്നുതന്നെ പുറത്തുവന്നു. അയല്‍ രാജാവിന്റെ ആള്‍ക്കാരാണെന്നതിന്‌ ഇതില്‍ കൂടുതല്‍ തെളിവു വേണോ?. ചാരന്മാര്‍ നുഴഞ്ഞുകയറിയാല്‍ വേഷം മാറണമെന്ന ഉത്തരവ്‌ അനുസരിക്കേണ്ടതില്ലെന്ന്‌ ഇവന്‍ പ്രചരിപ്പിച്ചിരുന്നതും എന്തുകൊണ്ടായിരുന്നു എന്നതിനും തെളിവായി. ഇവനു വധശിക്ഷ നല്‍കി മാതൃക കാട്ടണമെന്നു രാജാവിനോട്‌ അപേക്ഷിക്കുന്നു. 
സേനാനായകന്‍ പറഞ്ഞതിനോടു പൂര്‍ണമായി യോജിക്കുകയായിരുന്നു രാജാവും. വധശിക്ഷ ഉറപ്പായെന്നു വിശ്വസിക്കാനാണു സുകേശന്‍ ശ്രമിച്ചത്‌. സേനാനായകന്റെ കൈയിലിരുന്നു ഇനിയും പൂര്‍ത്തിയാകാത്ത കത്തി അയാളെ നോക്കി. എന്നാല്‍, മുതുകിന്മേല്‍ രാജ്യത്തിന്റെ പേരു പൊള്ളിച്ചുകുത്തി അതിര്‍ത്തി കടത്തിവിടാനായിരുന്നു രാജാവ്‌ വിധിച്ചത്‌. ഇവിടത്തെ ചാരനാണെന്നു കരുതി ഇവന്റെ അന്ത്യം അയല്‍രാജാവിന്റെ കൈ കൊണ്ടുതന്നെയാകട്ടെ എന്നായിരുന്നു രാജാവിന്റെ തീര്‍പ്പ്‌. ഒരിക്കലും ആയുധങ്ങളുണ്ടാക്കാതിരിക്കാനായി കൈപ്പത്തികള്‍ വെട്ടിമാറ്റണമെന്നും നിശ്‌ചയിക്കപ്പെട്ടു. ഒരിക്കലും അസത്യം പുറത്തുപറയാതിരിക്കാന്‍ നാവു പിഴുതുകളയണമെന്നും. വേഷം മാറാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ എപ്പോഴും നഗ്നനായിരിക്കട്ടെ എന്നും. 
സേനാനായകന്റെ കൈയിലിരുന്നു ഇനിയും പൂര്‍ത്തിയാകാത്ത കത്തി അയാളെ നോക്കി ചെറുതായൊന്നു ചിരിക്കുന്നതു പോലെ സുകേശനു തോന്നി. അയാളുടെ മനസിലൊരു ഉല ഉണര്‍ന്നു കത്തി. അതില്‍ കിടന്നു ഞെട്ടിവിറച്ചു കത്തി പൊന്നു പോലെ പഴുത്തു. കൈയിലെ കൂടം പതിക്കുമ്പോള്‍ സാമാന്യത്തിലധികം ശക്‌തിയുണ്ടായിരുന്നു. പകുതി പണിതീര്‍ന്ന കത്തിയില്‍ നിന്ന്‌ അതിന്റെ പൂര്‍ണരൂപത്തിലേക്കു ഇനിയും ദുരമേറെയുണ്ടെന്നു സുകേശന്‌ എന്തുകൊണ്ടോ തോന്നി. 

******* 

2 comments:

  1. വിദൂഷകനും രാജാവും ഒന്നാവുന്ന നമ്മുടെ കാലത്തെ രാജസാനങ്ങളില്‍ അദ്ധ്വാനത്തിന്റെ മഹത്വമറിഞ്ഞ് തൊഴിലെടുക്കുന്നവന്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുന്നു......

    മെയ് ദിന ആശംസകള്‍ ജയദേവ് സാര്‍........

    ReplyDelete
  2. കഷ്ടപ്പെട്ട് കഥ വായിച്ചു.(ഫോണ്ട് അത്രയധികം ചെറുതായിപ്പോയി)
    കഥ ഇഷ്ടപ്പെട്ടു.

    ReplyDelete